നേപ്പിള്‍സ്: ‘ഞാന്‍ കാണുന്നത് എനിക്ക് വിശ്വസിക്കാനായില്ല,’ നേപ്പിള്‍സിലെ സാന്‍ ഫെര്‍ണാണ്ടോ ദൈവാലയത്തില്‍ വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം വിശദീകരിച്ച ദൈവാലയത്തിന്റെ റെക്ടര്‍ മോണ്‍. പാസ്‌കല്‍ സില്‍വസ്ത്രിയുടെ വാക്കുകളാണിത്. 500 ഓളം വിശ്വാസികളുടെ തലയില്‍ അഭിഷേകം ചെയ്ത് കാലിയായ പാത്രം അത്ഭുതകരമായി തൈലം കൊണ്ട് നിറയുകയായിരുന്നു. വിശുദ്ധ ചാര്‍ബലിന്റെ ജന്മനാടായ ലബനോനിലെ ദേവദാരു മരങ്ങളുടെ ഗന്ധമാണ് ഈ തൈലത്തിനുള്ളത്. ജൂലൈ 24 ന്, വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ സാന്‍ ഫെര്‍ണാണ്ടോ ദൈവാലയത്തില്‍ നടന്ന ഈ അത്ഭുതം ലെബനീസ് സന്യാസിയായ വിശുദ്ധ ചാര്‍ബലിന്റെ മധ്യസ്ഥതയാലാണ് സംഭവിച്ചതെന്ന് വിശ്വാസിക്കപ്പെടുന്നു.
ജൂലൈ 24 ന്, വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തിലെ തിരുക്കര്‍മങ്ങള്‍ക്ക് മോണ്‍. പാസ്‌കല്‍ സില്‍വെസ്ട്രിയാണ് കാര്‍മികത്വം വഹിച്ചത്. നിരവധി രോഗികളടക്കം 500-ലധികം ആളുകള്‍ അതില്‍ പങ്കെടുത്തു. ദിവ്യബലിയുടെ അവസാനം, മോണ്‍സിഞ്ഞോര്‍ വിശ്വാസികളെ തൈലം കൊണ്ട് അഭിഷേകം ചെയ്യാന്‍ തുടങ്ങി. ‘ഇത്രയും ആളുകള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അതിനാല്‍ പാത്രം ഏതാണ്ട് ശൂന്യമായ ഒരു സമയം വന്നു. അവിടെയുള്ള എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ എനിക്ക് കഴിയില്ലെന്ന് ഞാന്‍ ഭയപ്പെട്ടു,’ ജൂലൈ 27 ന് സെന്റ് ചാര്‍ബലിന്റെ മുന്‍ പോസ്റ്റുലേറ്ററായ ഫാ.ഏലിയാസ് ഹംഹൗറിക്കയച്ച കത്തില്‍ അദ്ദേഹം വിശദീകരിച്ചു.
എന്നിരുന്നാലും, കുപ്പി ശൂന്യമാകുന്നതുവരെ ഓരോ രോഗിയെയും അഭിഷേകം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ‘ഞാന്‍ കുപ്പി അടച്ച് വീണ്ടും സേഫില്‍ വെച്ചപ്പോള്‍, അത് വീണ്ടും നിറഞ്ഞിരിക്കുന്നുവെന്ന് എനിക്ക് മനസിലായി. ഞാന്‍ കാണുന്നത് എനിക്ക് വിശ്വസിക്കാനായില്ല.’ പാത്രം വീണ്ടും നിറഞ്ഞുവെന്നും ‘മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ഭാരമുള്ളതാണെന്നും’ മനസിലാക്കിയ അദ്ദേഹം ബലിപീഠത്തിന്റെ അടുത്തേക്ക് വന്ന് വിശ്വാസികളോട് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു. ഇത് അത്ഭുതമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കാനോന്‍ നിയമപ്രകാരം വിശുദ്ധന്റെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും മോണ്‍. പാസ്‌കല്‍ വ്യക്തമാക്കി.
ഈ അത്ഭുതത്തിന്റെ പശ്ചാത്തലത്തില്‍ ദൈവാലയത്തില്‍ വിശുദ്ധ ചാര്‍ബലിന്റെ ഒരു പെയിന്റിംഗ് സ്ഥാപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഒരു സംഭവും മോണ്‍സിഞ്ഞോര്‍ പങ്കുവച്ചു. ‘ഞാന്‍ ഈ പെയിന്റിംഗ് സ്ഥാപിച്ച രാത്രിയില്‍ വിശുദ്ധ ചാര്‍ബല്‍ എന്നെ നോക്കി ചിരിക്കുന്നതായി ഞാന്‍ സ്വപ്‌നം കണ്ടു. ഇത് എന്നെ ആകര്‍ഷിച്ചു, കാരണം വിശുദ്ധ ചാര്‍ബലിന്റെ ഫോട്ടോ എല്ലായ്‌പ്പോഴും വളരെ ഗൗരവമുള്ള ഒരു മനുഷ്യന്റെതാണ്, പക്ഷേ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു.’
മാറോനൈറ്റ് വൈദികനും സന്യാസിയുമായ ലെബനീസ് വിശുദ്ധനാണ് ചാര്‍ബല്‍. 1898 ഡിസംബര്‍ 24 ന് ദൈവസന്നിധിയിലേക്ക് യാത്രയായ അദ്ദേഹത്തെ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ 1965 ഡിസംബര്‍ 5 ന് വാഴ്ത്തപ്പെട്ടവനായും 1977 ഒക്ടോബര്‍ 9 ന് വിശുദ്ധനായും പ്രഖ്യാപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *