Follow Us On

02

August

2025

Saturday

ജയിലഴികള്‍ തടഞ്ഞില്ല, പാപ്പയെ കാണാന്‍… തടവുകാരെത്തി

ജയിലഴികള്‍ തടഞ്ഞില്ല, പാപ്പയെ കാണാന്‍… തടവുകാരെത്തി

വത്തിക്കാന്‍ : റോമിലെ റെബിബിയ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന രണ്ട് തടവുകാര്‍ക്ക് കഴിഞ്ഞ ബുധനാഴ്ച ലിയോ പതിനാലാമന്‍ പാപ്പയുടെ  പൊതുസദസ്സില്‍ പങ്കെടുക്കാനും, പാപ്പയെ നേരില്‍ കണ്ടു സംസാരിക്കാനും പ്രത്യേക അനുമതി ലഭിച്ചു.

ജയില്‍ ഡയറക്ടര്‍ തെരേസ മാസ്‌കോളോയ്‌ക്കൊപ്പമാണ് തടവു പുള്ളികള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തിയത്. പുതിയ മാര്‍പാപ്പയെ നേരിട്ട് കാണാനുള്ള അവസരം തടവുകാര്‍ക്ക് വളരെ ഹൃദ്യമായ അനുഭവമായിരുന്നു. അവര്‍ക്ക് പറയാനുള്ളത് അദ്ദേഹം ശ്രദ്ധയോടെ കേട്ടുവെന്നും ജയിലിന്റെ ചാപ്ലെയിന്‍ ഫാദര്‍ മാര്‍ക്കോ ഫിബ്ബി, സിഎന്‍എ ന്യൂസിനോട് പറഞ്ഞു.

പൊതുസന്ദര്‍ശനത്തിലെ പ്രസംഗത്തില്‍ പാപ്പ പറഞ്ഞ വാക്കുകള്‍ തടവു പുള്ളികളുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചതായി ഫാ. ഫിബ്ബി ഓര്‍മിച്ചു.  ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ നമ്മളെയെല്ലാം കര്‍ത്താവ് വിളിക്കുമെന്ന് ലിയോ പാപ്പ പറഞ്ഞു. ‘ഒരുപക്ഷേ അത് നാം ഏറ്റവും അയോഗ്യരാണെന്ന് ചിന്തിക്കുന്ന സമായമായിരിക്കും, ഏറ്റവും മോശമെന്ന് നമുക്ക് തോന്നുന്ന നിമിഷങ്ങളില്‍ പോലും, കര്‍ത്താവ് നമ്മെ കാണാന്‍ വരും!’ അദ്ദേഹം അന്നു പറഞ്ഞത് അവര്‍ക്ക് വേണ്ടി തന്നെയാണ് എന്ന് തോന്നിപ്പോയി.

എല്ലാ ജയിലുകളും വേര്‍പിരിയലിന്റെയും, ശിക്ഷയുടെയും  പ്രായശ്ചിത്തത്തിന്റെയും സ്ഥലങ്ങളാണ്. കഷ്ടപ്പാടുകളുടെയും വേദനയുമാണ് ജയിലില്‍ അവരെ കാത്തിരിക്കുന്നത്. എന്നിരുന്നാലും ജയില്‍ ഒരിക്കലും ജീവിതത്തിന്റെ  അവസാനമല്ലെന്നും, മാനസാന്തരത്തിലൂടെ ഒരു വ്യക്തിക്ക് പുതിയ മനുഷ്യനാകാന്‍ കഴിയുമെന്നും തെളിയിക്കുന്ന അനുഭവങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് ഫാ. ഫിബ്ബി പറഞ്ഞു.

ജയില്‍ പുള്ളികളുടെ ജീവിതത്തില്‍ പ്രത്യാശ വളര്‍ത്തിയെടുക്കാനും, തടവില്‍ കഴിയുന്ന സമയം നല്ല രീതിയില്‍ ഉപയോഗിക്കാനും പ്രചോദനം നല്കുകയാണ് ജയിലുകളില്‍ ശുശ്രൂഷ ചെയ്യുന്ന ഫിബ്ബിയെ പോലുള്ള പുരോഹിതരുടെ ചുമതല.

പാപ്പയെ അടുത്തു കാണാന്‍ കഴിയുമെന്ന് മനസ്സിലാക്കിയ ഉടന്‍, തടവുകാര്‍ അദ്ദേഹത്തിന് ഒരു സമ്മാനം ഒരുക്കുന്ന തിരക്കിലായിരുന്നുവെന്ന് ജയില്‍ വാര്‍ഡന്‍ പറയുന്നു. ജയിലിലെ  കരകൗശല ക്ലാസ്സില്‍ നിന്നും പഠിച്ചെടുത്ത വിദ്യ ഉപയോഗിച്ച് ഒരു ചെറിയ വെള്ളി കുരിശ് കൈകൊണ്ട് നിര്‍മ്മിച്ച് അവര്‍ പാപ്പയ്ക്ക് സമ്മാനിച്ചു. തടവുകാര്‍ക്ക് അവരുടെ സര്‍ഗ്ഗാത്മകത വികസിപ്പിക്കാനുള്ള അവസരങ്ങളും സംവിധാനങ്ങളും ജയിലുകളില്‍ നല്കിവരുന്നു എന്നത് ശ്രദ്ധേയമാണ്. ജയില്‍പുള്ളികള്‍ ജപമാലകള്‍ നിര്‍മിച്ച് വത്തിക്കാനിലേക്ക് എത്തിക്കുന്നുണ്ട്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഹൃദയത്തില്‍ തടവുകാര്‍ക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. ലിയോ പാപ്പയുമായുള്ള കൂടിക്കാഴ്ച അവര്‍ക്ക് മറക്കാത്ത അനുഭവമാണ് സമ്മാനിച്ചത്. ജീവിതത്തില്‍ എല്ലാം അവസാനിച്ചിട്ടില്ലെന്നും ദൈവം തങ്ങളെ സ്‌നേഹിക്കുന്നുവെന്നതും അവരില്‍ ആഴത്തില്‍ പതിയാന്‍ ഈ സംഭവം കാരണമായിട്ടുണ്ടെന്നതില്‍ സംശയമില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?