ക്വലാലംപൂര്‍/മലേഷ്യ: തീവ്ര സംഘര്‍ഷം തുടരുന്ന മ്യാന്‍മറിലെ എല്ലാ കക്ഷികളോടും താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പിലാക്കാനും, എല്ലാവരെയും ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ തുടങ്ങാനും, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ ആസിയാന്‍ ഉച്ചകോടിയില്‍ അഭ്യര്‍ത്ഥിച്ചു.
ക്വാലാലംപൂരില്‍ നടന്ന 46-ാമത് ആസിയാന്‍ ഉച്ചകോടിയില്‍ പ്രാദേശിക സാമ്പത്തിക സഹകരണം, മ്യാന്‍മറില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍, ആസിയാന്‍ രാജ്യങ്ങള്‍ക്കുമേലുള്ള യുഎസ് തീരുവകളുടെ ആഘാതം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. മ്യാന്‍മറിലെ പ്രതിസന്ധിക്ക് ശാശ്വതവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിനായി, ബന്ധപ്പെട്ട കക്ഷികളുമായി സമവായം രൂപീകരിക്കുവാനും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍ നടത്തുന്നതിനും എല്ലാ കക്ഷികളെയും ആസിയാന്‍ ക്ഷണിച്ചു. അതേസമയം, നാടകീയമായ കഷ്ടപ്പാടുകള്‍ക്കിടയിലും, മ്യാന്‍മറിലെ വിശ്വാസികള്‍ വിശ്വാസവും പ്രത്യാശയും പുലര്‍ത്തുന്നതായി ഫിദെസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ ദേശീയ ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചിറ്റ് തീന്‍, രാജ്യത്തെ നിലവിലുള്ള പ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ചു: ‘രാജ്യം വിഭജിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ മധ്യഭാഗത്തുള്ള നഗരങ്ങളില്‍, എപ്പോഴും കര്‍ഫ്യു ഉണ്ട്. ജനജീവിതം കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി തുടരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതി അതീവ ദയനീയമാണ്. ജനങ്ങള്‍ വലിയ കഷ്ടപ്പാടിലാണ്, അടിക്കടിയുള്ള സംഘര്‍ഷങ്ങള്‍, പലായനങ്ങള്‍… ജനജീവിതം ഇവിടെ ദുസ്സഹമാണ്.’
ഈ സംഘര്‍ഷങ്ങള്‍ക്ക് പുറമേ, മാര്‍ച്ച് 28 ന് ഉണ്ടായ ഭൂകമ്പത്തില്‍ നിന്ന് രാജ്യം ഇപ്പോഴും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭൂകമ്പത്തില്‍ 3,000 ത്തിലധികം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും വന്‍ നാശഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു.മ്യാന്‍മറിലെ ജനത വലിയ പരീക്ഷണകാലത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ക്രിസ്തുവില്‍ ഉള്ള ആഴത്തിലുള്ള വിശ്വാസം, ഈ കഷ്ടപ്പാടുകളുടെ നടുവിലും ശക്തി പകരുന്നു. അതാണ് ഈ ജനത്തിന്റെ ഏക പ്രത്യാശ. ദൈവം കൈവിടില്ലെന്ന ഉറച്ച വിശ്വാസമാണ് അവരെ മുന്നോട്ട് നയിക്കുന്നതെന്ന് ഫാ. സ്റ്റീഫന്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *