Follow Us On

15

January

2025

Wednesday

മണിപ്പൂര്‍ അക്രമം ഭരണകൂടം നിസംഗം: ഇംഫാല്‍ ആര്‍ച്ചുബിഷപ്

മണിപ്പൂര്‍ അക്രമം ഭരണകൂടം നിസംഗം:  ഇംഫാല്‍ ആര്‍ച്ചുബിഷപ്

ഇംഫാല്‍: മണിപ്പൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ നിശബ്ദതയും ആഭ്യന്തരമന്ത്രിയുടെ കഴിവുകേടും സംസ്ഥാന ഗവണ്‍മെന്റിന്റെ തീരുമാനമില്ലായ്മയും ആശങ്കാജനകമാണെന്ന് ഇംഫാല്‍ ആര്‍ച്ചുബിഷപ് ഡൊമിനിക് ലൂമന്‍. ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും മെയ്‌തേയ്-കുക്കി ഗോത്രങ്ങള്‍ തമ്മില്‍ തുടങ്ങിയ കലാപം എങ്ങനെയാണ് ക്രൈസ്തവ ഉന്മൂലനമായി മാറിയതെന്നും അദ്ദേഹം സഹബിഷപ്പുമാര്‍ക്ക് അയച്ച വിശദമായ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്നരമാസത്തിലേറെയായി മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് തടയിടാന്‍ ഭരണകൂടത്തിനായിട്ടില്ല. മണിപ്പൂരിലെ വിദൂരഗ്രാമങ്ങളില്‍ ഇപ്പോഴും അക്രമവും തീവെപ്പും തുടരുന്നു. വിലയേറിയ ജീവനകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു, ഗ്രാമങ്ങളും വീടുകളും കത്തിച്ചു. വീടുകള്‍ കെള്ളയടിച്ചു. ആരാധനാലയങ്ങള്‍ കത്തിച്ചു. 50,000 ലേറെ പേര്‍ വീടും നാടും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നു.
അനേകായിരങ്ങള്‍ മിസോറാമിലേക്കും മറ്റ് നഗരങ്ങളിലേക്കും ജീവനും കൊണ്ട് ഓടിപ്പോയിരിക്കുന്നു. മണിപ്പൂരില്‍ ഭരണത്തിന്റെ തകര്‍ച്ചയാണ് നാം കാണുന്നത്. അവിടെ പേടിയും അസന്നിഗ്ധതയും നിരാശയും കൊടികുത്തിവാഴുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എന്തുകൊണ്ട് മണിപ്പൂരില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റിന് കഴിയുന്നില്ലയെന്നും അദ്ദേഹം ചോദിക്കുന്നു. ഔദ്യോഗികമായ 100 മരണമല്ല അവിടെ നടന്നിട്ടുള്ളത്. ഗ്രാമങ്ങളിലുള്ള അക്രമങ്ങള്‍ കണക്കില്‍പ്പെടുന്നില്ല. ക്രൈസ്തവരോട് അവരുടെ പഴയ മതത്തിലേക്ക് തിരികെപോകാനും ദൈവാലയങ്ങള്‍ പുനഃനിര്‍മിക്കരുതെന്നും ഓര്‍ഡറുകള്‍ നല്‍കി കഴിഞ്ഞുവെന്നും ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു.
രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മൂന്നാമതൊരു പാര്‍ട്ടിയുടെ ഇടപെടല്‍ വ്യകതമാണ്. അത് ഗുജറാത്തിലും കാണ്ടമാലിലും നടന്ന കലാപങ്ങളിലേതുപോലെ തന്നെയാണ്. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം, അനധികൃത കുടിയേറ്റക്കാര്‍ക്കെതിയുള്ള പോരാട്ടം എന്നൊക്കെ പറയുന്നുണ്ടെങ്കിലും മതപരമായ അസഹിഷ്ണുത വെളിച്ചത്തുവന്നു കഴിഞ്ഞു. ഈ പ്രചാരണങ്ങളെല്ലാം ക്രൈസ്തവരെ ഇല്ലാതാക്കുന്നതിലേക്കാണ് എത്തിച്ചേര്‍ന്നത്; അദ്ദേഹം ചൂണ്ടിക്കാട്ടി.

എങ്കിലും സഭ അക്രമങ്ങളില്‍ സമചിത്തതയോടെ നിന്ന് സംസ്ഥാനത്ത് ശാന്തതയും സമാധാനവും ഐക്യവും പുലര്‍ത്തുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭയ്ക്ക് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്.
സ്ഥിതിഗതികള്‍ സാധാരണഗതിയിലേക്ക് വരുമെന്ന് കരുതുന്നു. മണിപ്പൂരിലെ കലാപത്തെ ഒറ്റപ്പെട്ട സംഭവമായി കാണരുതെന്നും അത് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച് വളരെ വിശാലമായ അര്‍ത്ഥത്തില്‍ മനസിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എല്ലാ രൂപതകളും ഇന്ത്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സും ഈ കാര്യങ്ങളില്‍ വളരെ ദൃഡമായ നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മണിപ്പൂരിലെ സഭ അതീവ ദുഃഖത്തിലും വേദനയിലുമാണ്. സമാധനവും ക്ഷമയും സാഹോദര്യവും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദിപറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?