Follow Us On

04

July

2025

Friday

ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കുന്നതില്‍ വിശ്വാസത്തിന്റെ പങ്ക് നിര്‍ണായകം: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ

ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കുന്നതില്‍ വിശ്വാസത്തിന്റെ പങ്ക് നിര്‍ണായകം: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ

കൊഹിമ: ആസക്തികളെയും ജീവിതത്തിലെ വെല്ലുവിളികളെയും മറികടക്കുന്നതില്‍ വിശ്വാസം വലിയ പങ്ക് വഹിക്കുന്നതായി മേഘാലയാ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ. കൊഹിമയില്‍ നടന്ന ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് (ഐസിവൈഎം) നോര്‍ത്ത് ഈസ്റ്റ് റീജിയണിന്റെ അഞ്ചാമത് റീജിയണല്‍ യൂത്ത് കണ്‍വെന്‍ഷന്‍, ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മേഘാലയ മുഖ്യമന്ത്രിയും ഇന്ത്യയിലെ ഏക കത്തോലിക്കാ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് കെ. സാങ്മ. മേരി ഹെല്‍പ്പ് ഓഫ് ക്രിസ്ത്യന്‍സ് കത്തീഡ്രലിന്റെ പുറത്താണ് ഉദ്ഘാടന ചടങ്ങുകള്‍ ക്രമീകരിച്ചിരുന്നത്.
പരാജയത്തെ ഭയപ്പെടരുതെന്ന് അദ്ദേഹം യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. തന്റെ ആദ്യ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ വ്യക്തിപരമായ അനുഭവവും അത് പഠിപ്പിച്ച പാഠങ്ങളും അദ്ദേഹം പങ്കുവെച്ചു. ‘നിങ്ങള്‍ വീണുപോയേക്കാം, പക്ഷേ വീണ്ടും എഴുന്നേല്‍ക്കുക,’ സാങ്മ പറഞ്ഞു. ‘പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍’ എന്നതായിരുന്നു നാല് ദിവസത്തെ കണ്‍വന്‍ഷന്റെ പ്രമേയം.
ഐസിവൈഎമ്മിന്റെ നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയണല്‍ യൂത്ത് കമ്മീഷന്‍ സംഘടിപ്പിക്കുകയും നാഗാലാന്‍ഡ് കാത്തലിക് യൂത്ത് മൂവ്‌മെന്റ് ആതിഥേയത്വം വഹിക്കുകയും ചെയ്ത കണ്‍വന്‍ഷനില്‍ ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 15 രൂപതകളില്‍ നിന്നുള്ള 2,000-ത്തിലധികം കത്തോലിക്കാ യുവാക്കള്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനുശേഷം, ഇംഫാല്‍ ആര്‍ച്ചുബിഷപ്പും വടക്കുകിഴക്കന്‍ മേഖലാ യുവജന കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. ലിനസ് നെലിയുടെ കാര്‍മികത്വത്തില്‍ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സമ്മേളനത്തെ ‘യുവത്വത്തിന്റെ കടല്‍’ എന്ന് വിശേഷിപ്പിച്ച ആര്‍ച്ചുബിഷപ് നെലി, കത്തോലിക്കാ സഭയുടെ ഐക്യത്തിനും ശക്തിക്കും ജീവിക്കുന്ന സാക്ഷ്യങ്ങളായി നിലകൊള്ളുന്ന യുവജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയിലെ കത്തോലിക്കാ യുവാക്കള്‍ ഈ പ്രദേശത്തിന്റെ ‘വെളിച്ചവും ആത്മാവു’ മാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.
കൊഹിമ ബിഷപ് ഡോ. ജെയിംസ് തോപ്പില്‍, കണ്‍വെന്‍ഷന്റെ പ്രതിനിധികളെ സ്വാഗതം ചെയ്തു. സഭയെയും സമൂഹത്തെയും സമ്പന്നമാക്കുന്നതില്‍ യുവാക്കളുടെ അനിവാര്യമായ പങ്ക് ചൂണ്ടിക്കാണിച്ച അദ്ദേഹം അവരെ ‘രുചി നല്‍കുന്ന ഉപ്പ്’ എന്നാണ് വിശേഷിപ്പിച്ചത്. ഷില്ലോങ്ങിലെ ആര്‍ച്ചുബിഷപ് ഡോ.. വിക്ടര്‍ ലിങ്‌ഡോയും യുവാക്കളെ അഭിസംബോധന ചെയ്തു. വടക്കുകിഴക്കന്‍ കത്തോലിക്കാ യുവജന പ്രസ്ഥാനം, പ്രദേശത്തിന്റെ സമ്പന്നമായ വൈവിധ്യത്തെ വെളിപ്പെടുത്തുന്ന സാംസ്‌കാരിക പ്രദര്‍ശനമായ ‘ഹോസ്റ്റ് നൈറ്റും’ സംഘടിപ്പിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?