Follow Us On

04

July

2025

Friday

ദൈവം കേള്‍ക്കാത്ത ഒരു നിലവിളിയുമില്ല: ലിയോ 14 ാമന്‍ പാപ്പ

ദൈവം കേള്‍ക്കാത്ത ഒരു നിലവിളിയുമില്ല: ലിയോ 14 ാമന്‍ പാപ്പ

ദൈവം നമ്മുടെ നിലവിളികള്‍ക്കു നേരേ കണ്ണടയ്ക്കുകയില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ബുധനാഴ്ചത്തെ പൊതുസദസ്സിനോടനുബന്ധിച്ച്  അന്ധനായ ബര്‍ത്തേമിയൂസിനെ യേശു സുഖപ്പെടുത്തുന്ന സുവിശേഷഭാഗം വിശദീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. അന്ധനാണെങ്കിലും, ‘യേശു ആരാണെന്ന് തിരിച്ചറിഞ്ഞ്’ നിലവിളിച്ച ബര്‍ത്തേമിയൂസ് മറ്റുള്ളവരെക്കാള്‍ നന്നായി ‘കാണു’ന്നുണ്ടെന്ന്  പാപ്പ പറഞ്ഞു. ബര്‍ത്തേമിയൂസ് എന്ന  പേരിന്റെ അര്‍ത്ഥം ‘ബഹുമാനത്തിന്റെയും  ആരാധനയുടെയും പുത്രന്‍’ എന്നാണ്. പക്ഷേ അവന്‍ ഇരിക്കുന്നതോ യാചകരുടെ ഇടയിലും. ഇത് തന്നെയാണ് നമ്മുടേയും അവസ്ഥ.

നമുക്ക് ദൈവം നല്കിയ ബഹുമാന്യ സ്ഥാനം തിരിച്ചറിയാതെ നാം പലപ്പോഴും യാചകരായി തുടരുന്നു. കാഴ്ചയില്ലാത്തതിനാല്‍ യേശു അവനെ കണ്ടോ എന്ന് അവന് ഉറപ്പില്ലായിരുന്നു. അതുകൊണ്ട് ജനക്കൂട്ടത്തെ ശ്രദ്ധിക്കാതെ അവന്‍ കൂടുതല്‍ ഉച്ചത്തില്‍ കരയുന്നു. അതുപോലെ അവന്‍ നമ്മെ കാണുമോ എന്ന് നമുക്കറിയുന്നില്ലെങ്കില്‍ പോലും, നാം പ്രാര്‍ത്ഥിക്കുന്നത് തുടരണം. കാരണം അവിടുന്ന് എല്ലാം അറിയുന്നു. നമ്മുടെ കരച്ചില്‍ കേട്ട് അവിടുന്ന് നമ്മെ ശ്രദ്ധിക്കും.
ദൈവം സുഖപ്പെടുത്താന്‍ അനുവദിക്കുന്നതിന് തന്റെ മേലങ്കി ഉപേക്ഷിച്ച് അവന്‍ അവിടുത്തെ അരികിലെത്തേണ്ടതുണ്ട്. ലോകം നല്കുന്ന സുരക്ഷയാണ് ഈ മേലങ്കി. പലപ്പോഴും ദൈവത്തിന്റെ പക്കലേക്കുള്ള വഴിയില്‍ തടസമായി നില്‍ക്കുന്നത് നാം തന്നെ സൃഷ്ടിക്കുന്ന സുരക്ഷാ കവചങ്ങളാണ്. ചുറ്റുമുള്ളവര്‍ പരിഹസിച്ചാലും ഈ അന്ധനെപ്പോലെ, നമ്മുടെ എല്ലാ ദുര്‍ബലതകളും തുറന്നുകാട്ടി നാം ക്രിസ്തുവിന്റെ മുമ്പാകെ ഹാജരാകേനണ്ടതുണ്ട്; ഏതൊരു രോഗശാന്തി യാത്രയിലും ഇത് വളരെ പ്രധാനമാണെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

ഒടുവില്‍, പരിശുദ്ധ പിതാവ് യേശുവിന്റെ ചോദ്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു.  ‘ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?’. എനിക്ക് കാഴ്ച തിരിച്ചുതരണം എന്ന് ബര്‍ത്തേമിയൂസ് പറയുന്നു. അന്ധന്‍ വീണ്ടും കാണാന്‍ മാത്രമല്ല, ‘അവന്റെ  മാന്യത വീണ്ടെടുക്കാനും’ അവിടുന്ന്  ആഗ്രഹിക്കുന്നുണ്ട്. ഓര്‍ക്കുക, നമുക്ക് പൂര്‍ണമായി സ്വതന്ത്രരാകാന്‍ കഴിയുന്ന തരത്തിലാണ് യേശു നമ്മെ സുഖപ്പെടുത്തുന്നത്. രോഗശാന്തിക്ക് ശേഷം തന്നെ അനുഗമിക്കാന്‍ കര്‍ത്താവ് അവനെ വിളിക്കുന്നില്ലെങ്കിലും, യേശുവിനെ പിന്‍ചെല്ലാന്‍ അവന്‍ സ്വയം  തീരുമാനമെടുക്കുന്നു. ആത്മവിശ്വാസത്തോടെയുള്ള ഒരുവന്റെ കരച്ചിലിന് സ്വര്‍ഗം നല്കുന്ന ഉത്തരം ഇങ്ങനെയാണ്.

ഇതുപോലെ നമ്മുടേയും പ്രിയപ്പെട്ടവരുടെയും വേദനകളും, ദുര്‍ബലതകളും നാം യേശുവിനോട് പങ്കുവെക്കാന്‍ മടിക്കരുതെന്ന് പാപ്പ പറഞ്ഞു. ‘ദൈവം നമ്മെ കാണുമോ? അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുമോ?’  എന്ന സംശയം നമ്മില്‍ പലര്‍ക്കുമുണ്ട്. ബര്‍ത്തേമിയൂസിനും അതുപോലെയായിരുന്നു, പക്ഷേ, ദൈവം അവന്റെ നിലവിളി ശ്രവിച്ചു. ദൈവം കേള്‍ക്കാത്ത ഒരു കരച്ചിലുമില്ലെന്ന് ഓരോരുത്തരും മനസിലാക്കണമെന്ന് പാപ്പ പറഞ്ഞു.
അതുകൊണ്ട് അപകര്‍ഷതയും മടിയും മാറ്റിവച്ച് നാമും യേശു കടന്നുപോകുമ്പോള്‍ ഉറക്കെ നിലവിളിക്കണം. അവിടുന്ന് തീര്‍ച്ചയായും നമ്മുടെ നിലവിളി കേള്‍ക്കുമെന്ന് പാപ്പ  ജനത്തെ ഓര്‍മപ്പെടുത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?