കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മുന്‍ വികാരി ജനറലും അറിയപ്പെടുന്ന മനുഷ്യ സ്നേഹിയുമായിരുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഥമഘട്ടമായ ദൈവദാസ പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധര്‍ക്കുള്ള കാര്യാ ലയത്തില്‍ നിന്നും അനുമതി ലഭിച്ചു. ജൂലൈ 19ന് ദൈവദാസ പദവി പ്രഖ്യാപനം നടക്കും. എറണാകുളം ജനറല്‍ ആശുപത്രിയിലെ ചാപ്ലിനായി വര്‍ഷങ്ങളോളം മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
വരാപ്പുഴ അതിരൂപതയിലെ ആദ്യത്തെ മതബോധന ഡയറക്ടര്‍ എന്ന നിലയില്‍ വിശ്വാസ പരിശീലനത്തിന് ഊടും പാവുമേകി. ദൈവകൃപ നിറഞ്ഞ ആത്മീയ പിതാവ്, സമുദായത്തിന്റെ ശ്രേഷ്ഠ ഗുരു എന്നീ നിലകളില്‍ പ്രശസ്തനാണ് മോണ്‍. ഇമ്മാനുവല്‍ ലോപ്പസ്. ജൂലൈ 19ന് വരാപ്പുഴ മെത്രാസന മന്ദിരത്തില്‍ നിന്നും ഛായാ ചിത്ര പ്രയാണം മോണ്‍. ഇമ്മാനുവല്‍ ലോപ്പസിന്റെ മാതൃ ഇടവകയായ ചാത്യാത്ത് മൗണ്ട് കാര്‍മല്‍ ദേവാലയത്തിലേക്ക് എത്തിച്ചേരും. തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ ആര്‍ച്ചു ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പുഷ്പാര്ച്ചനയര്പ്പിക്കും. അതേത്തുടര്‍ന്ന് പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിക്കുമെന്ന് സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫാ. പോള്‍സണ്‍ കൊറ്റിയാത്ത് അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *