Follow Us On

21

April

2025

Monday

ഇസ്ലാമിക തീവ്രവാദികളുടെ പിടിയിലായിരുന്ന സിറിയൻ വൈദികൻ ഇനി അലപ്പോ വികാരിയത്തിന്റെ ഇടയൻ

ഇസ്ലാമിക തീവ്രവാദികളുടെ പിടിയിലായിരുന്ന സിറിയൻ വൈദികൻ ഇനി അലപ്പോ വികാരിയത്തിന്റെ ഇടയൻ

അലപ്പോ: ഇസ്ലാമിക തീവ്രവാദികൾ സിറിയയിൽ തേർവാഴ്ച നടത്തിയ നാളിലും അജപാലന ദൗത്യം സധൈര്യം നിർവഹിച്ച ഫാ. ഹന്ന ജലൂഫ് അലപ്പോ അപ്പസ്‌തോലിക് വികാരിയത്തിന്റെ ഇടയദൗത്യത്തിലേക്ക്. ഇക്കഴിഞ്ഞ ദിവസമാണ് അലപ്പോയുടെ അപ്പസ്‌തോലിക് വികാരിയായി ഇദ്ദേഹത്തെ ഫ്രാൻസിസ് പാപ്പ നിയമിച്ചത്. സിറിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദരിദ്രർക്കിടയിൽ സേവനം ചെയ്ത അദ്ദേഹത്തെ 2014ൽ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ഏതാനും ദിവസം ബന്ധിയാക്കുകയും ചെയ്തിരുന്നു.

അലപ്പോയിൽ അധിവസിക്കുന്ന ലത്തീൻ ആരാധനക്രമം പിന്തുടരുന്ന വിശ്വാസീസമൂഹത്തിന്റെ അജപാലനമാണ് അലപ്പോ അപ്പസ്‌തോലിക് വികാരിയത്തിന്റെ ലക്ഷ്യം. രൂപത സ്ഥാപിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ രൂപംകൊടുക്കുന്ന രൂപതാ സമാനമായ സംവിധാനമാണ് അപ്പസ്‌തോലിക് വികാരിയത്ത്. സിറിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് അലപ്പോ.

പ്രായപരിധിയെ തുടർന്നു അപ്പോസ്‌തോലിക് വികാരിയത്തിന്റെ ദൗത്യത്തിൽനിന്ന് ജോർജ് അബൗ ഖാസ വിരമിച്ച ഒഴിവിലാണ് ഫ്രാൻസിസ്‌ക്കൻ സന്യാസ സമൂഹാംഗമായ ഫാ. ഹന്ന നിയമിതനായത്. സിറിയയിലെ ക്‌നായിലെ ഇടവക വികാരിയാണ്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഫ്രാൻസിസ് പാപ്പയിൽനിന്ന് കഴിഞ്ഞ വർഷം നേരിട്ട് ബഹുമതി ലഭിച്ച മൂന്ന് വ്യക്തികളിൽ ഒരാളുമാണ് ഇദ്ദേഹം.സിറിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദരിദ്രർക്കിടയിൽ നടത്തിയ സേവനങ്ങളാണ് ഇദ്ദേഹത്തിന് പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.

യുദ്ധസമയത്ത് ഇസ്ലാമിക തീവ്രവാദികളുടെ ആധിപത്യമുണ്ടായിരുന്ന ഇഡ്‌ലിബ് പ്രവിശ്യയിലെ ക്രൈസ്തവർക്ക് കൂദാശകൾ പരികർമം ചെയ്യുന്നതലും ദൈവവചനം പങ്കുവെച്ച് നൽകുന്നതിലും അദ്ദേഹം പ്രകടിപ്പിച്ച സ്‌ഥൈര്യവും ശ്രദ്ധേയമായിരുന്നു. ദുരിത ദിനങ്ങളിൽ അവർക്ക് സാന്ത്വനവും പ്രത്യാശയും നൽകുന്നതിലും ബദ്ധശ്രദ്ധനായിരുന്നു ഫാ. ഹന്ന. ഇദ്ദേഹത്തിന്റെ ഇടയദൗത്യം യുദ്ധത്തിന്റെ മുറിവുകൾ ഇനിയും ഉണങ്ങാത്ത സിറിയയിലെ വിശിഷ്യ, അലപ്പോയിലെ ജനതയ്ക്ക് പുതിയ കരുത്താകുമെന്നാണ് പ്രതീക്ഷകൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?