Follow Us On

25

November

2024

Monday

തുടിക്കുന്ന തിരുഹൃദയം…

ആഗോളസഭ തിരുഹൃദയ തിരുനാൾ (ജൂൺ 16) ആഘോഷിക്കുമ്പോൾ എഴുത്തുകാരിയും ‘അമ്മ’ മാസികയുടെ ചീഫ് എഡിറ്ററുമായ സിസ്റ്റർ ശോഭ സി.എസ്.എൻ പങ്കുവെക്കുന്നു ശ്രദ്ധേയമായ തിരുഹൃദയ ചിന്ത.

മുറിപ്പാടുള്ള ഒരു ഹൃദയം കൈയിലേന്തിനില്‍ക്കുന്ന ക്രിസ്തുവിന്റെ ചിത്രം മനസിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ദൈവത്തിനും ഒരു ഹൃദയമുണ്ടെന്ന ചിന്ത മാത്രമല്ല, ആ ഹൃദയത്തിലൊരു മുറിവുകൂടിയുണ്ടെന്നുള്ള അറിവാണ് തിരുഹൃദയത്തെ ഇഷ്ടപ്പെടാന്‍ കാരണം. അകാരണമായി മുറിവേറ്റ ഹൃദയം. നമ്മളും അകാരണമായി മുറിവേല്‍ക്കപ്പെടുന്നവരാണല്ലോ?

ചരിത്രത്തില്‍ ഏറ്റവും തോല്‍പിക്കപ്പെട്ട വ്യക്തിയെന്നു ക്രിസ്തുവിനെ വിശേഷിപ്പിക്കാറുണ്ട്. അതവന്റെ കുറ്റമല്ല, അവന്റെ നിലപാടുകളില്‍ നിന്നൊക്കെ മാറി നടക്കുന്ന അനുയായികളെല്ലാവരുംകൂടി അവനെ തോല്‍പിക്കുന്നതാണ്. ക്രിസ്തുവിനെപ്പോലെ ചരിത്രത്തെ സ്വാധീനിച്ച, കാലഘട്ടത്തെ അതിജീവിച്ച വേറെ ആരുണ്ട്?

യുക്തിപൂര്‍വ്വം ചിന്തിക്കുമ്പോള്‍ ‘പ്രായോഗികബുദ്ധി’ ഒട്ടുമില്ലാത്ത ഒരാളായിരുന്നല്ലോ ക്രിസ്തു. നൂറിലൊന്ന് നഷ്ടപ്പെട്ടാല്‍ ബാക്കി തൊണ്ണൂറ്റൊമ്പതിനെയും വിട്ട് ആ ഒരെണ്ണത്തിനെ തേടി അലയുന്ന, തെറ്റില്‍ പിടിക്കപ്പെടുന്നവരെ വിചാരണപോലും ചെയ്യാതെ നിരുപാധികം വിട്ടയയ്ക്കുന്ന, ദ്രോഹിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിന്റെ ശൈലി സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലല്ലോ. അവന്‍ ഹൃദയപൂര്‍വ്വം മനുഷ്യരോടിടപ്പെട്ടു, ഒരമ്മയെപ്പോലെ.

കാര്‍ക്കശ്യമുള്ള ന്യായാധിപനും രാജാവുമൊക്കെയായി ദൈവത്തെ അവതരിപ്പിക്കുന്ന പഴയനിയമത്തിന്റെ താളുകളില്‍പ്പോലും അമ്മയെപ്പോലെ സ്‌നേഹിക്കുന്ന ദൈവത്തിന്റെ ചിത്രം തെളിയുന്നുണ്ട്.

”എഫ്രായീം, എന്റെ വത്സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്‍. അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു; എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു” (ജറെമിയാ 31 : 20).

”മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല” (ഏശയ്യ 49:18). ”അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും” (ഏശയ്യ 66:13)… ഇവ ചില ഉദാഹരണങ്ങള്‍ മാത്രം.

സ്‌നേഹം അതിന്റെ പൂര്‍ണതയില്‍ വെളിപ്പെടുന്നത് ക്രിസ്തുവിലാണ്. മനുഷ്യന്റെ കണ്ണീരിനും സങ്കടത്തിനും മുമ്പില്‍ പിടിച്ചു നില്‍ക്കാനാകാത്ത ആര്‍ദ്രഹൃദയമുള്ള ദൈവത്തെയാണ് ക്രിസ്തുവിലൂടെ ലോകത്തിന് വെളിപ്പെട്ടത്. വേദനിക്കുന്ന മനുഷ്യനോടു തോന്നിയ അനുകമ്പയില്‍നിന്നാണ് അവന്‍ അത്ഭുതങ്ങള്‍പോലും പ്രവര്‍ത്തിച്ചത്. ധാര്‍ഷ്ട്യമുള്ള കുഞ്ഞുങ്ങളായി മനുഷ്യരെ കണ്ടതുകൊണ്ടാണ് അവരുടെ ക്രൂരതകള്‍ക്കു പരിഭവമില്ലാതെ അവന്‍ വഴങ്ങിക്കൊടുത്തത്.

ജീവനറ്റ ശരീരമാണെന്നറിഞ്ഞിട്ടും അവന്റെ നെഞ്ചില്‍ മുറിവേല്‍പ്പിച്ചവന്റെ കാഴ്ചയില്ലാത്ത കണ്ണിലേക്ക് ഒരു തുള്ളി രക്തം ഇറ്റിച്ചുകൊണ്ട് കാഴ്ച നല്‍കിയ ക്രിസ്തുവിനെ ധ്യാനിക്കുമ്പോള്‍ ഓര്‍ത്തുപോകുന്നത് ആ പഴയ കഥയാണ്:

സ്‌നേഹിക്കുന്ന പെണ്ണിനു വേണ്ടിയിരുന്നത് അവന്റെ അമ്മയുടെ ഹൃദയമായിരുന്നു. അവളോടുള്ള സ്‌നേഹം അത്ര വലുതായതുകൊണ്ട് അമ്മയുടെ നെഞ്ചുപിളര്‍ന്ന് അവനതെടുത്തു. തുടിക്കുന്ന ഹൃദയവുമായി പരിഭ്രമിച്ചോടുന്ന അവന്‍ കാലിടറിവീണു. അപ്പോള്‍ ആ മാതൃഹൃദയത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരം കേട്ടു: ”മോനേ, നിന്റെ കാലു വേദനിച്ചോ?”

പൊറുക്കാനാവാത്തതെന്ന് അപ്പന്‍ കരുതുന്ന പലതും അമ്മ പൊറുക്കും. അമ്മയുടെ മനസാകുന്ന വിചാരണക്കോടതിയില്‍ എല്ലാറ്റിനും മാപ്പുണ്ട്. തള്ളിപ്പറയുന്ന, അവഗണിക്കുന്ന മകനുവേണ്ടി കണ്ണുനീരോടെ പ്രാര്‍ത്ഥിക്കാനും കാത്തിരിക്കാനും കഴിയുന്നത് അമ്മയ്ക്കല്ലേ? അതുകൊണ്ടുതന്നെയാണ് മക്കളുടെ ഹൃദയത്തില്‍ അപ്പനേക്കാള്‍ കൂടുതല്‍ അമ്മയ്ക്ക് ഇടം കിട്ടുന്നതും കീഴ്‌പ്പെടുത്തുന്ന സ്വാധീനമായി അമ്മ മാറുന്നതും. അപ്പോള്‍പ്പിന്നെ അമ്മയെക്കഴിഞ്ഞും മനുഷ്യനെ സ്‌നേഹിക്കുന്ന ക്രിസ്തുവിന്റെ ഹൃദയാര്‍ദ്രതയെ എന്തിനോടുപമിക്കാന്‍!

ക്രിസ്തുവിന്റെ മുറിവേറ്റ ഹൃദയം ഇതുകൂടി നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്-  നിനക്ക് ആരെയെങ്കിലും ആത്മാര്‍ത്ഥമായി സ്‌നേഹിക്കണമെന്നുണ്ടെങ്കില്‍ മുറിവേറ്റേ മതിയാകൂ. തോറ്റുകൊടുക്കലിന്റെ, നിശ്ശബ്ദമായ സഹനത്തിന്റെയൊക്കെ മുറിവുകള്‍.

അന്യായമായും നീ സഹിക്കണം. പകരം വീട്ടാന്‍ നിനക്കാവില്ല. നഷ്ടങ്ങളുടെ കണക്കേ നിനക്കുണ്ടാവുകയുളളൂ. ഒപ്പം നിന്റെ മുറിവുകള്‍ മറ്റുള്ളവര്‍ക്ക് സൗഖ്യം നല്‍കാനുതകുന്ന തിരുമുറിവുകളാക്കി മാറ്റുകയും വേണം. സമാനമായൊരു മുറിവ് വേറൊരാള്‍ക്ക് നല്‍കുകയില്ലെന്ന സ്‌നേഹശാഠ്യത്തില്‍ നിന്നാണതുണ്ടാവുക.

അപ്പോള്‍ നിന്റെ മാത്രമല്ല നിന്റെ ചുറ്റുമുള്ളവരുടെ ജീവിതംകൂടി പ്രകാശപൂര്‍ണ്ണമാകും. നമ്മളാവട്ടെ, ഈ ക്രിസ്തുവിനെ ധ്യാനിക്കാതെ ദ്രോഹിച്ചു എന്നു തോന്നുന്നവനോടു പലിശസഹിതം പകരം വീട്ടണമെന്നു നിരൂപിച്ചുകൊണ്ട്, ‘ഈശോ എന്റെ ഹൃദയം നിന്റെ ഹൃദയം പോലെയാക്കണമേ’ എന്നു ലുത്തീനിയാ പാടുന്നു!

രാഷ്ട്രസ്‌നേഹത്തിന്റെയും മതസ്‌നേഹത്തിന്റെയുമൊക്കെ പേരില്‍ മനുഷ്യന്റെ ചോര മണ്ണില്‍ വീഴ്ത്തുവാന്‍ അനുവദിക്കുന്ന രാഷ്ട്രീയനേതാക്കളും മതനേതാക്കളും നമുക്കുണ്ട്. ദയാവധവും ഗര്‍ഭഛിദ്രവുമൊക്കെ നിയമാനുസൃതമാക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. സ്വാര്‍ത്ഥവും സ്‌നേഹരാഹിത്യവുമൊക്കെത്തന്നെ അതിനു പിന്നില്‍.

ബുദ്ധിയും യുക്തിയും ശരിയെന്നു പറയുന്ന പലതും ഹൃദയപൂര്‍വ്വം ചിന്തിക്കുമ്പോള്‍ അരുതാത്തവയാണെന്നു തിരിച്ചറിയും. അനാഥമാക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ബാല്യകൗമാരങ്ങള്‍ക്കും ഉപേക്ഷിക്കപ്പെടുന്ന വൃദ്ധര്‍ക്കും പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വത്തിനും ഒക്കെ പിന്നില്‍ ആരുടെയൊക്കെയോ ഹൃദയശൂന്യതകളല്ലേ?

അതിപ്രായോഗികതയുടെയും കണക്കുകൂട്ടലിന്റെയും ഈ ലോകത്തില്‍ ‘അമ്മയുടെ മനസ്’ എവിടെയൊക്കെയോവച്ച് നമുക്കു നഷ്ടപ്പെടുന്നതുകൊണ്ടാണ് ഊഷ്മളമായ ബന്ധങ്ങള്‍ നമുക്കില്ലാതെപോകുന്നതും ജീവിതം ഇത്ര വിരസമാകുന്നതും. ആര്‍ദ്രതയുള്ള സ്‌നേഹം കുടുംബത്തില്‍നിന്നുപോലും കിട്ടാതെ പോകുന്നവരാണല്ലോ പലപ്പോഴും കൂടുതല്‍ കഠിനചിത്തരാകുന്നത്.

ഇഴയടുപ്പമുള്ള ഹൃദയബന്ധങ്ങള്‍ ജീവിതത്തെ സുന്ദരമാക്കുന്നു. നിങ്ങള്‍ ഒരു പിശാചിനെ സ്‌നേഹത്തോടെ ചുംബിച്ചാല്‍ അവനൊരു മാലാഖയാകുമെന്നു പറയുന്നത് വെറുതെയാണെന്ന് തോന്നുന്നില്ല. ആസുരമായ ഈ ലോകത്തെ കുറേക്കൂടി സ്വര്‍ഗീയമാക്കാന്‍ ഹൃദയപൂര്‍വ്വകമായ സ്‌നേഹത്തിനു മാത്രമേ കഴിയൂ. അവിവേകവും മണ്ടത്തരവും എന്നൊക്കെ തോന്നിയാലും ക്രിസ്തുസഹജമായ ഈ സ്‌നേഹത്തിനു മാത്രമേ ലോകത്തെ രക്ഷിക്കാനാവൂ. അല്‍പം കൂടി ക്ഷമിക്കാനും സഹിക്കാനും പ്രാര്‍ത്ഥിക്കാനും തിരുഹൃദയധ്യാനം നമ്മെ ബലപ്പെടുത്തണം. അതിനുള്ള എളിയൊരു ശ്രമംപോലും നമ്മുടെ ജീവിതത്തെ കുറേക്കൂടി ദീപ്തമാക്കും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?