ഇസ്താംബുള്‍/തുര്‍ക്കി: 10 ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആനിയിലുള്ള അര്‍മേനിയന്‍ കത്തീഡ്രല്‍ മോസ്‌കായി മാറ്റാനൊരുങ്ങി തുര്‍ക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനറ്റോളു വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുരാതനമായ ക്രൈസ്തവ ദൈവാലയത്തിന്റെ ക്രൈസ്തവ വേരുകളെക്കുറിച്ച് പരാമര്‍ശിക്കുകപോലും ചെയ്യാത്ത റിപ്പോര്‍ട്ട്, നേരത്തെ മോസ്‌കാക്കി മാറ്റിയ പുരാതനമായ ഹാഗിയ സോഫിയ, ചോര ബസിലിക്കകളുടെ അതേ വിധിയാണ് ആനിയിലെ കത്തീഡ്രലിനെയും കാത്തിരിക്കുന്നതെന്ന സൂചന നല്‍കുന്നു.
ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്രൈസ്തവ ദൈവാലയം മധ്യകാല അര്‍മേനിയന്‍ വാസ്തുവിദ്യയുടെ പ്രമാദമായ ഉദാഹരണമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഈ ദൈവാലയം കാര്‍സ് പ്രവിശ്യയിലുള്ള പുരാതന നഗരമായ ആനിയിലാണ് സ്ഥിതി ചെയ്യുന്നത്. വാസ്തുശില്പിയായ ട്രഡാറ്റ് നിര്‍മിച്ച, സര്‍പ്പ് അസ്ദ്വാദ്‌സാഡ്‌സിന്‍ (ദൈവത്തിന്റെ പരിശുദ്ധ മാതാവ്) ദൈവാലയത്തിന്റെ നിര്‍മാണം 1001 ലോ 1010 ലോ ആണ് പൂര്‍ത്തിയാക്കിയത്. അര്‍മേനിയന്‍ അതിര്‍ത്തിയില്‍ നിന്ന് കേവലം 500 മീറ്റര്‍ അകലെയാണ് ഈ ദൈവാലയം ചെയ്യുന്നത്.
1064-ല്‍ സെല്‍ജൂക്കുകള്‍ അനി പിടിച്ചടക്കിയതിനുശേഷം, കത്തീഡ്രല്‍ കുറച്ചുകാലത്തേക്ക് മോസ്‌കായി ഉപയോഗിക്കുകയും ‘ഫെത്തിയെ മോസ്‌ക്’ എന്ന് വിളിക്കപ്പെടുകയും ചെയ്തു. 1199-ല്‍, ജോര്‍ജിയന്‍-അര്‍മേനിയന്‍ സക്കാരിദ് രാജവംശം നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയും കെട്ടിടം ക്രൈസ്തവ ഉപയോഗത്തിലേക്ക് തിരികെ മാറ്റുകും ചെയ്തു. 1319 ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ ദൈവാലയത്തിന്റെ താഴികക്കുടം തകര്‍ന്നിരുന്നു. 1988-ല്‍ ഉണ്ടായ മറ്റൊരു ഭൂകമ്പത്തില്‍ ഒരു ഭാഗം തകര്‍ന്നുവീഴുകയും ചുവരുകളില്‍ ആഴത്തിലുള്ള വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ അര്‍മേനിയന്‍ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ മായ്ക്കാനും പ്രദേശത്തെ ഇസ്ലാമികവത്കരിക്കാനും പ്രസിഡന്റ് എര്‍ദോഗന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ നീക്കമെന്ന് കരുതപ്പെടുന്നു.
കാര്‍സില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ആനി കത്തീഡ്രല്‍, ഒരു മോസ്‌കായി വീണ്ടും തുറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് കുര്‍ദിഷ് അനുകൂല പീപ്പിള്‍സ് ഈക്വാലിറ്റി ആന്‍ഡ് ഡെമോക്രസി (ഡിഇഎം) പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ എര്‍ജ് അസ്ലാന്‍ തുര്‍ക്കി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സ്ഥലത്തെക്കുറിച്ചുള്ള സമീപകാല മാധ്യമ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ചുകൊണ്ട്, അസ്ലാന്‍ സാംസ്‌കാരിക, ടൂറിസം മന്ത്രി മെഹ്‌മെത് നൂറി എര്‍സോയിയോട് അക്കമിട്ട് ചോദിച്ച ചോദ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു
-‘ആനി കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിനുശേഷം, ഇത് ഒരു ദൈവാലയമായി തുറക്കുമെന്നത് ശരിയാണോ? അങ്ങനെയാണെങ്കില്‍, ഈ തീരുമാനത്തിനുള്ള ന്യായീകരണം എന്താണ്?’
– ‘ഈ ചരിത്ര ഘടനയുടെ മതപരമായ ഐഡന്റിറ്റി മാറ്റി ഒരു മോസ്‌കാക്കി മാറ്റാനുള്ള തീരുമാനം തുര്‍ക്കിയുടെ ബഹു-മത, ബഹുസ്വര സ്വഭാവത്തിന് വിരുദ്ധമാകില്ലേ?’
-‘ആനി കത്തീഡ്രലിനെ ഒരു മോസ്‌കാക്കി മാറ്റാനുള്ള തീരുമാനം അതിന്റെ യഥാര്‍ത്ഥ മതപരവും സാംസ്‌കാരികവുമായ സ്വത്വവുമായി ബന്ധപ്പെട്ട് പുനഃപരിശോധിക്കുമോ?’
– ‘നിങ്ങളുടെ ഭരണകാലത്ത് ഏതൊക്കെ ദൈവാലയങ്ങളും ആശ്രമങ്ങളും മോസ്‌കുകളാക്കി മാറ്റി? കഴിഞ്ഞ 20 വര്‍ഷത്തിനിടെ എത്ര ദൈവാലയങ്ങളും ആശ്രമങ്ങളും മോസ്‌കുകളാക്കി മാറ്റി?’
അസ്ലാന്റെ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കില്ലെന്നും തുര്‍ക്കി ഗവണ്‍മെന്റ് ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ട് പോകില്ലെന്നുമുള്ള പ്രത്യാശയിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍.
Leave a Comment
Your email address will not be published. Required fields are marked with *