റോം: മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന്, ഓഗസ്റ്റ് 14- ാം തീയതി ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കാന്‍ സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മയായ ‘ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയേഴ്സ് ജനറല്‍’ ആഹ്വാനം ചെയ്തു. ഗാസ മുതല്‍ സുഡാന്‍ വരെയും, ഉക്രെയ്ന്‍ മുതല്‍ മ്യാന്‍മര്‍ വരെയും, ഹെയ്തി മുത കോംഗോ വരെയും ലോകമെമ്പാടുമുള്ള നിരവധി ജനങ്ങളെ യുദ്ധം ബാധിച്ച പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 14 ന് ലോകമെമ്പാടും ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കുവാന്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയേഴ്സ് ജനറല്‍ അഭ്യര്‍ത്ഥിച്ചത്.
യുദ്ധം, കുടിയിറക്കം, അനീതി എന്നിവയാല്‍ ഉണ്ടാകുന്ന ദുരിതങ്ങളോടുള്ള പ്രതികരണം എന്ന നിലയില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേര്‍ന്ന് വേദന അനുഭവിക്കുന്നവരോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ സന്യാസ സമൂഹങ്ങളോടൊപ്പം സുമനസുകളായ എല്ലാവരെയും കൂട്ടായ്മ ക്ഷണിച്ചു.
അന്നേ ദിനം ഒരുമിച്ച് പ്രാര്‍ത്ഥിക്കയും വചനം വിചിന്തനം ചെയ്യുകയും ചെയ്യുന്നതിനോടൊപ്പം ക്ലേശമനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാനും നീതിയുടെയും അനുരജ്ഞനത്തിന്റെയും പാത പിന്തുടരാന്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുവാനും സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *