ലൂര്‍ദ്/ഫ്രാന്‍സ്: ഒരിക്കലും ഭേദമാകില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ന്യൂറോ ഡീജനറേറ്റീവ് രോഗം ബാധിച്ചിരുന്ന 67 കാരിയായ ഇറ്റാലിയന്‍ സ്വദേശിനി അന്റോണിയ റാക്കോ തനിക്ക് ലഭിച്ച രോഗസൗഖ്യത്തിന്റെ അത്ഭുതസാക്ഷ്യം ലൂര്‍ദില്‍ പങ്കുവച്ചു. 1858-ല്‍ പരിശുദ്ധ മറിയം ലൂര്‍ദില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയാല്‍ സംഭവിച്ച, സഭ ഔദ്യോഗികമായി അംഗീകരിച്ച 72-ാമത്തെ അത്ഭുതമാണ് ഈ രോഗസൗഖ്യം. 16 വര്‍ഷം നീണ്ടു നിന്ന മെഡിക്കല്‍, കാനോനിക്കല്‍, പാസ്റ്ററല്‍ പഠനങ്ങള്‍ക്ക് ശേഷമാണ് ഈ ഏപ്രില്‍ 16-ന് ലൂര്‍ദില്‍ ഔദ്യോഗികമായി ഈ അത്ഭുതകരമായ രോഗസൗഖ്യത്തിന് അംഗീകാരം നല്‍കിയത്.
2006-ലാണ് അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് (എഎല്‍എസ്) എന്ന ക്രമേണ വര്‍ധിച്ചുവരുന്ന മാരകമായ രോഗം റാക്കോയ്ക്ക് വൈദ്യശാസ്ത്രം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് തെക്കന്‍ ഇറ്റലിയിലെ ബസിലിക്കറ്റയില്‍ നിന്നുള്ള അമ്മയും സജീവ വിശ്വാസിയുമായ റാക്കോ, 2009-ല്‍ തീര്‍ത്ഥാടനത്തിനായി ലൂര്‍ദിലെത്തി. വീല്‍ചെയറില്‍ ഭര്‍ത്താവ് അന്റോണിയോയോടൊപ്പം ലൂര്‍ദിലെത്തിയ റാക്കോയ്ക്ക് ശ്വസിക്കാനും ഭക്ഷണം കഴിക്കാനും തടസമനുഭവപ്പെട്ടു. രണ്ടാം ദിവസം, വോളന്റീയര്‍മാരുടെ സഹായത്തോടെ ലൂര്‍ദിലെ വെള്ളത്തില്‍ മുങ്ങുന്നതിനായി എത്തിയ സമയത്ത് റാക്കോയുടെ കാതുകളില്‍ ഒരു സ്ത്രീശബ്ദം മൂന്ന് തവണ മഴങ്ങി. ‘ഭയപ്പെടേണ്ട!’ എന്ന ശബ്ദം കേട്ട നിമിഷം റാക്കോയില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി. ‘ആ നിമിഷം, ഞാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ നിയോഗങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. വെള്ളത്തില്‍ മുങ്ങിയ സമയത്ത് കാലുകളില്‍ പെട്ടെന്ന് ശക്തമായ വേദന അനുഭവപ്പെട്ടു,’ റാക്കോ വിവരിച്ചു. എന്നാല്‍ ഈ അനുഭവങ്ങളൊന്നും ആരോടും പറയാതെ വീല്‍ചെയറില്‍ തന്നെ റാക്കോ വീട്ടിലേക്ക് മടങ്ങി.
വീട്ടില്‍ ചെന്നുകഴിഞ്ഞ് വീണ്ടും ഈ അനുഭവങ്ങള്‍ ഭര്‍ത്താവിനോട് പറയാന്‍ റാക്കോയ്ക്ക് ശക്തമായ ഉള്‍പ്രേരണ ലഭിച്ചു. ‘അവനോട് പറയൂ! അവനെ വിളിക്കൂ! എന്ന് ആവശ്യപ്പെടുന്ന അതേ ശബ്ദം ഞാന്‍ വീണ്ടും കേട്ടു. എന്തോ സംഭവിച്ചു, എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ ഭര്‍ത്താവിനെ വിളിച്ചു.’ ആ നിമിഷത്തില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി റാക്കോ പരസഹായമില്ലാതെ നിന്നു. വികാരഭരിതരായി, അവര്‍ പരസ്പരം ആശ്ലേഷിച്ചു. സുഖം പ്രാപിച്ചുവെന്ന് മനസിലാക്കിയപ്പോള്‍ ഒരുമിച്ച് കരഞ്ഞു.
ബസിലിക്കറ്റയിലെ തുര്‍സി-ലഗോനെഗ്രോ രൂപതയിലെ ഒരു ഇടവക വൈദികനോടാണ് റാക്കോ ഈ കാര്യങ്ങള്‍ ആദ്യം പറഞ്ഞത്. തുടര്‍ന്ന് ആ വര്‍ഷം തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത പ്രാദേശിക ആര്‍ച്ചുബിഷപ് ഫ്രാന്‍സെസ്‌കോ നോലെ റാക്കോയെ സന്ദര്‍ശിച്ചു. അവരുടെ കഥ കേട്ട ശേഷം ആര്‍ച്ചുബിഷപ് ഇങ്ങനെ പറഞ്ഞു: ”അന്റോണിയേറ്റ, കര്‍ത്താവ് നിങ്ങളുടെ വീട്ടില്‍ പ്രവേശിച്ച് നിങ്ങള്‍ക്ക് ഒരു സമ്മാനം നല്‍കിയിട്ടുണ്ട് – പക്ഷേ അത് നിങ്ങള്‍ക്ക് മാത്രമുള്ളതല്ല. അത് നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്.’ തുടര്‍ന്ന് ഒരു ദശാബ്ദത്തിലേറെ നീണ്ട സമഗ്രമായ മെഡിക്കല്‍ വിലയിരുത്തലുകളുടെയും വിദഗ്ദ്ധ അവലോകനങ്ങളുടെയും കാലഘട്ടമായിരുന്നു. ‘എഎല്‍എസിക്ക് ചികിത്സയില്ല,’ അന്വേഷണത്തില്‍ ഉള്‍പ്പെട്ട ഒരു പ്രമുഖ ന്യൂറോളജിസ്റ്റ് പ്രഫസര്‍ വിന്‍സെന്‍സോ സിലാനി അഭിപ്രായപ്പെട്ടു. ‘ഈ രോഗം ബാധിച്ചവരുടെ അവസ്ഥ ഒരോ ദിവസവും വഷളായി മാറും’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു രോഗസൗഖ്യം അത്ഭുത സൗഖ്യമായി അംഗീകരിക്കണമെങ്കില്‍ അത് പെട്ടന്ന് നടന്നതും (കാലക്രമേണ സംഭവിച്ചതാകരുത്) പൂര്‍ണവും നീണ്ടുനില്‍ക്കുന്നതും വൈദ്യശാസ്ത്രപരമായി വിശദീകരിക്കാനാകാത്തതും ആയിരക്കണമെന്ന് ലൂര്‍ദിലെ സ്ഥിരം ഡോക്ടറായ അലസാന്ദ്രോ ഡി ഫ്രാന്‍സിസ്‌കസ് ചടങ്ങില്‍ പറഞ്ഞു. 2024 നവംബറില്‍, ലൂര്‍ദ്സ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കമ്മിറ്റിയിലെ 21 അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ 17 പേര്‍ അന്റോണിയോ റാക്കോയുടെ സൗഖ്യം വിശദീകരിക്കാനാകാത്തതും പൂര്‍ണവും നിലനില്‍ക്കുന്നതുമായ ഒരു രോഗശാന്തിയാണെന്ന് അംഗീകരിച്ചതോടെ ലൂര്‍ദില്‍ നടന്ന സ്ഥിരീകരിക്കപ്പെട്ട അത്ഭുതങ്ങളുടെ പട്ടികയില്‍ റാക്കോയും ഇടം പിടിക്കുകയായിരുന്നു.
ലൂര്‍ദില്‍ ശുശ്രൂഷ ചെയ്യുന്ന വോളന്റിയര്‍മാരുടെ കൂട്ടായ്മയായ ഹോസപിറ്റലാഴ്‌സ് ഓഫ് ലൂര്‍ദിലെ വോളന്റിയറായി ശുശ്രൂഷ ചെയ്തുകൊണ്ട്, രോഗികളായി ലൂര്‍ദിലെത്തുന്നവര്‍ക്ക് തനിക്ക് ലഭിച്ച അതേ കരുണയും സൗഖ്യവും പകരുവാന്‍ എല്ലാ വര്‍ഷവും റാക്കോ ഇന്നും ലൂര്‍ദിലെത്തുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *