വത്തിക്കാന്‍ സിറ്റി: ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 3 വരെ നടക്കുന്ന യുവജനങ്ങളുടെ ജൂബിലിയില്‍ പങ്കെടുക്കാന്‍ 146 രാജ്യങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തിലധികം യുവജനങ്ങള്‍ വത്തിക്കാനിലെത്തും. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജൂബിലിയില്‍ ഉക്രെയ്ന്‍, സിറിയ, ഇസ്രായേല്‍, മ്യാന്‍മര്‍, ലെബനന്‍, ഇറാഖ്, ദക്ഷിണ സുഡാന്‍ തുടങ്ങി നിലവില്‍ യുദ്ധത്തിന്റെ വേദന അനുഭവിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള യുവാക്കളും പങ്കെടുക്കും. ‘ദുരിതങ്ങളും സംഘര്‍ഷങ്ങളും അനുഭവിക്കുന്നവര്‍ക്ക് യുവാക്കള്‍ നല്‍കുന്ന ഒരു ആലിംഗനമായി ജൂബിലി മാറണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ആര്‍ച്ചുബിഷപ് ഫിസിചെല്ല പറഞ്ഞു. യുവ തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്നതിനായി 370 ഇടവകകള്‍, 400 പബ്ലിക്ക് സ്‌കൂളുകള്‍, 40 കായിക കേന്ദ്രങ്ങള്‍, മുനിസിപ്പല്‍ പവലിയനുകള്‍ എന്നിവ സജ്ജമായിക്കഴിഞ്ഞു.
28-ന് നടക്കുന്ന കത്തോലിക്കാ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെയും ഡിജിറ്റല്‍ മിഷനറിമാരുടെയും ജൂബിലിയുടെ ഭാഗമായി നിരവധി പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ 29 മുതല്‍ ‘നഗരവുമായുള്ള സംഭാഷണങ്ങള്‍’ എന്ന പേരില്‍ റോമ നഗരത്തിലെ വിവിധ ചത്വരങ്ങളില്‍ വിവിധ കത്തോലിക്കാ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഒരേസമയം 70-ലധികം പരിപാടികള്‍ സംഘടിപ്പിക്കും. ഓഗസ്റ്റ് 1 -ന് അനുതാപ ദിനമായിരിക്കും. അന്ന് സര്‍ക്കസ് മാക്‌സിമസ് സ്റ്റേഡിയത്തില്‍ വിവിധ ഭാഷകളിലായി 1,000-ത്തിലധികം വൈദികര്‍ അനുരഞ്ജന കൂദാശ നല്‍കും. ഓഗസ്റ്റ് 3 ഞായറാഴ്ച ടോര്‍ വെര്‍ഗറ്റയില്‍ ലിയോ പതിനാലാമന്‍ പാപ്പ കാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയാണ് യുവജനജൂബിലി ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
തലേദിവസം നടക്കുന്ന ജാഗരണ പ്രാര്‍ത്ഥയില്‍ പ്രമുഖ അന്താരാഷ്ട്ര കത്തോലിക്ക ഗായകരും ട്രൂപ്പുകളും കണ്‍സേര്‍ട്ടുകള്‍ അവതരിപ്പിക്കും. മെക്‌സിക്കന്‍, ഇറ്റാലിയന്‍, അമേരിക്കന്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍, യുവജനങ്ങളെ പ്രതിനിധീകരിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പയോട് ചോദ്യങ്ങള്‍ ചോദിക്കുകയും അദ്ദേഹം അവരുടെ മാതൃഭാഷകളില്‍ ഉത്തരം നല്‍കുകയും ചെയ്യും.
കൂടാതെ യുവജന ജൂബിലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാന്‍ പോകുന്ന വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ ഭൗതികശരീരവും വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ ഹൃദയത്തിന്റെ തിരുശേഷിപ്പും വണങ്ങാനുള്ള അവസരവും ലഭിക്കുന്നതാണ്.
Leave a Comment
Your email address will not be published. Required fields are marked with *