കൊച്ചി: അന്യായമായ കുറ്റങ്ങള്‍ ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റുചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീമാര്‍ക്കൊപ്പമാണ് സഭയും സമൂഹവുമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
അറസ്റ്റിലായ സിസ്റ്റര്‍ പ്രീതിയുടെ അങ്കമാലി എളവൂരിലെ വീട്ടിലെത്തി മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിമത ഭേദമെന്യേയാണ് മിഷനറിമാര്‍ ജനങ്ങള്‍ക്കിടയില്‍ സേവനം ചെയ്യുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ദൈവത്തെപ്രതിയും സമൂഹത്തിനായുമാണ് അവരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍. തെറ്റായ വാദങ്ങളും ആരോപണങ്ങലും നിരത്തി ഭാരതത്തിലെ മഹത്തായ മിഷന്‍ ചൈതന്യത്തെ തളര്‍ത്താനാവില്ല.
വര്‍ഗീയതയുടെ അഴിഞ്ഞാട്ടത്തിന് സര്‍ക്കാരുകളും അധികാരികളും കൂട്ടുനില്‍ക്കുന്ന സ്ഥിതി ആശങ്കയുളവാക്കുന്നതാണെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. ഭാരതത്തിന്റെ മതേതര മനസിനെ കളങ്കപ്പെടുത്തുന്ന ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ പൊതുസമൂഹം ശക്തമായ നിലപാട് സ്വീകരിക്കണം. അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ സഭ സാധ്യമായതെല്ലാം ചെയ്യുമെന്നും മേജര്‍ ആര്‍ച്ചുബിഷപ് പറഞ്ഞു.
ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍, സീറോ മലബാര്‍ സഭ പിആര്‍ഒ റവ. ഡോ. ടോം ഓലിക്കരോട്ട്, എറണാകുളം-അങ്കമാലി അതിരൂപത പിആര്‍ഒയും വൈസ് ചാന്‍സലറുമായ ഫാ. പോള്‍ മേലേടത്ത്, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, സെക്രട്ടറി ജോസുകുട്ടി ഒഴുകയില്‍ തുടങ്ങിയവരും മാര്‍ തട്ടിലിനൊപ്പം ഉണ്ടായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *