കോഴിക്കോട്: വടക്കന്‍ കേരളത്തിലെ ക്രൈസ്തവ സഭയ്ക്ക് അത്താണിയും പ്രകാശഗോപുരവുമായി നിലകൊള്ളുന്ന മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാനായ ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ചുബിഷപ്പായും ഉയര്‍ത്തുന്ന ചടങ്ങുകള്‍ മെയ് 25ന് നടക്കും.
വൈകുന്നേരം മൂന്നിന് കോഴിക്കോട് സെന്റ് ജോസഫ് ദൈവാലയത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഇന്ത്യയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ വചന പ്രഘോഷണം നടത്തും.
സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ.നെറ്റോ, തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല, മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍മന്ത്രി എം.കെ മുനീര്‍, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവര്‍ ആശംസകള്‍ നേരും.
സ്ഥാപിതമായിട്ട് 102 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കോഴിക്കോട് അതിരൂപതയായി ഉയര്‍ത്തപ്പെടുന്നത്. ഏപ്രില്‍ 12 ന് കോഴിക്കോട് ബിഷപ്‌സ് ഹൗസില്‍വച്ചാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ചുബിഷപ്പായും നിയമിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ് വായിച്ചത്. കോട്ടപ്പുറം രൂപതയിലെ മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ഇടവകാംഗമാണ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.
മലബാറിന്റെ മണ്ണില്‍ കോഴിക്കോട് രൂപതയുടെ ചരിത്ര പ്രാധാന്യവും വിശ്വാസ പാരമ്പര്യവും അജപാലന ശുശ്രൂഷകളും വിലയിരുത്തി മെത്രാന്‍മാരുടെയും സഭാ വിദഗ്ധരുടെയും പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പ കോഴിക്കോടിനെ അതിരൂപതയായി ഉയര്‍ത്തിയത്. വരാപ്പുഴ, തിരുവനന്തപുരം എന്നിവയ്ക്കു ശേഷം കേരളത്തില്‍ ലത്തീന്‍ സഭയുടെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് പുതിയ അതിരൂപത നിലവില്‍ വന്നത്.
Leave a Comment
Your email address will not be published. Required fields are marked with *