ബ്രസല്‍സ്/ബല്‍ജിയം: ബ്രൂഗസില്‍ നടക്കുന്ന തിരുരക്ത പ്രദക്ഷിണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കുരിശുയുദ്ധങ്ങളെത്തുടര്‍ന്നാണ് 1304 മെയ് 3 മുതല്‍ എല്ലാ വര്‍ഷവും സ്വര്‍ഗാരോഹണ ദിനത്തില്‍ ഈ പ്രദക്ഷിണം നടത്തിവരുന്നു.
‘എഡെലെ കോണ്‍ഫ്രെറി വാന്‍ ഹെറ്റ് ഹീലിഗ് ബ്ലോഡ്’ (തിരുരക്തത്തിന്റെ നോബിള്‍ ബ്രദര്‍ഹുഡ്) സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഘോഷയാത്രയില്‍ ഏകദേശം 1,800 പേര്‍ ചേര്‍ന്ന് 53 ബൈബിള്‍, ചരിത്ര രംഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചത് ഘോഷയാത്രയെ വേറിട്ടതാക്കി. 2000-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ട മധ്യകാല നഗരമധ്യത്തിലൂടെയാണ് ഘോഷയാത്ര നടത്തിയത്.
ടെഹ്റാന്‍-ഇസ്ഫഹാന്‍ ആര്‍ച്ചുബിഷപ്പും ബല്‍ജിയന്‍ സന്യാസ സഭാംഗവുമായ കര്‍ദിനാള്‍ ഡൊമിനിക് മാത്യു, ബ്രൂഗസ് ബിഷപ് ലോഡ് ഏര്‍ട്ട്‌സ് തുടങ്ങിയവര്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. 2009-ല്‍, യുനെസ്‌കോ ‘ഹോളി ബ്ലഡ്’ പ്രദക്ഷിണത്തിന് പ്രത്യേക പൈതൃക പദവി നല്‍കി ആദരിച്ചിരുന്നു. 1310-ല്‍ ‘ലൈസെറ്റ് ഈസ്’ എന്ന പേപ്പല്‍ ഉത്തരവിലൂടെ ബ്രൂഗസിലെ ഹോളി ബ്ലഡ് തിരുശേഷിപ്പിന്റെ ആരാധനയ്ക്ക് ക്ലെമന്റ് അഞ്ചാമന്‍ പാപ്പ ഔദ്യോഗികമായി അനുമതി നല്‍കിയതിന് 700 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ലോക പൈതൃക അംഗീകാരം ലഭിച്ചത്. പാരമ്പര്യമനുസരിച്ച്, ഫ്‌ലാന്‍ഡേഴ്സിന്റെ ഭരണാധികാരിയായ അല്‍സാസിലെ തിയറിയാണ് 1150-ല്‍ ഒരു കുരിശുയുദ്ധത്തിനിടെ ജറുസലേമില്‍ നിന്ന് ക്രിസ്തുവിന്റെ രക്തത്തിന്റെ നിരവധി തുള്ളികള്‍ കൊണ്ടുവന്നത്. ബ്രൂഗസിലെ ഹോളി ബ്ലഡ് ചാപ്പലില്‍ ഈ തിരുശേഷിപ്പ് സംരക്ഷിച്ചിരിക്കുന്നു.
തുറമുഖം, കനാലുകള്‍, മധ്യകാല കെട്ടിടങ്ങള്‍, ഉരുളന്‍ കല്ല് തെരുവുകള്‍ എന്നിവയ്ക്ക് പേരുകേട്ട വടക്കുപടിഞ്ഞാറന്‍ ബെല്‍ജിയത്തിലെ വെസ്റ്റ് ഫ്‌ലാന്‍ഡേഴ്സിന്റെ തലസ്ഥാന നഗരമായ ബ്രൂഗസ്, 2008-ല്‍ ഐറിഷ് നടന്‍ കോളിന്‍ ഫാരെല്‍ അഭിനയിച്ച ‘ഇന്‍ ബ്രൂഗസ്’ എന്ന ചിത്രത്തിലൂടെ പ്രസിദ്ധി നേടിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *