Follow Us On

15

January

2025

Wednesday

ദൈവം ഉണര്‍ത്തിയ സര്‍ഗാത്മകത

ദൈവം ഉണര്‍ത്തിയ സര്‍ഗാത്മകത

സ്വന്തം ലേഖകന്‍
തൃശൂര്‍

പീറ്റര്‍ ഔസേപ്പ് ചിരിയന്‍കണ്ടത്തിന് 61-ാം വയസില്‍ ദൈവം കൊടുത്ത വരദാനമാണ് കരകൗശല സിദ്ധികള്‍. ഈ പ്രായത്തില്‍ ദൈവം ഉണര്‍ത്തിയ തന്നിലെ സര്‍ഗാത്മക ഭാവങ്ങളെ കരകൗശലപ്രവര്‍ത്തനങ്ങളില്‍ വിനയോഗിക്കാന്‍ അദ്ദേഹം തന്റെ മുഴുവന്‍ സമയവും കണ്ടെത്തുന്നു. വര്‍ണ്ണപേപ്പറുകളുപയോഗിച്ച് 150-ഓളം മനോഹരങ്ങളായ കടലാസു പൂക്കള്‍ ആണ് ആദ്യമായി ഉണ്ടാക്കിയത്. അഭിനന്ദനങ്ങള്‍ പീറ്ററിന് വലിയ പ്രചോദനമായി. തനിക്ക് ഇത്തരം അഭിരുചികള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലയെന്നും ഒരിക്കലും ചെയ്തിട്ടില്ലാത്ത കരകൗശലപ്രവര്‍ത്തനങ്ങള്‍ താന്‍ എങ്ങനെ ചെയ്യുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

~പിന്നീട് ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കള്‍ കൊണ്ട് വലിപ്പത്തില്‍ ഒരു പായ്ക്കപ്പല്‍ രൂപപ്പെടുത്തി. കപ്പല്‍ പീറ്റര്‍ കണ്ടിട്ടില്ല ചിത്രങ്ങളില്‍ കണ്ട ഓര്‍മ മാത്രമാണ് മനസില്‍ ഉള്ളത്. തുടര്‍ന്ന് വിവിധ മോഡലുകളില്‍ വീടുകള്‍, പുല്‍ക്കൂടുകള്‍ എന്നിവ നിര്‍മിച്ചു. ഒരിക്കല്‍ ദൈവാലയത്തില്‍ ആരാധനക്ക് വയ്ക്കുന്ന അരുളിക്കാ ഉണ്ടാക്കാന്‍ പ്രേരണ തോന്നി. ഉടനെ പണി ആരംഭിച്ചു. ഒറ്റ രാത്രി കൊണ്ട് വളരെ മനോഹരമായ അരുളിക്ക തയാറാക്കി. വികാരിയച്ചന്‍ ഉള്‍പ്പെടെ എല്ലാ സുഹൃത്തുക്കളുടെയും പ്രോല്‍സാഹനം ഇദ്ദേഹത്തിന് അതിരറ്റ പ്രചോദനമായി. ഒരിക്കല്‍ പുരാതന വസ്തുശില്‍പത്തിന്റെ മോഡലിലുള്ള ഒരു ദൈവാലയത്തിന്റെ രൂപം മനസില്‍ തെളിഞ്ഞുവന്നു. അതും മനോഹമായി നിര്‍മിച്ചു. തൃശൂര്‍ പുതുക്കാട് ദൈവാലയത്തിന്റെ ഒരു മോഡല്‍ യൂട്യൂബില്‍ കണ്ടതനുസരിച്ച് അതും നിര്‍മിച്ചു. രോഗങ്ങളുടെ പീഡകള്‍ കൊണ്ടും വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ കൊണ്ടും ജീവിതം വിരസത ആകാതിരിക്കാന്‍ ദൈവം തനിക്ക് തന്ന കൃപയാണ് ഈ കഴിവുകളെന്ന് വിശ്വസിക്കാനാണ് അദ്ദേഹത്തിനിഷ്ടം.

മററം സ്വദേശി ഔസേപ്പ് ചിരിയന്‍കണ്ടത്തിന്റെ 13 മക്കളില്‍ ഏഴാമത്തെ പുത്രനായിരുന്നു പീറ്റര്‍ ഔസേപ്പ്. കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധി വന്നതോടെ പഠനം പൂര്‍ത്തിയാക്കാതെ 1977-ല്‍ പീറ്റര്‍ മുംബെയില്‍ എത്തി. വജ്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളില്‍ ജോലി ചെയ്തു. അത്യാവശ്യം പണം കൈയില്‍ വന്നതോടെ പീറ്ററിന്റെ ജീവിതത്തില്‍ ദൈവത്തിന് സ്ഥാനം ഇല്ലാതായി. സ്വന്തമായി വജ്ര ബിസിനസ് ആരംഭിച്ചെങ്കിലും ചതികളില്‍ അകപ്പെട്ട് എല്ലാം തകര്‍ന്നു.
മദ്യപാനത്തിന് അടിമയായി. 1987-ല്‍ ഷീലയുമായുള്ള വിവാഹം കഴിഞ്ഞു. 1992-ല്‍ പീറ്റര്‍ കരിസ്മാറ്റിക്ക് ധ്യാനം കൂടി ജീവിതത്തെ ക്രമപ്പെടുത്താന്‍ പഠിച്ചു.

1995-ല്‍ വീണ്ടും വജ്ര ബിസിനസ് തുടങ്ങിയെങ്കിലും വിജയിച്ചില്ല. ഭാര്യക്ക് നഴ്‌സിങ്ങ് ജോലി കിട്ടിയത് കുടുംബത്തിന് ആശ്വാസമായി. 2002-ല്‍ പ്ലാസ്റ്റിക്ക് മോള്‍ഡിംങ്ങ് കമ്പനി ആരംഭിച്ച് സാമ്പത്തിക നില മെച്ചപ്പെട്ടെങ്കിലും പിന്നീട് തൊഴിലാളികളുടെ അഭാവത്താല്‍ കമ്പനി അടച്ച് പൂട്ടി. തുടര്‍ന്ന് ഒരു സ്വകാര്യ കമ്പനിയില്‍ സെക്ക്യൂരിറ്റി ഗാര്‍ഡിന്റെ ജോലി ചെയ്ത പീറ്റര്‍ 61-ാം വയസില്‍ വിരമിച്ചു. നവീകരണ ജീവിതം തുടങ്ങിയതിന്റെ വെളിച്ചത്തില്‍ ഒഴിവ് സമയങ്ങളിലെല്ലാം പീറ്റര്‍ ദൈവവേലക്കായി ഇറങ്ങി. കൗണ്‍സിലിങ്ങ് കോഴ്‌സ് പഠിച്ച് ആളുകള്‍ക്ക് ദൈവവചനം പറഞ്ഞ് കൊടുത്തു. മരുന്നുകള്‍ വാങ്ങി അത്യാവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ശുശ്രൂഷയുമുണ്ട്.

ഭാര്യയും മകന്‍ നിക്‌സണും മരുമകള്‍ സിമിയും മൂന്ന് കൊച്ചു മക്കളുമടങ്ങുന്നതാണ് പീറ്ററിന്റെ കുടുംബം. മറ്റൊരു മകന്‍ ഫാ. ഡിക്‌സണ്‍ കല്യാണ്‍ രൂപതയില്‍ വൈദികനാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?