21 ആഴ്ച മാത്രം പ്രായമുള്ളപ്പോള്‍, മാസം തികയുന്നതിനും 133 ദിവസം മുമ്പ് ജനിച്ച നാഷിന്റെ ഒന്നാം ജന്മദിനം ജീവന്റെ ആഘോഷമായി മാറി. ഒന്നാം ജന്മദിനം ആഘോഷിക്കുന്ന മാസം തികയാതെ ജനിച്ച ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് കൂടെ കരസ്ഥമാക്കിക്കൊണ്ടാണ് നാഷ് ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഏകദേശം എട്ടിഞ്ച് നീളവും 300 ഗ്രാം മാത്രം തൂക്കവുമായി അയോവ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് കെയര്‍ സ്റ്റെഡ് ഫാമിലി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 2024 ജൂലൈ 5 നാണ് നാഷ് ജനിച്ചത്. നവജാത ശിശുക്കളുടെ പരിചരണത്തില്‍ യുഎസിലെ ഏറ്റവും മികച്ച ആശുപത്രികളില്‍ ഒന്നാണിത്.
റാണ്ടല്‍ കീന്‍- മോളി ദമ്പതികളുടെ മകനായ നാഷ് 189 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷം 2025ന്റെ തുടക്കത്തില്‍ വീട്ടിലെത്തി. മാസം തികയാതെയുള്ള പ്രസവത്തെ തുടര്‍ന്ന് ഒരു കുഞ്ഞിനെ നേരത്തെ നഷ്ടപ്പെട്ട ഈ ദമ്പതികള്‍ 21 ാം ആഴ്ചയില്‍ ജനിച്ച നാഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യതയുള്ള ‘ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നായ’ അയോവ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് കെയര്‍ സ്റ്റെഡ് ഫാമിലി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കി. നാഷ് ആശുപത്രിയിലായിരുന്ന 189 ദിവസങ്ങളില്‍, 30-ലധികം സ്റ്റാഫ് അംഗങ്ങളുടെ ഒരു സംഘമാണ് നാഷിനെ പരിചരിച്ചത്. കുഞ്ഞിന്റെ രക്തപ്രവാഹവും ഹൃദയ പ്രവര്‍ത്തനവും പരിശോധിക്കുന്നതിനായി അള്‍ട്രാസൗണ്ട് അധിഷ്ഠിത സാങ്കേതികവിദ്യയായ ഹെമോഡൈനാമിക്‌സ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ നാഷിനെ സൂക്ഷ്മമായി നിരീക്ഷിച്ചു.
അയോവയിലെ അങ്കെനിയില്‍, കീന്‍ കുടുംബം നാഷിന്റെ ഒന്നാം ജന്മദിനം കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷിച്ചു. നാഷിന് ഇപ്പോഴും ചെറിയ ഹൃദയ വൈകല്യം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രായമാകുമ്പോള്‍ ഈ തകരാറ് പരിഹരിക്കപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദൈവദാനമായ ജീവന്റെ അമൂല്യതയുടെയും പവിത്രതയുടെയും അടയാളമായ നാഷിന്റെ അതിജീവന കഥ ജനന നിമിഷം മുതല്‍ മരണം വരെ ജീവനെ ചേര്‍ത്തുപിടിക്കാന്‍ ലോകത്തിന് പ്രചോദനമായി മാറട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *