Follow Us On

19

September

2025

Friday

മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ മെത്രാന്മാര്‍

മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ മെത്രാന്മാര്‍
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ട് മെത്രാന്മാരെ നിയമിച്ചു. സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക ശുശ്രൂഷകള്‍ക്കായി യു.കെയിലെ സഭാതല കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. ഡോ. കുറിയാക്കോസ് തടത്തില്‍ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്ററായും തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ ചാന്‍സിലര്‍ മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍ മേജര്‍ അതിഭദ്രാസന സഹായമെത്രാനായും നിയമിതനായി.
നിയമന വാര്‍ത്തയുടെ പ്രസിദ്ധീകരണം റോമിലും തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലിലും നടന്നപ്പോള്‍ അടൂര്‍ മാര്‍ ഇവാനിയോസ് നഗറില്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 95-ാം വാര്‍ഷികവും ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക ശതാബ്ദിയും നടക്കുന്ന അല്മായ സംഗമ വേദിയിലാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ സുപ്രധാനമായ ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വിശ്വാസികളുടെ ഒരു വലിയ സമൂഹവും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
പ്രഖ്യാപനത്തിന് ശേഷം നിയുക്ത മെത്രാന്മാരെ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ വിരലില്‍ മോതിരം അണിയിച്ചു. നിയുക്ത മെത്രാന്‍ മോണ്‍. ഡോ. കുറിയാക്കോസ് തടത്തിലിനെ യൂറോപ്പിലെ മുന്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് ഇടക്കെട്ടും, പത്തനംതിട്ട രൂപതാധ്യക്ഷന്‍ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസ് കറുത്ത കുപ്പായവും തിരുവല്ല ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് കുരിശുമാലയും അണിയിച്ചു.
നിയുക്ത മെത്രാന്‍ മോണ്‍. ഡോ. ജോണ്‍ കുറ്റിയിലിനെ മാവേലിക്കര രൂപത മുന്‍ അധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഇടക്കെട്ടും ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് കറുത്ത കുപ്പായവും പാറശാല രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ് കുരിശുമാലയും അണിയിച്ചു.
വിശ്വാസികളെ പ്രതിനിധീകരിച്ച് എംസിഎ സഭാതല പ്രസിഡന്റ് എസ്.ആര്‍. ബൈജുവും, മദേഴ്സ് ഫോറം സഭാതല പ്രസിഡന്റ് ജിജി മത്തായിയും ബൊക്കെ നല്‍കി ആശംസകള്‍ അറിയിച്ചു. മെത്രാഭിഷേകം നവംബര്‍ 22 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും.
മോണ്‍. ഡോ. കുറിയാക്കോസ് തടത്തില്‍
കോട്ടയം ജില്ലയില്‍ അമയന്നൂര്‍ തടത്തില്‍ പരേതരായ തോമസിന്റെയും അന്നമ്മയുടെയും മകനായി 1962 മാര്‍ച്ച് 27-ന് ജനിച്ച നിയുക്ത മെത്രാന്‍ കുറിയാക്കോസ് തടത്തില്‍ തിരുവല്ല അതിഭദ്രാസനത്തിലെ അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്. 1987-ല്‍ ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്തായാല്‍ തിരുവല്ല അതിരൂപതയിലെ വൈദികനായി അഭിഷിക്തനായ കുറിയാക്കോസ് തടത്തില്‍ അച്ചന്‍ 2021 മുതല്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യു.കെ. റീജിയന്റെ സഭാതല കോ-ഓര്‍ഡിനേറ്റര്‍ ആയി ശുശ്രൂഷ ചെയ്തു വരുന്നു.
റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരാധനക്രമ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. 2001 മുതല്‍ 2020 വരെ തിരുവനന്തപുരം മലങ്കര സെമിനാരിയില്‍ അധ്യാപകനായും കോട്ടയം വടവാതൂര്‍, കുന്നോത്ത് ഗുഡ്ഷെപ്പേഡ് സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ച അദ്ദേഹം 2017 മുതല്‍ 2020 വരെ മലങ്കര മേജര്‍ സെമിനാരിയുടെ റെക്ടറായും സേവനം നിര്‍വഹിച്ചു.
തിരുവല്ല അതിഭദ്രാസനത്തിന്റെ ചാന്‍സലര്‍, വിശ്വാസ പരിശീലന പദ്ധതിയുടെ അതിഭദ്രാസന ഡയറക്ടര്‍, സഭയുടെ ആരാധനക്രമ കമ്മീഷന്‍ സെക്രട്ടറി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ യു.കെ.യിലെ കവന്ററി, പ്ളിമോത്ത് ഇടവകകളുടെ വികാരിയാണ്.
മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര കിഴക്കേത്തെരുവില്‍ കുറ്റിയില്‍ പരേതനായ രാജന്റെയും ഓമനയുടെ മകനായി 1982 മെയ് 30-ന് ജനിച്ച നിയുക്ത സഹായമെത്രാന്‍ ഡോ. ജോണ്‍ കുറ്റിയില്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയില്‍ നിന്നും 2008-ല്‍ പൗരോഹിത്യം സ്വീകരിച്ച് തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിലെ വൈദികനായി.
കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ സെക്രട്ടറിയായിട്ടാണ് പ്രാഥമിക നിയമനം. തുടര്‍ന്ന് റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സഭാനിയമത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി റെക്ടറായും തിരുവനന്തപുരം മേജര്‍ അതിഭദ്രാസന അജപാലന സമിതി വൈദിക സെക്രട്ടറിയും ശുശ്രൂഷ ചെയ്തിട്ടുള്ള നിയുക്ത മെത്രാന്‍ ഇപ്പോള്‍ മേജര്‍ അതിഭദ്രാസന ചാന്‍സലറായും സഭയുടെ മാസ്റ്റര്‍ ഓഫ് സെറിമണിസ് ആയും സേവനമനുഷ്ഠിച്ചു വരുന്നു.
തിരുവനന്തപുരത്ത് മണ്ണന്തലയില്‍ വിശുദ്ധ ജോണ്‍ പോള്‍ മലങ്കര സുറിയാനി കത്തോലിക്ക ഇടവകയുടെയും ഉളിയാഴിത്തറ തിരുഹൃദയ ഇടവകയുടെയും വികാരിയായും മലങ്കര സഭയുടെ ദൈവ വിളി കമ്മീഷന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരികെയാണ് പുതിയ നിയോഗം.  പ്രഭാഷകനും ഗ്രന്ഥകാരനു മായ നിയുക്ത മെത്രാന്‍ തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിലെ കൊട്ടാരക്കര കിഴക്കേത്തെരുവ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവാകാംഗമാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?