പത്തനംതിട്ട: നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) അക്രഡിറ്റേഷനില്‍ അഭിമാന നേട്ടവുമായി കോഴഞ്ചേരി സെന്റ് തോമസ് കോളജ്. രാജ്യത്തെ എ പ്ലസ് പ്ലസ് നേടിയ നൂറ്റിയെഴുപത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കോഴഞ്ചേരി കോളജും സ്ഥാനം പിടിച്ചു.
കേരളത്തിലെ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ആറാം സ്ഥാനവും കോഴഞ്ചേരി സെന്റ് തോമസ് കോളജിനുണ്ട്. നാലില്‍ 3.67 പോയിന്റ് നേടിയാണ് കോളജ് ചരിത്രനേട്ടം സ്വന്തമാക്കിയത്. പത്തനംതിട്ട ജില്ലയില്‍ ആദ്യമായാണ് ഒരു എയ്ഡഡ് കോളജ് എ പ്ലസ് പ്ലസ് നേട്ടം കൈവരിക്കുന്നത്. മാര്‍ത്തോമാസഭാ മാനേജ്‌മെന്റിന് കീഴിലുള്ള കോളജുകളില്‍ ഇത്തരം അംഗീകാരം ലഭിക്കുന്ന ആദ്യകോളജും സെന്റ് തോമസാണ്. സപ്തതി നിറവിലായിരിക്കുന്ന കോളജിന് ലഭിച്ച മധുരസമ്മാനംകൂടിയാണ് പുതിയ അംഗീകാരം. 1953 ജൂണ്‍ 25-നാണ് കോളജ് സ്ഥാപിച്ചത്.
15 യുജി കോഴ്‌സുകളും പത്ത് പിജി കോഴ്‌സുകളും അഞ്ച് റിസേര്‍ച്ച് ഡിപ്പാര്‍ട്ടുമെന്റുകളുമായി 108 അധ്യാപകരും 40 അനധ്യാപകരും 1700 ലധികം വിദ്യാര്‍ത്ഥികളുമുള്ള കോളജില്‍ പകുതിയിലധികം അധ്യാപകര്‍ ഗവേഷണ ബിരുദമുള്ളവരാണ്. ഒമ്പത് കുട്ടികള്‍ക്ക് ഒരു കമ്പ്യൂട്ടര്‍വീതം ഉപയോഗിക്കാന്‍ കഴിയുന്ന ഇന്റര്‍നെറ്റ് സംവിധാനം, രാജ്യാന്തര നിലവാരമുള്ള മ്യൂസിയം, ന്യൂയോര്‍ക്ക് ഹെര്‍ബേറിയന്‍ സൊസൈറ്റി അംഗീകാരമുള്ള ഹെര്‍ബേറിയം, എഴുപതിനായിരത്തോളം പുസ്തകങ്ങളും ഒന്നരലക്ഷത്തോളം ഡിജിറ്റല്‍ പുസ്തകങ്ങളുമുള്ള ലൈബ്രറി, വനംവകുപ്പിന്റെ സഹകരണത്തോടെ രൂപപ്പെടുത്തിയ മിയാവാകി വനം, പൂമ്പാറ്റപ്പൂന്തോട്ടം, രണ്ടുലക്ഷം ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണി എന്നിവ കോളജിന്റെ പ്രത്യേകതകളാണ്.
നിരാലംബര്‍ക്ക് സഹായമെത്തിക്കുന്ന അന്‍പ്, ആര്‍ദ്രം തുടങ്ങിയ സാമൂഹിക വികസന പദ്ധതികള്‍, ഹരിതസൂചികകളില്‍ കൈവരിച്ച മികച്ച സ്‌കോറുകള്‍ ഇവയെല്ലാം മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്നതില്‍ പങ്കുവഹിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ കാമ്പസ് എന്ന ലക്ഷ്യം കൈവരിച്ചു. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, അടൂര്‍ ഭദ്രാസനാധിപനും കോളജ് മാനേജരുമായ ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. റോയി ജോര്‍ജ്, പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കെ. അലക്‌സ്, ട്രഷറര്‍ എബിന്‍ തോമസ്, മാര്‍ത്തോമാ സഭാ ഉന്നത വിദ്യാഭ്യാസ കമ്മീഷനംഗം പ്രഫ. അലക്‌സാണ്ടര്‍ കെ. സാമുവല്‍, അക്കാഡമിക് അഡൈ്വസര്‍ പ്രഫ. ഐസി കെ. ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഭരണസമിതി പ്രവര്‍ത്തിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *