ആഗോളസഭ ലൂർദ് മാതാവിന്റെ തിരുനാൾ (ഫെബ്രു.11) ആഘോഷിക്കുമ്പോൾ, പരിശുദ്ധ അമ്മയുടെ സവിശേഷ സാന്നിധ്യം അനുഭവിക്കാനാകുന്ന ആറു തലങ്ങൾ പങ്കുവെക്കുന്നു ലേഖകൻ.
ദൈവാലയങ്ങളിലും ഭവനങ്ങളിലും കത്തിജ്വലിക്കുന്ന ചെറുദീപങ്ങൾ ദൃശ്യവും അദൃശ്യവുമായ ഈശ്വരസാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. സന്ധ്യാസമയങ്ങളിൽ ദൈവാലയ മണിമുഴങ്ങുമ്പോൾ നാം ഒന്നുചേർന്ന് ഉരുവിടുന്ന ജപമാലയിലൂടെ പരിശുദ്ധ അമ്മ നമ്മെ ഏവരെയും തന്റെ പുത്രന്റെ സാന്നിധ്യത്തിലേക്ക് നയിക്കുന്നു. അതിനാൽ തന്നെ പരിശുദ്ധ അമ്മയുടെ ദൃശ്യവും അദൃശ്യവുമായ കരങ്ങൾ നമുക്ക് ഏവർക്കും ഒരു മുതൽക്കൂട്ടാണ്.
ഫെബ്രുവരി 11ന് ആഗോള സഭ ലൂർദ് മാതാവിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. അന്നേ ദിനം തന്നെയാണ് ലോകമെമ്പാടും രോഗീ ദിനമായി ആചരിക്കുന്നതും. ഇന്ന് ലൂർദിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യത്താൽ ഒത്തിരിയേറെ അടയാളങ്ങളും അത്ഭുതങ്ങളും നടന്നു കൊണ്ടിരിക്കുന്നു. അതിനാൽ അന്നേ ദിനം രോഗികൾക്കായി പ്രാർത്ഥിക്കുമ്പോൾ, കൊറോണാ ഭീതിയിൽ കഴിയുന്ന എല്ലാവരെയും പരിശുദ്ധ അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കാം.
ഈ വിശേഷാൽ ദിനത്തിൽ, പരിശുദ്ധ അമ്മയുടെ സവിശേഷ സാന്നിധ്യം അനുഭവിക്കാനാകുന്ന ആറു തലങ്ങളെ കുറിച്ച് ധ്യാനിക്കാം, പ്രാർത്ഥിക്കാം.
1. ഇടപെടുന്ന സാന്നിധ്യം
നമ്മൾ അറിയാതെ തന്നെ നമ്മുടെ ജീവിതത്തിൽ ഇടപെടുന്ന സാന്നിധ്യമാണ് പരിശുദ്ധ അമ്മ. കാനായിലെ കല്യാണ വിരുന്നിനെ കുറിച്ചുള്ള വചന ഭാഗം നമുക്കെല്ലാവർക്കും സുപരിചിതമാണ്. വീഞ്ഞിന്റെ ദൗർലഭ്യം വിവാഹാഘോഷത്തിന്റെ മോഡി കുറക്കുവാൻ കാരണമായിരുന്നെങ്കിലും പരിശുദ്ധ അമ്മയുടെ അധികമാരുമറിയാത്ത ഇടപെടൽ വിവാഹാഘോഷത്തെ സന്തോഷപൂർണമാക്കി. തന്റെ ഇടപെടൽ അവിടെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് ഉചിതമായി പ്രവർത്തിച്ച പരിശുദ്ധ അമ്മ ഇതിലൂടെ തന്റെ ഇടപെടുന്ന സാന്നിധ്യം വെളിവാക്കുന്നു.
2. തേടിയെത്തുന്ന സാന്നിധ്യം
എലിസബത്തിനെ സന്ദർശിക്കുന്ന പരിശുദ്ധ അമ്മയെ കുറിച്ച് നമ്മൾ വായിക്കുന്നു. മക്കളില്ലാതെ വർഷങ്ങളോളം ജീവിച്ച എലിസബത്ത് ഗർഭിണിയായി എന്ന വിവരം കേട്ടപ്പോൾ പരിശുദ്ധ അമ്മ തിടുക്കത്തിൽ യാത്രയായി. പാതിവഴിയിൽ കാണാതായ തന്റെ തിരുക്കുമാരനെ അന്വേഷിച്ച് ജെറുസലേം ദൈവാലയത്തിലേക്ക് അവനെ തേടിപോകുന്ന പരിശുദ്ധ അമ്മയുടെ സാന്നിധ്യം, സകലതും നക്ഷ്ടപ്പെട്ടു എന്ന് കരുതുന്ന മനുഷ്യർക്ക് ആലംബമാണ്. ആരും ഉപേക്ഷിക്കപ്പെടാതെ എല്ലാവരെയും ദൈവത്തിലേക്ക് അടുപ്പിക്കണം എന്ന ആത്മീയ ഉണർവാണ് പരിശുദ്ധ അമ്മയിലുടെ നമ്മെ തേടി എത്തുന്ന സാന്നിധ്യം.
3. നിശബ്ദമാകുന്ന സാന്നിധ്യം
ചരിത്രത്തിന്റെ ഏടുകൾ മറിച്ചു നോക്കുമ്പോൾ ദൈവീക ഇടപെടലുകൾ മുഴുവനും നിശബ്ദതയിൽ ആയിരുന്നു എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. പരിശുദ്ധ അമ്മയുടെ ജീവിതവും ഇതിനൊരു തെളിവാണ്. ഏതൊരു മനുഷ്യനും ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുവാൻ സഹായിക്കുന്ന ഒന്നാണ് നിശബ്ദത. മത്താ 1:35 മുതലുള്ള വാക്യങ്ങളിൽ പരിശുദ്ധ കന്യകാമറിയത്തോട് ഗബ്രിയേൽ മാലാഖ ഈശോയുടെ ജനനത്തെക്കുറിച്ച് അറിയിക്കുന്നു. പരിശുദ്ധ കന്യകാമറിയം ആകുലയായെങ്കിലും നിശബ്ദയായിട്ടാണ് ദൈവത്തിന്റെ വിളിയെ സ്വീകരിച്ചത്.
ലൂക്ക 2:22മുതലുള്ള വാക്യങ്ങളിൽ ഈശോയുടെ ദൈവാലയ സമർപ്പണത്തെ കുറച്ചു നാം വായിക്കുന്നു. ഇവിടെ ശിമയോൻ, ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും,’ എന്ന് പരിശുദ്ധ അമ്മയോട് പറയുന്ന ഭാഗം ഏറെ ശ്രദ്ധേയമാണ്. ഇവിടെയും പരിശുദ്ധ അമ്മയുടെ നിശബ്ദതയെക്കുറിച്ച് നാം ചിന്തിക്കേണ്ടതാണ്. ഏതു പ്രതിസന്ധിയും ദൈവത്തിന് ഭരമേൽപ്പിക്കുക എന്നതാണ് പരിശുദ്ധ അമ്മയുടെ നിശബ്ദ സാന്നിധ്യംകൊണ്ട് അർത്ഥമാക്കുന്നത്.
4. സ്‌നേഹമാകുന്ന സാന്നിധ്യം
സ്‌നേഹമാണ് ദൈവത്തിന്റെ ഭാഷ. മാനുഷിക പ്രശ്‌നങ്ങൾക്ക് സ്‌നേഹത്തിലൂടെ മാത്രമേ പരിഹാരം കണ്ടെത്തുവാൻ സാധിക്കൂ എന്ന് ഫ്രാൻസിസ് പാപ്പ നമ്മെ ഓർമിപ്പിക്കുന്നു. അമ്മ എന്നാൽ സ്‌നേഹത്തിന്റെ പ്രതീകമാണ്. അതിനാൽ ഒരമ്മയ്ക്ക് കുഞ്ഞിനെയും, കുഞ്ഞിന് അമ്മയെയും മറക്കുവാൻ സാധിക്കില്ല. എന്നാൽ പരിശുദ്ധ അമ്മയുടെ സ്‌നേഹമാകുന്ന സാന്നിധ്യം ഇതിലും വളരെ ഉപരിയാണ്.
ഇതിനുദ്ദാഹരണമാണ് സ്‌നേഹത്തോട് കൂടി ഈശോയെ ഉദരത്തിൽ സ്വീകരിച്ചതിലൂടെ നമുക്ക് കാണുവാൻ സാധിക്കുന്നത്. പരിശുദ്ധ അമ്മ സത്യത്തിൽ ഈശോയെ പ്രസവിക്കാൻ ഇടം ലഭിക്കാതെ വന്നപ്പോഴും ഈജിപ്തിലേക്ക് പലായാനം ചെയ്യേണ്ടിവന്നപ്പോഴും സ്‌നേഹത്തെപ്രതി ഇവയെല്ലാം അതിജീവിക്കുകയായിരുന്നു. നിസ്വാർത്ഥമായി എല്ലാം ദൈവത്തിനു വേണ്ടി ചെയ്യുന്നതാണ് പരിശുദ്ധ അമ്മയുടെ സ്‌നേഹമാകുന്ന സാന്നിധ്യം.
5. അണയാത്ത സാന്നിധ്യം
ഈശോയുടെ ജീവിതത്തിലെ ഓരോ കാൽവെയ്പ്പിലും പരിശുദ്ധ അമ്മയുടെ നിതാന്തമായ സാന്നിധ്യം പ്രകടമാണ്. കാലിത്തൊഴുത്ത് മുതൽ കാൽവരി വരെ പരിശുദ്ധ അമ്മ തന്റെ തിരുകുമാരനോടൊപ്പം നടന്നവളാണ്. തന്റെ തിരുമകന്റ പീഡാസഹനങ്ങളിൽ ആശ്വാസവും ധൈര്യവുമേകി കൊണ്ട് അവന്റെ കൂടെ നടന്നു. ഈശോയുടെ മരണ ശേഷം പരിഭ്രാന്തരായ ശിഷ്യരെ ഒന്നിച്ചു കൂട്ടി പ്രാർത്ഥിക്കുന്ന പരിശുദ്ധ അമ്മയുടെ അണയാത്ത സാന്നിധ്യം ശിഷ്യർക്ക് ആത്മധൈര്യം നൽകുന്നുമുണ്ട്.
6. ആശ്രയിക്കാവുന്ന സാന്നിധ്യം
ഏതൊരമ്മയ്ക്കും തന്റെ മകന്റെ വേദന ഹൃദയത്തിൽ നൊമ്പരമുളവാകുന്നതാണ്. യോഹന്നാൻ 1:25 ൽ കുരിശിൻ ചുവട്ടിൽ നൊമ്പരത്തോടെ ഇരിക്കുന്ന പരിശുദ്ധ അമ്മയോട് യോഹന്നാനെ നോക്കികൊണ്ട് ഇതാ നിന്റെ മകൻ എന്നും യോഹന്നാനോട് ഇതാ നിന്റെ അമ്മയെന്നും ഈശോ പറയുന്നുണ്ട്, ഇതോടെ മനുഷ്യകുലത്തിനു മുഴുവൻ അവൾ അമ്മയാണെന്നും, ആശ്രയിക്കാവുന്ന സാന്നിധ്യമാണെന്നും ഈശോ വ്യക്തമാകുന്നു.
തന്റെ തിരുമകൻ ഭരമേൽപ്പിച്ച മനുഷ്യവർഗത്തെ പരിപാലിക്കാൻ അവൾ ശക്തയാണ്. സർപ്പത്തിന്റെ തല തകർത്ത അവൾ ആലംബരഹിതർക്കും മാറാരോഗികൾക്കും സാന്നിധ്യവും സൗഖ്യവുമായി ഇന്നും നിറദീപമായി പ്രശോഭിക്കുന്നു. ആ അമ്മയുടെ സവിധത്തിൽ ഒന്നുചേരാം. അങ്ങനെ നമ്മുക്കും ഈശോയുടെ സാന്നിധ്യം അനുഭവിക്കാം. പരിശുദ്ധ അമ്മയോട് ചോർന്നുനിന്നുകൊണ്ട് യേശുവിനെ മഹത്വപെടുത്തി അവിടുത്തേ സാന്നിധ്യത്തെ പ്രഘോഷിക്കാം, മഹത്വപ്പെടുത്താം.
Leave a Comment
Your email address will not be published. Required fields are marked with *