Follow Us On

16

January

2025

Thursday

മനുഷ്യ നിര്‍മിത ദുരന്തഭൂമിക

മനുഷ്യ നിര്‍മിത  ദുരന്തഭൂമിക

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍

വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ മെയ് 3 ന് ആരംഭിച്ച അസ്വാരസ്യം, സ്‌ഫോടനാത്മകമായി തുടരുകയുമാണ്. അനൗദ്യോഗിക സ്ഥിരീകരണമനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 150 നടുത്തെത്തി. ഇതിനകം തകര്‍ത്തെറിഞ്ഞ വീടുകള്‍ മൂവായിരത്തോളമാണ്. ഇരുവിഭാഗങ്ങളിലുമായി അഞ്ഞൂറിലധികം ക്രൈസ്തവ ദൈവാലയങ്ങള്‍ ആസൂത്രിതമായി തകര്‍ക്കപ്പെട്ടു. നാടും വീടും ഉപേക്ഷിച്ച് ബന്ധു വീടുകളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും കഴിയുന്നവരുടെ എണ്ണം അരലക്ഷത്തോളമാണ്.

വംശീയ കലാപമെന്ന രീതിയില്‍ ആരംഭിച്ച അസ്വാരസ്യങ്ങള്‍ ഇപ്പോള്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന തലത്തിലേക്ക് മാറിയിരിക്കുകയാണ്. ഇംഫാല്‍ ഹൈക്കോടതിയില്‍ നിന്നും ഉണ്ടായ ഒരു വിധിയാണ് ഇന്ന് കാണുന്ന ലഹളയിലേക്ക് മണിപ്പൂരിനെ തള്ളിവിട്ടത്. മെയ്‌തേയി വിഭാഗത്തിലുള്ളവര്‍ക്ക് പട്ടികവര്‍ഗപദവി നല്‍കാന്‍, മണിപ്പൂര്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യണമെന്നതായിരുന്നു ഹൈക്കോടതി വിധിയുടെ ചുരുക്കം. ഇന്ത്യന്‍ പ്രസിഡന്റിന് മാത്രമുള്ള ഈ അധികാരത്തില്‍ ഇടപെട്ട ഹൈക്കോടതിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പിന്നീട് നിശിതമായി വിമര്‍ശിച്ചിരുന്നു.
മെയ്‌തേയികളുടെയും കുക്കികളുടെയും വിശ്വാസം

ഇംഫാല്‍ താഴ്‌വരയിലാണ്, മെയ്‌തേയി വിഭാഗത്തിലുള്ളവര്‍ പാരമ്പര്യമായി അധിവസിക്കുന്നത്. പരമ്പരാഗതമായി പ്രകൃതി ആരാധനക്കു പ്രാമുഖ്യം നല്‍കിയിരുന്ന സനാമഹി വിശ്വാസികളായിരുന്നു ഇവര്‍. താഴ്‌വര, രാജഭരണ മേഖലയായിരുന്നു. 18-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ (1717 ല്‍ ) കാംഗ്ല രാജാവായിരുന്ന പാംഹൈബ ഹൈന്ദവ വിശ്വാസിയായി മാറുകയും, ഗോപാല്‍ സിംഗെന്ന പേര് സ്വീകരിക്കുകയും ചെയ്തു. രാജാവിന്റെ സ്വാധീനത്താലും നിര്‍ബന്ധത്താലും താഴ്‌വരയിലെ മെയ്‌തേയികള്‍ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി.

ഗിരിനിരകളിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ബ്രിട്ടീഷ് മിഷനറിമാരുടെ സ്വാധീനത്താല്‍ ഗിരിമുകളില്‍ പരമ്പരാഗതമായി താമസിച്ചു വരുന്ന ഗോത്രവിഭാഗക്കാരായ കുക്കികളും നാഗാന്‍മാരും ക്രൈസ്തവ വിശ്വാസികളുമായി. നേരത്തെ ബാപ്റ്റിസ്റ്റ്, പ്രസ്ബിറ്റേറിയന്‍ മിഷനറിമാരായിന്നു പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നതെങ്കിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ കത്തോലിക്കാ മിഷനറിമാരും മേഖലയില്‍ സജീവമായി. 1973 ല്‍ കൊഹിമ- ഇംഫാല്‍ രൂപത സ്ഥാപിക്കപ്പെട്ടു. 1980 ല്‍ കൊഹിമ- ഇംഫാല്‍ രൂപത വിഭജിച്ച്, മണിപ്പൂര്‍ രൂപത രൂപീകൃതമായി. 1995 ല്‍ മണിപ്പൂര്‍ രൂപത, അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. ഇന്ന് 54 ഇടവകകളും 4 കോളേജുകളും 13 ഹയര്‍ സെക്കന്ററി സ്‌കൂളുകളും 28 ഹൈസ്‌കൂളുകളും 11 മൈനര്‍ സ്‌കൂളുകളും 28 സോഷ്യല്‍ വെല്‍ഫയര്‍ സെന്ററുകളുമായി മണിപ്പൂരിന്റെ ആത്മീയ സാമൂഹ്യവിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമാണ് മണിപ്പൂര്‍ രൂപത.

ആര്‍ക്കാണ് ഭൂമിയുടെ അവകാശം?
മണിപ്പൂരിന്റെ 90 ശതമാനം പ്രദേശവും മലനിരകളാണ്. ഈ മലനിരകള്‍ കൃഷിയും വേട്ടയാടലും കുലത്തൊഴിലാക്കിയ കുക്കി-നാഗ ഗോത്ര വിഭാഗങ്ങളുടെ അധിവാസ മേഖലയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 371 സി വകുപ്പനുസരിച്ച്, മണിപ്പൂരിലെ ഗിരിനിരകള്‍ മുഴുവന്‍ കുക്കി-നാഗാ വിഭാഗങ്ങളുടേതാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുക്കി നാഗ വിഭാഗങ്ങള്‍ക്ക് ഗിരിനിരകളില്‍ ഉടമസ്ഥാവകാശം ഉള്ളപ്പോള്‍ തന്നെ താഴ്‌വരയില്‍ സ്ഥലം വാങ്ങുന്നതിനും വില്‍ക്കുന്നതിനും അവകാശമുണ്ട്. എന്നാല്‍ താഴ്‌വരകളില്‍ താമസിക്കുന്ന മെയ്‌തേയികള്‍ ഗോത്രവിഭാഗത്തില്‍ പെടാത്തതിനാല്‍ മലമ്പ്രദേശങ്ങളില്‍ സ്ഥലം വാങ്ങാന്‍ നിയമം അനുവദിക്കുന്നില്ല. ഈ പശ്ചാത്തലത്തിലുണ്ടായ വിവാദമായ കോടതി വിധിയെ തുടര്‍ന്ന് മെയ് മൂന്നിനു ട്രൈബല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തിയ സോളിഡാരിറ്റി മാര്‍ച്ചിന്റെ അവസാനമുണ്ടായ അനിഷ്ട സംഭവങ്ങളാണ് കലാപത്തിലേക്ക് നയിച്ചത്. ചെറിയ പ്രശ്‌നമായി ആരംഭിച്ച കലാപം പിന്നീട് ഇരു വിഭാഗത്തിലും വിഭാഗത്തിലും പെടുന്ന് ക്രൈസ്തവര്‍ക്കു നേരെ തിരിയുകയും പള്ളികളും ക്രിസ്തീയ സ്ഥാപനങ്ങളും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയുമായിരുന്നു. മെയ്‌തേയികളില്‍ 5% (ഒരു ലക്ഷത്തോളം) വരുന്ന ക്രൈസ്തവരുടെ ദൈവാലയങ്ങളും ആക്രമിക്കപ്പെട്ടു.

മതേതരമുഖം എങ്ങനെ വീണ്ടെടുക്കാം?
ഭരണ നേതൃത്വം, ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രാദേശിക രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ വെടിഞ്ഞ് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കണം. പ്രധാനമന്ത്രി ഈ വിഷയത്തിലിടപെടണം. ശാശ്വത സമാധാനമുണ്ടാകാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളാണ് നേതൃത്വം നല്‍കേണ്ടത്. പോലീസ് സംവിധാനങ്ങളെ ശക്തമാക്കി പലായനം ചെയ്തവരെ പുനരധിവസിപ്പിക്കാന്‍ മുന്‍കയ്യെടുക്കേണ്ടതുണ്ട്. മണിപ്പൂരില്‍ സൗഹാര്‍ദ്ദാന്തരീക്ഷമൊരുക്കാന്‍ സംവാദങ്ങള്‍ക്കേ സാധിക്കൂവെന്ന സത്യം മനസിലാക്കി പരസ്പരം ഹൃദയ വാതിലുകള്‍ തുറക്കാന്‍ എല്ലാ വിഭാഗങ്ങളും തയാറാകണം. ഈ സമയം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ക്കായി സഹായഹസ്തങ്ങള്‍ നീട്ടാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ നമുക്കും കൈകോര്‍ക്കാം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?