ഒസ്ലോ/നോര്‍വേ: നോര്‍വേയിലെ ഏക വിശുദ്ധയായ സുന്നിവയുടെ തിരുനാള്‍ 2025 ജൂബിലി തീര്‍ത്ഥാടന ദ്വീപായ സെല്‍ജയില്‍ ആഘോഷിച്ചു. തിരുനാള്‍ ആഘോഷിക്കുന്നതിനായി ഒന്നിലധികം രാജ്യങ്ങളില്‍നിന്നുള്ള നൂറുകണക്കിന് തീര്‍ത്ഥാടകര്‍ സെല്‍ജയിലേക്ക് ബോട്ടില്‍ യാത്ര ചെയ്‌തെത്തിയിരുന്നു. ഒന്‍പതാം നൂറ്റാണ്ടിലെ ഐറിഷ് രാജകുമാരിയായ സുന്നിവ രക്തസാക്ഷിത്വം വരിച്ച ഈ ദ്വീപിലാണ് നോര്‍വേജിയന്‍ സഭയുടെ അടിത്തറ പാകിയത്.
2030-ല്‍ സുവിശേഷമെത്തിയതിന്റെ സഹസ്രാബ്ദി ആഘോഷിക്കാനൊരുങ്ങുന്ന നോര്‍വേയില്‍ ക്രൈസ്തവ വിശ്വാസം ആദ്യം എത്തിയത് സെല്‍ജ ദ്വീപിലാണെന്ന് ഓസ്ലോ രൂപതയുടെ കോ അഡ്ജുറ്റര്‍ ബിഷപ് ഫ്രഡറിക്ക് ഹാന്‍സന്‍ പറഞ്ഞു, ‘നമ്മുടെ രാജ്യത്ത് ക്രിസ്തുവിന്റെ കുരിശ് ആദ്യമായി എത്തിയത് ഈ ദ്വീപിലായിരുന്നു. അതിനാല്‍ ചരിത്രവും, കത്തോലിക്കാ വിശ്വാസത്തിന്റെ കടന്നുവരവും, വളര്‍ച്ചയും ആഘോഷിക്കുവാന്‍ ഇവിടെ ആയിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ‘ 1537-ല്‍ പ്രൊട്ടസ്റ്റന്റ് നവീകരണകാലത്ത് ഉപേക്ഷിക്കപ്പെടുന്നതിന് മുമ്പ് ഈ ദ്വീപ് സെല്‍ജ ആബിയുടെ ആസ്ഥാനമായിരുന്നു. ഇപ്പോള്‍ ഈ ദ്വീപ് ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന വിശുദ്ധ സുന്നിവയുടെ തീര്‍ത്ഥാടനകേന്ദ്രമാണ്. 2025 പ്രത്യാശയുടെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട കത്തോലിക്കാ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് സെല്‍ജ.
അയര്‍ലണ്ടിലാണ് സുന്നിവ ജനിച്ചത്. പിതാവിന്റെ മരണശേഷം തന്നെ ഭീഷണിപ്പെടുത്തിയ ഒരു യുവാവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ മറ്റ് കുറച്ച് അഭയാര്‍ത്ഥികളോടൊപ്പം സുന്നിവ ഒരു ബോട്ടില്‍ കയറി. നിയന്ത്രിക്കാന്‍ പായയോ തുഴയോ ഇല്ലാത്ത ആ ബോട്ടില്‍ യാത്ര ചെയ്ത് ദൈവം ഉദ്ദേശിച്ച ഇടമായ സെല്‍ജയില്‍ ഒഴുക്കും കാറ്റും അവരെ എത്തിച്ചു എന്നാണ് പാരമ്പര്യം. ആ ദ്വീപില്‍ വച്ച് ശത്രുക്കളുടെ ദുരുപയോഗത്തില്‍ നിന്ന് രക്ഷിക്കാന്‍ സുന്നിവ പ്രാര്‍ത്ഥിച്ചു. ഈ സമയം സുന്നിവയുംം മറ്റുള്ളവരും അഭയം പ്രാപിച്ച ഗുഹ തകര്‍ന്നുവീണ് ഇവര്‍ മരണമടയുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, സുന്നിവയുടെയും മറ്റുള്ളവരുടെയും ഭൗതികാവശിഷ്ടങ്ങള്‍ അടങ്ങുന്ന ഗുഹയില്‍നിന്ന് ഒരു വെളിച്ചം പുറപ്പെട്ടതായും അത് ദ്വീപ് മുഴുവന്‍ വ്യാപിച്ചതായും പറയപ്പെടുന്നു. കൂടാതെ ഗുഹയില്‍നിന്നും അതിനുള്ളിലെ തിരുശേഷിപ്പുകള്‍ക്കും വിവരണാതീതമായ, സുഗന്ധം പ്രസരിച്ചതായും ഇത് ഇവരുടെ വിശുദ്ധിയുടെ അടയാളമാണെന്നും വിശ്വസിക്കപ്പെടുന്നു. അവരുടെ തിരുശേഷിപ്പുകള്‍ അടങ്ങിയ ഈ സ്ഥലം നോര്‍വേയിലെ ആദ്യത്തെ രൂപതയുടെ ആസ്ഥാനമായി മാറി.
Leave a Comment
Your email address will not be published. Required fields are marked with *