റോം: സ്വന്തം അമ്മയെ പോലും തനിക്കായി സൂക്ഷിക്കാതെ കുരിശില്‍ മറിയത്തെ നമുക്ക് മാതാവായി നല്‍കിയ ദൈവം നമ്മെ അത്രയധികം സ്‌നേഹിക്കുന്നുണ്ടെന്ന് ലിയോ 14 ാമന്‍ പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ മിലിട്ടറി പോലീസ് കേന്ദ്രത്തിലെ ചാപ്പലില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു പാപ്പ.
ക്രിസ്തുവിലായിരിക്കുന്ന മനുഷ്യര്‍ തമ്മില്‍ രക്തബന്ധത്തെക്കാള്‍ ശക്തമായ ബന്ധമുണ്ടെന്ന് പാപ്പ പറഞ്ഞു. നാം ദൈവഹിതം ചെയ്യുമ്പോള്‍, ദൈവം നമ്മെ സ്‌നേഹിച്ചതുപോലെ, പരസ്പരം സ്‌നേഹിച്ചു ജീവിക്കുമ്പോള്‍, നമ്മള്‍ യഥാര്‍ത്ഥത്തില്‍ യേശുവിന്റെ സഹോദരീസഹോദരന്മാരായി മാറുകയാണെന്ന് പാപ്പ വിശദീകരിച്ചു. ‘ദൈവം തന്നിലും നമുക്കുവേണ്ടിയും ജീവിക്കുന്ന ഓരോ ബന്ധവും ഒരു സമ്മാനമായി മാറുന്നു. ദൈവത്തിന്റെ ഏകപുത്രന്‍ നമ്മുടെ സഹോദരനാകുമ്പോള്‍, അവിടുത്തെ പിതാവ് നമ്മുടെ പിതാവായി മാറുന്നു. പിതാവിനെയും പുത്രനെയും ഒന്നിപ്പിക്കുന്ന പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുന്നു,’ പാപ്പ പറഞ്ഞു.
ഇറ്റലിയിലെ ദേശീയ സൈനിക പോലീസ് സേനയായ കാരാബിനിയേരിയുടെ രക്ഷാധികാരിയായി പരിശുദ്ധ മറിയത്തെ (വിര്‍ഗൊ ഫിഡെലിസ്) പ്രഖ്യാപിച്ചതിന്റെ 75-ാം വാര്‍ഷികമാണിതെന്ന് പാപ്പ അനുസ്മരിച്ചു. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ചാപ്പലിന് ഈ പേരാണ് നല്‍കിയിരിക്കുന്നത്. ‘നൂറ്റാണ്ടുകളിലുടനീളം പുലര്‍ത്തുന്ന വിശ്വസ്തത’ എന്ന കാരാബിനിയേരിയുടെ മുദ്രാവാക്യം അനുസ്മരിച്ച പാപ്പ, തിന്മയ്ക്ക് വിജയിക്കാനാകുമെന്ന് ചിന്തിക്കുന്നതിന്റെ പ്രലോഭനത്തിന് വഴങ്ങരുതെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ സേവകരെന്ന നിലയില്‍, നിയമത്തിന്റെ ശക്തിയും സത്യസന്ധതയും ഉപയോഗിച്ച് കുറ്റകൃത്യങ്ങളോട് പ്രതികരിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു.
റോമിന്റെ മധ്യഭാഗത്ത് നിന്ന് ഏകദേശം 18 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍ നിന്ന് ജൂലൈ 20-ന് പാപ്പ വത്തിക്കാന്‍ സിറ്റിയിലെ അപ്പസ്‌തോലിക കൊട്ടാരത്തിലേക്ക് മടങ്ങും.
Leave a Comment
Your email address will not be published. Required fields are marked with *