മാത്യൂ സൈമണ്‍
അനുദിന ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും പിരിമുറുക്കങ്ങളും അല്പനേരത്തേക്കെങ്കിലും മറക്കാന്‍ സഹായിക്കുന്നവയാകണം സിനിമകളെന്നാണ് ഒരു സങ്കല്‍പ്പം. അതുകൊണ്ടാണല്ലോ ഇതിനെ എന്റര്‍ടെയ്ന്‍മെന്റ് അഥവാ വിനോദം എന്ന് പറയുന്നത്. എന്നാല്‍ അടുത്തതായി ഹിറ്റ് എന്ന പേരുകേള്‍പ്പിച്ച തമിഴ് സൂപ്പര്‍ സ്റ്റാറിന്റെ സിനിമകണ്ടപ്പോള്‍ കൊല്ലും കൊലയുമാണോ ഇപ്പോഴത്തെ പ്രധാന വിനോദം എന്ന് തോന്നിപ്പോയി. സിനിമയുടെ ഓണ്‍ലൈന്‍ പ്രൊമോഷന്‍ കണ്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഏതെങ്കിലും ഒരു ഭാഷയില്‍ നിര്‍മിച്ച് മറ്റ് വിവിധ ഭാഷകളില്‍ മൊഴിമാറ്റം നടത്തി ഇന്ത്യ മുഴുവന്‍ ഒരുമിച്ച് റിലീസ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന ഇപ്പോഴത്തെ ഒട്ടുമിക്ക പാന്‍ ഇന്ത്യ സിനിമികളുടെയും അവസ്ഥ ഇതുതന്നെ.
സൂപ്പര്‍ ഹിറ്റാണെന്ന് കേട്ട് കുടംബസമേതം സിനിമ കണ്ടാല്‍ റിലാക്‌സേഷനു പകരം ഫ്ര സ്‌ട്രേഷനായി മാറിയെന്നിരിക്കും. അതിനുമാത്രം അക്രമമാണ് കണ്‍മുന്നില്‍ തെളിയുന്നത്. യാഥാര്‍ത്ഥത്തില്‍ ഇത്തരം സീനുകള്‍ക്ക് മുമ്പില്‍ അക്രമവും കൊലപാതകവും ഒന്നിനും പരിഹാരമല്ലെന്നും ശിക്ഷാര്‍ഹമാണെന്നുമുള്ള മുന്നറിയിപ്പുകള്‍ കൂടി നല്‍കേണ്ടതല്ലേ? പക്ഷേ അതുകൊണ്ടൊന്നും വലിയ പ്രയോജനമില്ലെന്നുതന്നെയാണ് നമ്മുടെ അനുഭവം.
ശ്വാസകോശം സ്‌പോഞ്ച് പോലെ
ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് നമ്മളെല്ലാം പഠിച്ചത് സ്‌കൂളിലെ ബയോളജി ക്ലാസില്‍നിന്നായിരിക്കില്ല. ആ അറിവ് നമുക്ക് തന്നത് സിനിമകള്‍ ആരംഭിക്കുന്നതിന് മുമ്പ് വരുന്ന നിയമപരമായ ഈ അറിയിപ്പാണ്. എന്നാല്‍ ശേഷം വരുന്ന സിനിമയുടെ സീനുകളില്‍ പുകവലിക്കുന്ന കഥാപാത്രങ്ങള്‍ ധാരളമുണ്ടാകും. കൂടാതെ മറ്റനേകം നിയമലംഘനങ്ങളും ചിത്രീകരിച്ചിട്ടുണ്ടാകും. എന്നാല്‍ എല്ലാത്തിനും മുന്നില്‍ താഴെയായി ഇതൊക്കെ തെറ്റാണെന്നും ശിക്ഷാര്‍ഹമാണെന്നും നിയമപരമായി ഒരു മുന്നറിയിപ്പുമുണ്ടാകും. അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അരുതാത്തതെല്ലാം ചെയ്തതിനൊപ്പം അത് ചെയ്യരുതെന്ന ഉപദേശം. ഇത് കണ്ടുകണ്ട് പലപ്പോഴും നിയമ ലംഘനങ്ങളെയും മുന്നറിയിപ്പുകളെയും ഗൗരവത്തോടെ കാണേണ്ടതില്ലെന്ന ചിന്ത കാണികളില്‍ ജനിപ്പിക്കുന്നില്ലേ?
അതുപോലെ തന്നെ മദ്യവും ലഹരിയും ഉപയോഗിക്കുന്ന കഥാപാത്രങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നതും ശരിയല്ല. എല്ലാവരും ഇങ്ങനെ ജീവിക്കുന്നവരാണെന്നുള്ള തോന്നല്‍ കാണികളില്‍ ജനിപ്പിക്കാന്‍ അത് കാരണമാകുന്നില്ലേ? ഇതൊന്നും സാരമില്ല. ഇതൊക്കെ ചെയ്തിട്ടും നായികാനായകന്മാര്‍ക്ക് യാതൊരു കുഴപ്പവുമില്ലാതെ നല്ല ആരോഗ്യമുള്ള വിവരമുള്ള മിടുക്കന്മാരായി ജീവിക്കുന്നു എന്ന മിഥ്യാധാരണ അറിഞ്ഞോ അറിയാതെയോ കാണികളില്‍ ഉണ്ടാകുന്നില്ലേ. അതിനാല്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനേക്കാള്‍ ഇത്തരം നിയമലംഘനങ്ങള്‍ ചിത്രീകരിക്കാതിരിക്കുന്നതാണ് നല്ലത്.
പാന്‍ ഇന്ത്യ
ഭീമമായ ബജറ്റില്‍ നിര്‍മ്മിച്ച് ഇന്ത്യ മുഴുവന്‍ റിലീസ്‌ചെയ്ത് പ്രേക്ഷകരെ കണ്ടെത്തുന്ന ഭുരിഭാഗം പാന്‍ ഇന്ത്യ സിനിമകളും ആക്ഷന്‍ വിഭാഗത്തിലാണ്. ആക്ഷന്‍ എന്നാല്‍ മുഴുനീള അക്രമമാണ് സിനിമക്കാര്‍ അര്‍ത്ഥമാക്കുന്നത്. സിനിമ പാന്‍ ഇന്ത്യയാണെന്ന് സ്ഥാപിക്കുന്നതിനായി ഒന്നിലധികം ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള സൂപ്പര്‍സ്റ്റാറുകളെയും മികച്ച സാങ്കേതിക വിദഗ്ധരെയും ഒരു സിനിമയില്‍ പങ്കാളികളാക്കി ആക്രമണോത്സുകതയെ പരമാവധി പ്രോത്സാഹിപ്പിച്ച് ധാരാളം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി.
മുന്‍കാലങ്ങളില്‍, പ്രധാന ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്ന സിനിമകള്‍ കുറവായിരുന്നു, അവ അത്ര അക്രമാസക്തവുമായിരുന്നില്ല. അവ കൂടുതല്‍ അറിവുപകരുന്നതും കുട്ടികളുടെ കാഴ്ചയ്ക്ക് അനുയോജ്യവുമായിരുന്നു. അവയുടെ ആക്ഷന്‍ സീക്വന്‍സുകളേക്കാള്‍, ഉള്ളടക്കവും സാര്‍വത്രിക ആകര്‍ഷണവും പ്രധാനപ്പെട്ടതായിരുന്നു. ഈ സിനിമകള്‍ പാന്‍ ഇന്ത്യ എന്ന പദത്തോട് ചേര്‍ന്നുനിന്നു. എന്നാല്‍ ഇന്ന് പാന്‍ ഇന്ത്യ എന്ന വാക്ക് ആക്ഷന്‍, സാഹസികത എന്നിവയുടെ പര്യായമായി മാറിയതായി തോന്നുന്നു.
നേരത്തെ പാന്‍ ഇന്ത്യ സിനിമകള്‍ ദേശീയോദ്ഗ്രഥനം, പൊതു അവബോധം, സാമൂഹിക അവബോധം എന്നിങ്ങനെ അവയുടെ ഉള്ളടക്കത്തില്‍ അവയ്ക്ക് ഒരു പ്രത്യേക അര്‍ത്ഥമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍, ആക്ഷനും അക്രമാസക്തിയും നിറഞ്ഞ സിനിമകള്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു. നായകനോ എതിരാളിയോ ആയിരങ്ങളെ കൊല്ലുന്നില്ലെങ്കില്‍ ഇതിനെ ഒരു പാന്‍ ഇന്ത്യ സിനിമ എന്ന് വിളിക്കാന്‍ പോലും കഴിയില്ലയെന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഏറ്റവും ഉയര്‍ന്ന വരുമാനം എന്നത് പ്രസക്തമായ മാനദണ്ഡമായി മാറിയിരിക്കുന്നു. അതായത് ശതകോടി ക്ലബില്‍ പ്രവേശനം നേടണം എന്നര്‍ത്ഥം.
നിയന്ത്രണം ശക്തമാക്കണം
സിനിമകളും അതിലെ താരങ്ങളും വ്യത്യസ്ത ഗ്രൂപ്പുകളിലായി ദശലക്ഷക്കണക്കിന് പ്രേക്ഷകരുടെ മനസില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന കാലത്ത്, സെന്‍സര്‍ ബോര്‍ഡ് അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ സൂക്ഷ്മമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു. പ്രതികാരമാണ് മിക്ക സിനിമകളുടെയും പ്രമേയം. ഇപ്പോഴത്തെ നായകന്‍മാര്‍ എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്തശേഷം സിനിമയുടെ അവസാനം സദാചാരം പ്രസംഗിക്കുന്നതും കാണാം. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഇത്തരം സിനിമകളെ എതിര്‍ക്കാറില്ല എന്നത് സങ്കടകരമായ ഒരു സത്യമാണ്.
ഇന്ത്യയില്‍ 1952 മുതല്‍ ഒരു സിനിമാട്ടോഗ്രാഫ് ആക്റ്റ് ഉണ്ട്, അത് ഒരു സിനിമയില്‍ അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഒരു സംഘട്ടനം മൂന്ന് മിനിറ്റില്‍ കൂടരുതെന്ന് അതില്‍ പറയുന്നുണ്ട്. എന്‍സിപിസിആര്‍ നിയമം അനുസരിച്ച്, സിനിമയില്‍ 12 വയസിന് താഴെയുള്ള കുട്ടികളെ ഉപദ്രവിക്കുന്നതോ അവര്‍ ഏതെങ്കിലും തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതോ ചിത്രീകരിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്നു.
കൂടാതെ സിനിമകളില്‍ അക്രമം വര്‍ധിച്ചിട്ടുണ്ടെങ്കില്‍ അതിന് പ്രധാനകാരണം എഴുത്തുകാരും സംവിധായകരും അവര്‍ തിരഞ്ഞെടുക്കുന്നതോ സൃഷ്ടിക്കാന്‍ ആവശ്യപ്പെടുന്നതോ ആയ ഉള്ളടക്കമാണ്. സെക്ഷന്‍ 302 പ്രകാരം കൊലപാതകം കുറ്റകരമാണ്.
ആയതിനാല്‍ കൊലപാതകം ചെയ്യാമെന്ന തോന്നലോ പ്രതികാരചിന്തയോ ഒക്കെ കാണികളില്‍ ഉണര്‍ത്താന്‍ സിനിമാക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കാരണമോ പ്രകോപനമോ ആകുന്നില്ലേ? തന്‍മൂലം അത്തരം രംഗങ്ങള്‍ സിനിമയില്‍നിന്ന് പരമാവധി ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകരും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന അധികാരികളും പരിശ്രമിച്ചേ മതിയാകൂ. കുട്ടികള്‍ കാണരുതാത്തതും മാതാപിതാക്കളുടെ കൂടെയിരുന്നുമാത്രം കാണാവുന്നതുമായ സിനിമകള്‍ എന്നൊക്കെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ സാധാരണ പ്രേക്ഷകര്‍ക്ക് അത് എത്രത്തോളം ശ്രദ്ധിക്കാനാകും. ഒറ്റിറ്റി പ്ലാറ്റ്‌ഫോമില്‍ വരുന്ന സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നതും കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇന്റര്‍നെറ്റ് സുലഭമായ ഇക്കാലത്ത് ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകളുടെ മേല്‍ അധികാരികളുടെ ശക്തമായ നിയന്ത്രണം ആവശ്യമാണ്.
ഹിറ്റ് സിനിമയും നല്ല സിനിമയും
സിനിമ പോലെ മനുഷ്യനെ സ്വാധീനിക്കുന്ന മറ്റൊരു മാധ്യമമില്ല. അതിനാല്‍ ഹിറ്റ് സിനിമയെല്ലാം നല്ല സിനിമ ആയിരിക്കില്ലെന്ന് കാണികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. പണ്ടൊക്കെ സിനിമകാണുമ്പോള്‍ ചില സീനുകള്‍ വരുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളുടെ കണ്ണ് പൊത്തിപ്പിടിക്കുമായിരുന്നു. ഇന്ന് അത് നടക്കില്ല കാരണം അക്രമം കണ്ട് മുതിര്‍ന്നവര്‍ തന്നെ പകച്ചിരിക്കുകയായിക്കും. അല്ലെങ്കിലും അടുത്തതായി വരാന്‍ പോകുന്ന ഭാഗം എന്താണെന്ന് സങ്കല്‍പ്പിക്കാന്‍ നമുക്ക് ആകില്ല. ആകരുത്, അതാണ് പുതുതലമുറ സിനിമാക്കാരുടെ ലക്ഷ്യം തന്നെ. കാണികള്‍ ഞെട്ടണം. ഓരോ സീനിലും കാണികള്‍ ഞെട്ടണം. അത്രതന്നെ. അതിന് അവര്‍ എന്തും കാണിക്കും.
ഇത്തരം അക്രമ കാഴ്ചകള്‍ കണ്ട് ആസ്വദിക്കുന്നവരുണ്ടാകും. അത് ഒരുതരം രോഗമായി കാണേണ്ടിയിരിക്കുന്നു. എന്നാല്‍ കാലങ്ങളായി സിനിമയിലെ അതിക്രമങ്ങള്‍ കണ്ട് ശീലിച്ച, അല്ലെങ്കില്‍ സിനിമാക്കാര്‍ ശീലിപ്പിച്ച, സാധാരണ പ്രേക്ഷകന്‍വരെ ‘ഇതൊക്കെയെന്ത്’ എന്ന നിസംഗ മനോഭാവത്തിലേക്കും എത്തിയാല്‍ അതും സമൂഹത്തിന്റെ അധ:പതനമായി വേണം കാണാന്‍. ഒരു പരിഷ്‌കൃത സമൂഹമായി മാറാനുള്ള മനുഷ്യരുടെ കൂട്ടായ പ്രവര്‍ത്തങ്ങളെ നശിപ്പിക്കുന്നതിന് തുല്യമല്ലേ ഇത്.
അതുപോലെ സിനിമകളില്‍ മയക്കുമരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കില്‍ അത്തരം കാഴ്ചകള്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ മയക്കുമരുന്നു മാഫിയകള്‍ സിനിമാ അണിയറപ്രവര്‍ത്തകരെ സ്വാധീനിക്കുന്നു എന്ന വാര്‍ത്തകള്‍ നാം ഞെട്ടലോടെയാണ് കേട്ടത്.
സിനിമകളിലെ അക്രമവും മറ്റും യാഥാര്‍ത്ഥ്യമല്ലെങ്കിലും, ഈ സിനിമകള്‍ കുട്ടികളെയും കൗമാരക്കാരെയും യുവാക്കളെയും ഉള്‍പ്പെടുന്ന പ്രേക്ഷകരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ എപ്പോഴെങ്കിലും ചിന്തിക്കുന്നുണ്ടോ? സിനിമയെ അനുകരിച്ചോ അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടോ നടത്തുന്ന നിരവധി കുറ്റകൃത്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്. സിനിമകളും അവയുടെ വലിയ ലോകങ്ങളും ആശയങ്ങളും യുവാക്കളിലും മുതിര്‍ന്നവരിലും നിലനില്‍ക്കുന്ന സ്വാധീനം ചെലുത്തുന്നു എന്നത് നിഷേധിക്കാനാവാത്ത കാര്യമാണ്. നാളുകളായുള്ള ഈ പ്രതിഭാസം ഒരു സാമൂഹിക പ്രശ്‌നമാണ്.
കൂടുതല്‍ പണവും പ്രശസ്തിയും വ്യത്യസ്തമായ കഥാപാത്രങ്ങളും മാത്രം നോക്കി സിനിമയിലെ മുതിര്‍ന്ന താരങ്ങള്‍ എങ്കിലും തീരുമാനങ്ങളെടുക്കരുത്. അക്രമത്തിനും തിന്മയ്ക്കും ഏതെങ്കിലും വിധത്തില്‍ പ്രേരണനല്‍കുന്ന കഥകളെയും കഥാപാത്രങ്ങളെയും ഉപേക്ഷിക്കാനുള്ള സാമൂഹിക പ്രതിബദ്ധത അവര്‍ കാണിക്കണം. അത് അവരുടെ ഉത്തരവാദിത്വമാണ്. സിനിമകളില്‍നിന്ന് കിട്ടുന്ന സമ്പത്ത് ഉപയോഗിച്ച് നിരവധി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും ആതുര സേവനങ്ങളും കാഴ്ചവയ്ക്കുന്നതിനേക്കാള്‍ നല്ലതായിരിക്കുമത്.
Leave a Comment
Your email address will not be published. Required fields are marked with *