Follow Us On

07

July

2025

Monday

സെപ്റ്റംബറില്‍ വിശുദ്ധനായി പ്രഖ്യാപിക്കുന്ന പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ നൂറാം ചരമവാര്‍ഷികം ആചരിച്ചു; പര്‍വതാരോഹണം നടത്തിയും ‘ഫ്രാസാ ടൂറില്‍’ പങ്കുചേര്‍ന്നും യുവജനങ്ങള്‍

സെപ്റ്റംബറില്‍ വിശുദ്ധനായി പ്രഖ്യാപിക്കുന്ന  പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ നൂറാം ചരമവാര്‍ഷികം ആചരിച്ചു;   പര്‍വതാരോഹണം നടത്തിയും ‘ഫ്രാസാ ടൂറില്‍’  പങ്കുചേര്‍ന്നും യുവജനങ്ങള്‍

ടൂറിന്‍/ഇറ്റലി: സെപ്റ്റംബറില്‍ ലിയോ 14 ാമന്‍ പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ  ചരമശതാബ്ദിയോടനുബന്ധിച്ച് ആചരിച്ച ‘ഫ്രാസാറ്റി   ദിനങ്ങളില്‍’ പ്രാര്‍ത്ഥനയോടൊപ്പം ഫ്രാസാറ്റിയുടെ കാലടികള്‍ പിന്തുടര്‍ന്ന് ആല്‍പ്‌സ് പര്‍വതനിരകളില്‍ പര്‍വതാരോഹണം നടത്തിയും ഫ്രാസാറ്റി ടൂര്‍ നടത്തിയും യുവജനങ്ങള്‍. ‘ഫ്രാസാറ്റി ദിനങ്ങള്‍’ എന്ന് പേരില്‍ ആചരിച്ച ശതാബ്ദിയുടെ മൂന്ന് ദിവസത്തെ ആഘോഷങ്ങളില്‍ അമേരിക്ക, പോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പങ്കെടുത്തു.  ടൂറിന്‍ അതിരൂപതയിലും സമീപത്തുള്ള ബിയേല രൂപതയിലുമായി നടന്ന ദിവ്യബലികളിലും അനുസ്മരണചടങ്ങുകളിലും നിരവധിയാളുകള്‍ പങ്കെടുത്തു. നഗരത്തിനും പര്‍വതങ്ങള്‍ക്കുമിടയില്‍ സ്വന്തം സമയം വിഭജിച്ചിരുന്നഫ്രാസാറ്റി വര്‍ഷത്തിന്റെ ഭൂരിഭാഗവും  ടൂറിനിലാണ് താമസിച്ചിരുന്നത്. വേനല്‍ക്കാലം മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം പര്‍വത പട്ടണമായ പൊള്ളോണില്‍ ചെലവഴിച്ചിരുന്ന ഫ്രാസാറ്റി, അവിടെ ആല്‍പ്‌സില്‍ പര്‍വതാരോഹണം നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ടൂറിനിലോ ഇറ്റലിയിലോ മാത്രമല്ല, ലോകമെമ്പാടുമുള്ള യുവജനങ്ങളുടെ പ്രിയപ്പെട്ട മാതൃകയായി ഫ്രാസാറ്റി മാറിയെന്ന്  ടൂറിനിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍, അര്‍പ്പിച്ച ശതാബ്ദി ദിവ്യബലിയില്‍ കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് റോബര്‍ട്ടോ റെപോള്‍ പറഞ്ഞു. ഫ്രാസാറ്റിയെ ദൈവത്തിന്റെ യഥാര്‍ത്ഥ സാക്ഷി എന്ന് വിശേഷിപ്പിച്ച കര്‍ദിനാള്‍ പര്‍വതങ്ങളെ സ്‌നേഹിക്കുകയും ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു ഫ്രാസാറ്റി എന്ന് പറഞ്ഞു.
ഇറ്റലിയിലെ പൊള്ളോണിലുള്ള ഫ്രാസാറ്റി കുടുംബഭവനത്തിന്റെ പരിസരത്ത് ബിയേല്ലയിലെ ബിഷപ് റോബര്‍ട്ടോ ഫാരിനെല്ല ദിവ്യബലി അര്‍പ്പിച്ചു. ഫ്രാസാറ്റിയുടെ മുത്തച്ഛന്‍ നട്ടുപിടിപ്പിച്ച ഒരു ഉയര്‍ന്ന സെക്വോയ മരത്തിനടിയിലാണ് ദിവ്യബലി അര്‍പ്പിച്ചത് – ചെറുപ്പത്തില്‍ പിയര്‍ ജോര്‍ജിയോ കയറാറുണ്ടായിരുന്ന ഒരു വൃക്ഷമാണിത്..

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുമെത്തിയ സെഡ്രിക് എബിനറും സഹോദരന്‍ വിന്‍സെന്റും  പൊള്ളോണിലെ ദിവ്യബലിയില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. പിയര്‍ ജോര്‍ജിയോ ഒരിക്കല്‍ കാല്‍നടയാത്ര നടത്തിയ പോഗിയോ ഫ്രാസാറ്റി പാത പിന്തുടര്‍ന്ന്, മ്യൂക്രോണ്‍ പര്‍വതത്തില്‍ കയറിയ ശേഷമാണ് എബിനര്‍ സഹോദരന്മാര്‍ ഇവിടേക്ക് വന്നത്.

ടൂറിനില്‍, ഫ്രാസാറ്റിയുടെ ആത്മീയ ജീവിതത്തിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട്, യുവാക്കള്‍ ‘ഫ്രാസ ടൂറില്‍’ പങ്കെടുത്തു. ഡൊമിനിക്കന്‍  മൂന്നാം സഭയിലേക്കുള്ള തന്റെ വിളി കണ്ടെത്തിയ സെന്റ് ഡൊമിനിക് ദൈവാലയം മുതല്‍ അദ്ദേഹം പതിവായി പോയിരുന്ന മരിയന്‍ ദൈവാലയമായ കണ്‍സോളാറ്റയിലെ സാങ്ച്വറി വരെ ആ ടൂറിന്റെ ഭാഗമായി.

1901-ല്‍ ടൂറിനില്‍ ഒരു പ്രമുഖ കുടുംബത്തില്‍ ജനിച്ച ഫ്രാസാറ്റിയുടെ പിതാവ് പ്രമുഖ ദിനപത്രമായ ലാ സ്റ്റാമ്പ പത്രത്തിന്റെ സ്ഥാപകനും നയതന്ത്രജ്ഞനുമായിരുന്നു. രാഷ്ട്രീയത്തിലും ദരിദ്രര്‍ക്കുള്ള സേവനത്തിലും സജീവമായി ഇടപെട്ടുകൊണ്ട്  ഫ്രാസാറ്റി ആഴത്തിലുള്ള വിശ്വാസ ജീവിതം നയിച്ചു. ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്ന ഫ്രാസാറ്റി ആല്‍പൈന്‍ കൊടുമുടികള്‍ കയറുകയും ടൂറിനിലെ ഏറ്റവും ദരിദ്രരായ പ്രദേശങ്ങളിലെ ദരിദ്രര്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യുകയും ചെയ്തു. 1925 ജൂലൈ 4-ന് പോളിയോ ബാധിച്ച് 24-ാം വയസ്സില്‍ അദ്ദേഹം മരിച്ചു. അദ്ദേഹം ശുശ്രൂഷിച്ച ആളുകളില്‍ നിന്നാണ് ഈ രോഗം പിടിപെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനൊപ്പം ഫ്രാസാറ്റിയുടെ വിശുദ്ധ പദവി പ്രഖ്യാപനം സെപ്റ്റംബര്‍ 7 ന് നടക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?