വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ പ്രസിഡന്റായി വൈദ്യശാസ്ത്രത്തിലും ബയോ എത്തിക്ക്‌സിലും വിദഗ്ധനായ മോണ്‍. റെന്‍സോ പെഗോറാരോയെ ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 2011 മുതല്‍ അക്കാദമിയുടെ ചാന്‍സലറായി സേവനം ചെയ്യകയായിരുന്ന മോണ്‍. റെന്‍സോ പെഗോറാരോ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയയുടെ പിന്‍ഗാമിയായി സ്ഥാനം ഏറ്റെടുത്തു.
ഇറ്റലിയിലെ പാദുവയാണ് അദ്ദേഹത്തിന്റെ ജന്മദേശം. 1989 ജൂണ്‍ 11 ന് പുരോഹിതനായി അഭിഷിക്തനായി. വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ബിരുദധാരിയായ മോണ്‍. റെന്‍സോ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റ് നേടി. സേക്രഡ് ഹാര്‍ട്ട് കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബയോ എത്തിക്സില്‍ ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കി.
അക്കാദമി ഫോര്‍ ലൈഫിന്റെ പുതിയ പ്രസിഡന്റ് പാദുവയിലെ ലാന്‍സ ഫൗണ്ടേഷന്റെ സെക്രട്ടറി ജനറലായും ട്രിവെനെറ്റോയിലെ തിയോളജിക്കല്‍ ഫാക്കല്‍റ്റിയില്‍ ബയോ എത്തിക്സ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000 മുതല്‍ റോമിലെ ‘ബാംബിനോ ജെസു’ പീഡിയാട്രിക് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് എത്തിക്സ് പ്രഫസറായി സേവനം ചെയ്തുവരുന്നു.
2010 മുതല്‍ 2013 വരെ യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് സെന്റര്‍സ് ഓഫ് മെഡിക്കല്‍ എത്തിക്സിന്റെ പ്രസിഡന്റായിരുന്നു. പ്രസിഡന്റ് സ്ഥാനത്തു നിന്നും വിരമിച്ച ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയയ്ക്ക് മാര്‍പാപ്പ ഹൃദയപൂര്‍വം നന്ദിയര്‍പ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *