ജുബ: ഈശോ വാഗ്ദാനം ചെയ്യുന്ന സമാധാനത്തിനായി ഒരു മനസോടെ പ്രവർത്തിക്കാൻ സൗത്ത് സുഡാനിലെ ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പ്രഥമവും പ്രധാനപ്പെട്ടതുമായ കാര്യം പ്രാർത്ഥനയാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, പ്രാർത്ഥന കൂടാതെ യഥാർത്ഥ ഐക്യവും സമാധാനവും സംജാതമാവില്ലെന്നും വ്യക്തമാക്കി.
സൗത്ത് സുഡാൻ പര്യടനത്തിലെ സുപ്രധാന കാര്യപരിപാടികളിൽ ഒന്നായ എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷ നയിക്കവേയായിരുന്നു പാപ്പയുടെ സന്ദേശം. ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി, സ്‌കോട്ട്ലൻഡിലെ ആംഗ്ലിക്കൻ സഭാ മോഡറേറ്റർ റവ. ലെയിൻ ഗ്രീൻഷീൽഡ്സ് എന്നിവർക്കൊപ്പം സൗത്ത് സുഡാൻ പ്രസിഡന്റ് സാൽവ കിറും അദ്ദേഹത്തിന്റെ മന്ത്രിസഭാഗങ്ങളും വിവിധ ക്രൈസ്തവ സഭകളിൽനിന്നുള്ള പ്രതിനിധികളും ശുശ്രൂഷയിൽ സന്നിഹിതരായിരുന്നു.
ഈശോയെ തിരഞ്ഞെടുക്കുമ്പോൾ സമാധാനമാണ് നാം യഥാർത്ഥത്തിൽ തിരഞ്ഞെടുക്കുന്നതെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു. മറുവശത്ത് അക്രമം നടത്തുകയും യുദ്ധം ചെയ്യുകയും ചെയ്യുമ്പോൾ കർത്താവിനെയും അവിടുത്തെ സുവിശേഷത്തെയും ഒറ്റുകയാണ് ചെയ്യുന്നത്. ദൈവീകമായ സമാധാനം എന്നത് സംഘട്ടനങ്ങൾക്കിടയിലെ സന്ധിയല്ല, മറിച്ച്, ഐക്യത്തിൽനിന്നും അനുരജ്ഞനത്തിൽനിന്നും ലഭിക്കുന്ന സാഹോദര്യ കൂട്ടായ്മയാണ്.
നാനാത്വത്തെ സമന്വയിപ്പിക്കുന്നതും ബഹുസ്വരതയിൽ ഐക്യം പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു സമാധാനം സംജാതമാക്കാൻ നാം പരിശ്രമിക്കണം. നിരന്തരം പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ച പാപ്പ, ഭയത്തെ അതിജീവിക്കാൻ വിശ്വാസികളെ ശക്തരാക്കുന്നതും ദൈവത്തിന്റെ രക്ഷ ജനങ്ങൾക്കുമേൽ വർഷിക്കപ്പെടുന്നതും പ്രാർത്ഥനയിലൂടെയാണെന്നും വ്യക്തമാക്കി. ഓർമ, പ്രതിബദ്ധത എന്നീ വാക്കുകൾ പരാമർശിച്ചുകൊണ്ട്, സൗത്ത് സുഡാൻ ജനതയ്ക്ക് സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള പാതയിൽ ഉറച്ചുനിൽക്കാൻ ഈ രണ്ട് വാക്കുകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഓർമ എന്നാൽ നിങ്ങൾ സ്വീകരിക്കുന്ന ചുവടുകൾ നിങ്ങൾക്കുമുമ്പ് പോയവരുടെ കാൽപ്പാടുകൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്. പ്രതിബദ്ധത എന്നാൽ സ്നേഹത്തിൽ അടിയുറച്ച ഐക്യത്തിലേക്കുള്ള യാത്ര എന്നാണ് അർത്ഥമാക്കുന്നത്,’ പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *