Follow Us On

15

January

2025

Wednesday

വര്‍ക്കിയച്ചന്റെ ജീവിതത്തില്‍നിന്നും പുണ്യത്തിന്റെ പൂക്കള്‍ ഇറുത്തെടുക്കണം

വര്‍ക്കിയച്ചന്റെ ജീവിതത്തില്‍നിന്നും  പുണ്യത്തിന്റെ പൂക്കള്‍ ഇറുത്തെടുക്കണം

കുളത്തുവയല്‍: വര്‍ക്കിയച്ചന്റെ ജീവിതത്തില്‍നിന്നും പുണ്യത്തിന്റെ പൂക്കള്‍ ഇറുത്തെടുത്ത് നമ്മുടെ ജീവിതത്തോടു ചേര്‍ത്തുവയ്ക്കണമെന്ന് താമരശേരി രൂപതാ വികാരി ജനറാള്‍ മോണ്‍. അബ്രാഹം വയലില്‍. എംഎസ്എംഐ സന്യാസസഭാ സ്ഥാപകനും ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവുമായ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ 14-ാം ചരമവാര്‍ഷിക ദിനത്തില്‍ എംഎസ്എംഐ ജനറലേറ്റില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കൊച്ചുകൊച്ചു നേട്ടങ്ങള്‍ കൂട്ടിവച്ചു വിശുദ്ധനായ മനുഷ്യനാണ് വര്‍ക്കിയച്ചനെന്ന് മോണ്‍. വയലില്‍ കൂട്ടിച്ചേര്‍ത്തു. ദൈവതിരുസന്നിധിയില്‍ മണിക്കൂറുകള്‍ ചെലവഴിച്ച് അവിടുത്തെ ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ വര്‍ക്കിയച്ചന്‍ തയാറായതുകൊണ്ടാണ്, ആരംഭിച്ച പ്രവര്‍ത്തനങ്ങളെല്ലാം വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്.

ശാലോം മാധ്യമ ശുശ്രൂഷ ഇത്രമാത്രം വളര്‍ന്നതും വര്‍ക്കിയച്ചന്റെ ആദ്ധ്യാത്മിക പിന്‍ബലത്തിലാണ്. മലബാര്‍ മേഖലയില്‍ ആത്മീയതയുടെ ഒട്ടേറെ ഉറവകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ്, ഇല്ലായ്മയുടെ നടുവില്‍ കര്‍ത്താവിന്റെ കൃപയില്‍ ആശ്രയിച്ചാണ് എംഎസ്എംഐ സന്യാസ സമൂഹത്തിന് അദ്ദേഹം തുടക്കംകുറിച്ചതെന്ന് മോണ്‍. വയലില്‍ പറഞ്ഞു.

ജീവിതത്തിലെ ഏതു വിപരീത സാഹചര്യത്തെയും പോസിറ്റീവായി സ്വീകരിക്കാന്‍ അച്ചനു കഴിഞ്ഞു. എവിടെയും നന്മ ഉണ്ടെന്ന തിരിച്ചറിവ് വര്‍ക്കിയച്ചന്‍ ജീവിതത്തിലൂടെ പകര്‍ന്നു നല്‍കി. കാത്തിരിക്കുന്നവര്‍ വരാന്‍ വൈകിയാല്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് തന്നെ പഠിപ്പിച്ചത് വര്‍ക്കിയച്ചനാണ്; മോണ്‍. വയലില്‍ അനുസ്മരിച്ചു. വിശ്വാസരാഹിത്യമാണ് പല ജീവിത പ്രതിസന്ധികളുടെയും കാരണം. ഈ പ്രാര്‍ത്ഥനാ ദിനത്തില്‍ വര്‍ക്കിയച്ചന്‍ സ്വര്‍ഗത്തില്‍നിന്നും ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ വാങ്ങി വിതറുമെന്ന് ഉറച്ചുവിശ്വസിക്കാമെന്ന് മോണ്‍. അബ്രാഹം വയലില്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?