കോഴിക്കോട്: ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി ഇനി ജനഹൃദയങ്ങളിലെ ദീപ്തസ്മരണ. കോഴിക്കോട് ചേവരമ്പലത്തെ സൊസൈറ്റി ഓഫ് ക്രിസ്തുദാസി (എസ്‌കെഡി) സഭയുടെ ജനറലേറ്റിലെ ചാപ്പലില്‍ പ്രത്യേകം തയാറാക്കിയ കബറിടത്തിലായിരുന്നു സംസ്‌കാരം നടന്നത്. മാര്‍ ജേക്കബ് തൂങ്കുഴി സ്ഥാപിച്ച സന്യാസിനി സമൂഹമാണ് എസ്‌കെഡി. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിന് ആളുകള്‍ പ്രാര്‍ത്ഥനകളോടെ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തി.
അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ചായിരുന്നു ചാപ്പലില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പിലായി അന്ത്യവിശ്രമത്തിനുള്ള സ്ഥലം നിശ്ചയിച്ചത്. തന്റെ സംസ്‌കാരം ലളിതമായ രീതിയില്‍ നടത്തണമെന്നും അദ്ദേഹം വില്‍പത്രത്തില്‍ എഴുതിയിരുന്നു.
തൃശൂരില്‍നിന്നും ഭൗതിക ശരീരം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് ദേവാലയത്തിലെത്തിയപ്പോള്‍ അവിടെ നടന്ന പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും ആര്‍ച്ചുബിഷപുമാരായ മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ആഡ്രൂസ് താഴത്ത്, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ബിഷപ്പുമാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പൊരുന്നേടം, മാര്‍ അലക്‌സ് താരാമംഗലം, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ. ഡെന്നീസ് കുറുപ്പശേരി, ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, ക്രിസ്തുദാസി സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ടീന എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. സംസ്‌കാര ശു്രശൂഷയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ നേരത്തെ തൃശൂരില്‍ നടന്നു. തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ നടന്ന രണ്ടാംഘട്ട ശുശ്രൂഷക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മൂന്നാംഘട്ട ശുശ്രൂഷക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലും മുഖ്യകാര്‍മികത്വം വഹിച്ചു.
എസ്‌കെഡി സഭയുടെ ചേവരമ്പലത്തെ ജനറലേറ്റിലെ ചാപ്പലില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കാര്‍മികത്വം വഹിച്ചു.
1973 മെയ് ഒന്നിന് മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിക്കപ്പെട്ട മാര്‍ തൂങ്കുഴി മലബാര്‍ കുടിയേറ്റത്തിന്റെ ബാലാരിഷ്ടതകളൂടെ നടുവിലായിരുന്ന ആ നാടിന് പുതിയ ദിശാബോധം പകര്‍ന്ന് 22 വര്‍ഷങ്ങള്‍ രൂപതയെ നയിച്ചു. 1995 ജൂലൈയില്‍ താമരശേരി രൂപതയുടെ അധ്യക്ഷനായി സ്ഥലംമാറ്റം ലഭിച്ചു. തുടര്‍ന്ന് 1997ല്‍ തൃശൂര്‍ അതിരൂപതാധ്യക്ഷനായി ഉയര്‍ത്തപ്പെട്ട മാര്‍ തൂങ്കുഴി 75 വയസ് തികഞ്ഞതിനെതുടര്‍ന്ന് 2007 മാര്‍ച്ച് 18ന് സ്ഥാനമൊഴിഞ്ഞത്. വിശ്രമജീവിത കാലത്തും അദ്ദേഹം കര്‍മ്മനിരതനായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *