മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാട് വേദനാജനകമെന്ന് മാനന്തവാടി രൂപത പ്രസ്താവനയില്‍ അറിയിച്ചു.
മാനന്തവാടി രൂപതയുടെ ഇടയനായി നീണ്ട 22 വര്‍ഷവും താമരശേരി രൂപതയുടെ ഇടയനായി രണ്ടു വര്‍ഷത്തോളവും തുടര്‍ന്ന് 10 വര്‍ഷത്തോളം തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷനായി ശുശ്രൂഷ ചെയ്ത അദ്ദേഹത്തിന്റെ നിര്യാണം മാനന്തവാടി രൂപതയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്.
മാനന്തവാടി രൂപത സ്ഥാപിതമായ കാലഘട്ടത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന രൂപതയെ അതിന്റെ ബാലാരിഷ്ടതകളുടെ മധ്യത്തില്‍ സഭാത്മക ചൈതന്യത്തിലും ദൈവാഭിമുഖ്യത്തിലും നയിച്ച് രൂപതയുടെ ഇന്നത്തെ രൂപഭാവങ്ങള്‍ക്ക് അടിത്തറയിടാന്‍ മാര്‍ ജേക്കബ് തൂങ്കുഴിക്ക് സാധിച്ചു.
നാനാജാതി മതസ്ഥരും ഗോത്രവിഭാഗങ്ങളും രാഷ്ട്രീയ-സമുദായിക നേതാക്കളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് സര്‍വാത്മനാ സഹകരിച്ചിരുന്നു. പാവപ്പെട്ടവര്‍ക്കും സമൂഹത്തിലെ അശരണര്‍ക്കും ആലംബമേകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ അജപാലന ശുശ്രൂഷാ കാലത്ത് തുടക്കംകുറിച്ചതാണ് സെന്റ് ജോസഫ്‌സ് മിഷന്‍ ആശുപത്രി, മേരിമാതാ കോളജ്, മറ്റ് നിരവധി സ്‌കൂളുകള്‍ എന്നിവ.
വയനാട്ടിലെ തിരുനെല്ലിയില്‍ രൂപവത്കരിച്ച ട്രൈബല്‍ ഡവലപ്‌മെന്റ് സെന്റര്‍ വയനാടന്‍ ഗോത്രജനതയോടുള്ള അദ്ദേഹത്തിന്റെ കരുതല്‍ വ്യക്തമാക്കുന്ന ഉദാഹരണമാണ്. തിരുനെല്ലി വനത്തിലെ ആദിവാസി ഊരുകള്‍ അദ്ദേഹം സന്ദര്‍ശിക്കുമായിരുന്നു.
വിശ്രമജീവിതത്തിലായിരുന്ന സമയത്തും രൂപതയുമായുള്ള തന്റെ ആത്മബന്ധം അദ്ദേഹം നിലനിര്‍ത്തിയിരുന്നു. മാനന്തവാടി രൂപതാ കുടുംബം ഒന്നടങ്കം അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *