ന്യൂഡല്‍ഹി: എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന തള്ളി ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). അറിഞ്ഞോ അറിയാതെയോ എല്ലാവരും ഭാരതീയ സംസ്കാരമാണു പിന്തുടരുന്നതെന്നും അതിനാല്‍ ആരും അഹിന്ദു അല്ലെന്നുമായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.
ഇന്ത്യയിലെ ക്രൈസ്തവര്‍ അഭിമാനമുള്ള ഭാരതീയരാണെന്നും എന്നാല്‍ ഹിന്ദുക്കളല്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ സിബി സിഐ വ്യക്തമാക്കി. മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് സിബിസിഐയുടെ പ്രതികരണം. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളെ മെത്രാന്‍ സമിതി അപലപിക്കുകയും ചെയ്തു.
ഇന്ത്യക്ക് ഹിന്ദുസ്ഥാന്‍, ഹിന്ദ് തുടങ്ങിയ വിശേഷണങ്ങള്‍ 2016 ലെ ഒരു വിധിന്യായത്തില്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞതാണ്. രാജ്യം എന്നും എക്കാലവും പരമാധികാര, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി തുടരണമെന്നും പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും ക്രിസ്ത്യന്‍ സമൂഹത്തിന്റെ സംഭാവനകള്‍ എടുത്തുപറഞ്ഞ മെത്രാന്‍ സമിതി രാജ്യത്തിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു.
ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതു ഭരണഘടനയ്ക്കു വിരുദ്ധമല്ലെന്നും ജാതിവ്യവസ്ഥ ഇപ്പോഴില്ലെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും പ്രീണനവും ഉയര്‍ത്തിവിടുന്ന ആശയക്കുഴപ്പം മാത്രമാണ് ഇപ്പോഴുള്ളതെന്നുമുള്ള പ്രസ്താവനകളാണ് മോഹന്‍ ഭാഗവതിന്റേതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ആര്‍എസ്എസിന് അതിന്റെതായ കാഴ്ചപ്പാടുകളുണ്ടെന്നും ഈ രാജ്യം ഒരു പ്രത്യേക ദിശയിലേക്കു പോകണമെന്ന് ആഗ്രഹിക്കുന്നുവെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കിയിരുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *