Follow Us On

19

July

2025

Saturday

സീനായ് പര്‍വതത്തിലെ സെന്റ് കാതറിന്‍ ആശ്രമം ഈജിപ്ത് ഗവണ്‍മെന്റ് കണ്ടുകെട്ടി

സീനായ് പര്‍വതത്തിലെ സെന്റ് കാതറിന്‍ ആശ്രമം ഈജിപ്ത് ഗവണ്‍മെന്റ് കണ്ടുകെട്ടി

കെയ്‌റോ/ ഈജിപ്ത്: പതിനഞ്ച് നൂറ്റാണ്ടുകളുടെ പ്രക്ഷുബ്ധമായ നിലനില്‍പ്പിന് ശേഷം, സീനായ് പര്‍വതത്തിന്റെ ദുര്‍ഘടമായ ഭൂപ്രദേശത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് കാതറിന്‍സ് ആശ്രമം, ഈജിപ്റ്റ് കണ്ടുകെട്ടി. ഇതോടെ ഈ പ്രധാനപ്പെട്ട ക്രൈസ്തവ കേന്ദ്രത്തിന് അതിന്റെ ഭരണപരമായ സ്വയംഭരണാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.

ഈജിപ്തിലെ ഇസ്മായിലിയ കോടതി പുറപ്പെടുവിച്ച വിധിപ്രകാരമാണ് സെന്റ് കാതറിന്‍സ് ആശ്രമത്തിന്റെ സ്വത്തുക്കള്‍ ഇപ്പോള്‍ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് കണ്ടുകെട്ടിയത്. ഇതോടെ ഈ സന്യാസ ആശ്രമത്തിന്റെയും  അതില്‍ വസിക്കുന്ന സന്യാസ സമൂഹത്തിന്റെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ആറാം നൂറ്റാണ്ടില്‍ സ്ഥാപിതമായ സെന്റ് കാതറിന്‍സ് ആശ്രമം, നിരവധി പീഡനങ്ങളും യുദ്ധങ്ങളും അതിജീവിച്ച് നൂറ്റാണ്ടുകളായി മുന്നോട്ട്‌പോവുകയായിരുന്നു.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ആശ്രമത്തില്‍ വിലമതിക്കാനാവാത്ത നിധികള്‍ ഉണ്ട്: പുരാതന ഐക്കണുകള്‍, അപൂര്‍വ കയ്യെഴുത്തുപ്രതികള്‍, പുണ്യാവശിഷ്ടങ്ങള്‍, അസാധാരണമായ ഒരു ലൈബ്രറി തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. അടുത്ത കാലം വരെ, ഗ്രീക്ക് പാത്രിയാര്‍ക്കേറ്റിലെ അംഗങ്ങളായ ഇരുപത് സന്യാസിമാരുടെ ഒരു സമൂഹമാണ് ഇത് കൈകാര്യം ചെയ്തിരുന്നത്.
പ്രക്ഷോഭങ്ങള്‍ നിറഞ്ഞ ഒരു പ്രദേശത്ത് സ്വാതന്ത്ര്യത്തിന്റെ അപൂര്‍വമായ ഒരു പ്രഭാവലയം തീര്‍ത്തുകൊണ്ട് നിലനിന്നിരുന്ന ആശ്രമത്തിനാണ് ഇസ്മായിലിയ കോടതിയുടെ വിധിയോടെ സ്വയംഭരണാധികാരം പെട്ടെന്ന് നഷ്ടമായത്. ആശ്രമത്തിന്റെ സ്വത്തുക്കള്‍ ഇപ്പോള്‍ ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. ഈ സ്ഥലത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംരക്ഷകരായ സന്യാസിമാര്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് തുടരുന്നത്. ചില കെട്ടിടങ്ങളിലേക്കുള്ള അവരുടെ പ്രവേശനം പരിമിതമാണ്.

ഈ കണ്ടുകെട്ടല്‍ ഒറ്റപ്പെട്ട ഒരു സംഭവമല്ല, മറിച്ച്, ഒരു നീണ്ട നിയമയുദ്ധത്തിന്റെ പരിസമാപ്തിയാണെന്ന് ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ സന്യാസിമാര്‍ വ്യക്തമാക്കി. നിരവധി വര്‍ഷങ്ങളായി, ഈജിപ്ഷ്യന്‍ ഭരണകൂടം ഇടയ്ക്കിടെ ആശ്രമത്തെ അതിന്റെ അധികാരത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. മുസ്ലീം ബ്രദര്‍ഹുഡ് സര്‍ക്കാരിന്റെ കീഴില്‍  ഈ ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായി.  ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേരോട്ടമുള്ള ഇടമാണിന്ന് സിനായ്. കൂടാതെ, ഈജിപ്തും ഗ്രീസും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ വര്‍ധിക്കാനും നടപടി കാരണമായിട്ടുണ്ട്. സീനായ് പര്‍വതത്തിന്റെ ഓര്‍ത്തഡോക്‌സ് പൈതൃകത്തോട് ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ഗ്രീസ്,   ഈ നടപടിയെ അതിന്റെ ഹെല്ലനിക്, ഓര്‍ത്തഡോക്‌സ് പൈതൃകത്തിന് നേരെയുള്ള ആക്രമണമായിട്ടാണ് കാണുന്നത്. യാഥാസ്ഥിതികതയുടെയും ഹെല്ലനിസത്തിന്റെയും ആത്മീയ വിളക്കുമാടമായ സെന്റ് കാതറിന്‍സ് മൊണാസ്ട്രി  അസ്തിത്വ ഭീഷണി നേരിടുന്നതായി ഏഥന്‍സിലെ  ആര്‍ച്ചുബിഷപ് ഐറോണിമോസ് പ്രതികരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?