Follow Us On

27

April

2024

Saturday

ഇടയവഴിയിലെ സ്‌നേഹത്തണല്‍

ഇടയവഴിയിലെ  സ്‌നേഹത്തണല്‍

ഷാജി ജോര്‍ജ്
(ലേഖകന്‍ കെആര്‍എല്‍സിസിയുടെ മുന്‍ വൈസ് പ്രസിഡന്റാണ്).

”ഞാന്‍ കാരണം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം.” നാലുവര്‍ഷം വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാനും 13 വര്‍ഷം കോട്ടപ്പുറം രൂപതയുടെ മെത്രാനായും സേവനമനുഷ്ഠിച്ച് വിരമിച്ച ഡോ. ജോസഫ് കാരിക്കശേരി പിതാവിന്റെ വിടവാങ്ങല്‍ പ്രസംഗത്തിലെ വാക്കുകളാണിത്. നിര്‍മ്മലമായ ഒരു ഹൃദയമെന്നില്‍ നിര്‍മ്മിച്ചരുളുക നാഥാ ……എന്ന ഫാ. ജോസഫ് മനക്കലിന്റെ പ്രശസ്തമായ ഗാനം ഉണ്ടല്ലോ. ആ പ്രാര്‍ത്ഥന ആവര്‍ത്തിച്ച് ഉരുവിട്ട് ജീവിതത്തെ നിര്‍മ്മലമാക്കിയ പുരോഹിത ശ്രേഷ്ഠനാണ് കാരിക്കശേരി പിതാവ്.

ഗസ്റ്റ് റൂമില്‍ നാല് വര്‍ഷം
അടുത്തറിയുമ്പോള്‍ ഹൃദയത്തില്‍ ആഞ്ഞുപതിക്കുന്ന നിരവധി കാര്യങ്ങള്‍കൊണ്ട് കാരിക്കശേരി പിതാവ് നമ്മുടെ സ്‌നേഹവും ആദരവും സ്വന്തമാക്കും. 74-ാമത്തെ വയസില്‍ മാര്‍പാപ്പയ്ക്ക് തന്റെ രാജിക്കത്ത് അയച്ചു കൊടുത്തതിനുശേഷം മെത്രാന്റെ ഓഫീസ് മുറിയും താമസമുറിയും ഉപേക്ഷിച്ച് കോട്ടപ്പുറം ബിഷപ്‌സ് ഹൗസിലെ ഒരു ചെറിയ മുറിയിലേക്ക് അദ്ദേഹം ഒതുങ്ങി. എപ്പോള്‍ പിന്‍ഗാമി പ്രഖ്യാപിക്കപ്പെടുന്നോ ആ നിമിഷം സ്ഥാനം ഒഴിഞ്ഞു കൊടുക്കാനുള്ള ജാഗ്രതയാണ് അതില്‍ പ്രതിഫലിച്ചത്. എന്നാല്‍ കോട്ടപ്പുറം ബിഷപ്‌സ് ഹൗസിലെ ഗസ്റ്റ് റൂമിലെ താമസം നാലുവര്‍ഷം നീണ്ടുപോയി. ഇപ്പോള്‍ 78-ാമത്തെ വയസിലാണ് രാജി സ്വീകരിച്ചത്.

എന്നും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യം കാണിച്ച കാരിക്കശേരി പിതാവ് കോട്ടപ്പുറം രൂപതയുടെ എല്ലാ കുടുംബ യൂണിറ്റുകളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പെരിങ്ങല്‍കൂത്ത്, അതിരപ്പിള്ളി, ചാലക്കുടി, കണ്ടശാംകടവ് ഈ സ്ഥലങ്ങളിലെ സന്ദര്‍ശനം സാഹസികത നിറഞ്ഞതായിരുന്നു. രാത്രികാലങ്ങളില്‍ ആന ഇറങ്ങുന്ന സ്ഥലങ്ങളില്‍ തന്റെ ജനത്തോടൊപ്പം അവരുടെ കുടിലുകളില്‍ അദ്ദേഹം താമസിച്ചു. മലയടിവാരങ്ങളില്‍ കാര്‍ യാത്ര അവസാനിപ്പിച്ച് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് തന്റെ ജനങ്ങളുടെ അടുത്തെത്തി. അവരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും നേരില്‍ക്കണ്ടു.
ആവേശംകൊള്ളിച്ച തമിഴ് പ്രസംഗം

1972ല്‍ പുരോഹിതനായ ഫാ. ജോസഫ് കാരിക്കശേരി എളംകുളം ഇടവകയില്‍ സേവനം ചെയ്യുമ്പോള്‍ നടന്ന ഒരു സംഭവം പലവട്ടം കേട്ടിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് ശമ്പളം 250 രൂപയാണ്. അതില്‍ നിന്ന് പള്ളിയിലെ ടെലിഫോണിന്റെ വാടകയും കൊടുക്കണം. ചിലവുകള്‍ക്ക് പണം കണ്ടെത്താന്‍ അദ്ദേഹം വല്ലാതെ ബുദ്ധിമുട്ടി. അവസാനം പാരീഷ് കൗണ്‍സിലിന് ഒരു കത്ത് അദ്ദേഹം നല്‍കി. എന്റെ ശമ്പളത്തില്‍ 150 രൂപ കൂട്ടി നല്‍കണം. ടെലിഫോണ്‍ പൈസ അടയ്ക്കാന്‍ എനിക്ക് അത് ആവശ്യമാണ്. ആ കത്ത് വായിച്ച പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ വല്ലാതെയായി.

150 രൂപയ്ക്കുവേണ്ടി വികാരിയച്ചന്‍ അപേക്ഷ നല്‍കിയിരിക്കുന്നു. അന്നുമുതല്‍ തങ്ങളുടെ സഹായവും സ്‌നേഹവും എളംകുളം ഇടവകക്കാര്‍ കാരിക്കശേരി അച്ചന് നല്‍കിയിട്ടുണ്ട്. അവരില്‍ ചിലരാകട്ടെ വരുമാനത്തിന്റെ ദശാംശം കൃത്യമായി കാരിക്കശേരി പിതാവിന്റെ സാമൂഹ്യസഹായ നിധിയിലേക്ക് നല്‍കിവരുന്നു. കയ്യില്‍ പണമില്ലെങ്കിലും പണമുള്ളവരോട് മറ്റുള്ളവരെ സഹായിക്കാന്‍ പറയാന്‍ അദ്ദേഹം ഒരിക്കലും മടി കാണിച്ചിട്ടില്ല.
സാമൂഹ്യതിന്മകള്‍ക്കെതിരെ അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടം വിസ്മരിക്കാനാവില്ല. ചിറ്റൂര്‍ മണ്ഡലത്തിലെ വടകരപ്പതി വലതുഭാഗം കനാലിനു വേണ്ടി നടന്ന സമരങ്ങളില്‍ സജീവമായി ഇടപെട്ടു. ഒരിക്കല്‍ തമിഴില്‍ പ്രസംഗിച്ച് ജനങ്ങളെ ആവേശം കൊള്ളിച്ചു. തമിഴ് പ്രസംഗം മലയാളത്തില്‍ എഴുതിയാണ് അന്ന് അദ്ദേഹം ജനങ്ങളെ ഇളക്കിമറിച്ചത്. ലഹരിക്കെതിരെ എന്നും ശക്തമായി പ്രവര്‍ത്തിച്ചു.

ബോയ്‌സ് ഹോം
സിആര്‍ഇസഡ് വിജ്ഞാപനത്തിലെ അപാകതകള്‍ക്കെതിരെ കെആര്‍എല്‍സിസി നടത്തിയ പദയാത്രയില്‍ ആയിരങ്ങളോടൊപ്പം കാരിക്കശേരി പിതാവ് പങ്കുചേര്‍ന്നു. ലാളിത്യമാണ് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ മറ്റൊരു ആകര്‍ഷക ഘടകം. 1986 ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ കളമശേരി ഹോളി ഏഞ്ചല്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ആയിരുന്നു അദ്ദേഹം. അവിടെ പ്രവര്‍ത്തിച്ചിരുന്ന ബോയ്‌സ് ഹോം അദ്ദേഹത്തിന്റെ പ്രധാന സേവന മേഖലയായിരുന്നു. അവിടുത്തെ കുട്ടികളെ ജീവനുതുല്യം സ്‌നേഹിച്ചു. അവിടെ താമസിച്ച് പഠിച്ച് വളര്‍ന്നവരുടെ കൂട്ടായ്മയില്‍ ഇക്കൊല്ലവും അദ്ദേഹം പങ്കെടുത്തു. അക്കാലങ്ങളില്‍ ഒരു പായും തലയിണയും ആയിരുന്നു അദ്ദേഹത്തിന്റെ ആഢംബര വസ്തുക്കള്‍.

അനേകര്‍ക്ക് സ്‌നേഹവും സമാശ്വാസവും നല്‍കി ഇടയജീവിതത്തിന്റെ ശ്രേഷ്ഠതയില്‍ നിന്ന് വിശ്രമജീവിതത്തിന്റെ വാതില്‍ തുറക്കുകയാണ് കാരിക്കശേരി പിതാവ്. ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പ്രകടിപ്പിക്കാഞ്ഞതുകൊണ്ട് വിശ്രമജീവിതത്തിന് കൂട്ടായി ചില രോഗങ്ങളുമുണ്ട്. പക്ഷേ, അതിനെയൊക്കെ വകവയ്ക്കാത്ത ആത്മധൈര്യവും ദൈവാശ്രയത്വവും കൂട്ടിനുള്ള ഈ ഇടയന് കൂടുതല്‍ നന്മ ചെയ്യാന്‍ സര്‍വ്വേശ്വരന്‍ കരുത്തുപകരും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?