ആഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് ലക്ഷത്തിലധികം വരുന്ന ഇസ്ലാമിക സൈന്യം സ്‌പെയിനില്‍ നിന്നുള്ള ഒരു ലക്ഷത്തോളം ക്രൈസ്തവ പടയാളികള്‍ക്കെതിരെ അണിനിരന്നിരിക്കുന്നു. സ്‌പെയിനിന്റെ ഭാഗമായ കാസ്റ്റിലിലെ രാജാവ് അല്‍ഫോന്‍സോ എട്ടാമനാണ് ക്രൈസ്തവ സൈന്യത്തിന് നേതൃത്വം നല്‍കുന്നത്. ഇസ്ലാമിക മുന്നേറ്റത്തെ ചെറുക്കാന്‍ ഇന്നസെന്റ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം യൂറോപ്പില്‍നിന്ന് പതിനായിരത്തോളം ക്രൈസ്തവ കുതിരപടയാളികളും എത്തിയിട്ടുണ്ട്. കുരിശിനെ വണങ്ങുന്ന എല്ലാവരും ഒന്നിച്ചുചേര്‍ന്നാലും തന്റെ സൈന്യത്തെ പരാജയപ്പെടുത്താനാവില്ലെന്ന് അല്‍മോഹാദ് സൈന്യത്തിന്റെ നേതാവായ മിരാമാമോലിന്‍ വെല്ലുവിളിച്ചു. എന്നാല്‍, തങ്ങളുടെ ജീവനെക്കാളുപരി ആത്മാക്കളുടെ രക്ഷയ്ക്കും വിശ്വാസ സംരക്ഷണത്തിനും പ്രാധാന്യം നല്‍കിയ ധീരയോദ്ധാക്കളായിരുന്നു ക്രൈസ്തവ സൈന്യം.
റോകമാഡൂര്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആവശ്യപ്പെട്ടതനുസരിച്ച്, പരിശുദ്ധ അമ്മ തിരുക്കുമാരനെ മടിയിലിരുത്തിയിരിക്കുന്ന ചിത്രം ആലേഖനം ചെയ്ത പതാകയും അവര്‍ വഹിച്ചിരുന്നു. വിശുദ്ധ കുരിശ് ആലേഖനം ചെയ്ത പതാകയോടൊപ്പം മറിയത്തിന്റെ ഈ ചിത്രവും യുദ്ധമുഖത്ത് അവര്‍ക്ക് ആവേശമായി മാറി. ക്രൈസ്തവ സൈന്യത്തിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് കുതിരപ്പടയാളികളുടെ സംഘവുമായി അല്‍ഫോന്‍സോ എട്ടാമന്‍ രാജാവ് യുദ്ധമുഖത്തേക്ക് കുതിച്ചെത്തിയത്. ഇവര്‍ക്ക് മുകളില്‍ ഈ രണ്ട് പതാകകളും അത്ഭുതകരമായി അന്തരീക്ഷത്തില്‍ ഉയര്‍ന്നു നിന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മാലാഖമാര്‍ വഹിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പതാകകള്‍ എതിര്‍സൈന്യത്തിന്റെ തലവനായ മിരാമാമോലിന്റെ കൂടാരത്തിന്റെ മുകളില്‍ നിലയുറപ്പിച്ചു.
പതാകകള്‍ നശിപ്പിക്കുന്നതിന് ആഫ്രിക്കന്‍ സൈന്യം കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവര്‍ക്ക് സാധിച്ചില്ല. അല്‍മോഹാദ് സൈനികര്‍ പരാജയഭീതിയില്‍ ആയുധങ്ങളുപേക്ഷിച്ച് നാലുപാടും ചിതറിയോടി. അവര്‍ ഉപേക്ഷിച്ചുപോയ ആയുധങ്ങള്‍ മാത്രം കത്തിച്ചാണ് രണ്ടു ദിവസത്തേക്ക് തന്റെ സൈന്യത്തിന് ഭക്ഷണം പാകം ചെയ്തതെന്ന് ഇന്നസെന്റ് മാര്‍പാപ്പക്ക് അയച്ച കത്തില്‍ അല്‍ഫോന്‍സോ എട്ടാമന്‍ രാജാവ് കുറിച്ചു. പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥത്താലാണ് ഈ വിജയം സാധ്യമായതെന്ന് വ്യക്തമാക്കാനാണ് അദ്ദേഹം ഈ വിവരം മാര്‍പാപ്പയെ ധരിപ്പിച്ചത്. 1158-ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മൂന്നാമത്തെ വയസില്‍ അധികാരമേറ്റെടുത്ത അല്‍ഫോന്‍സോ എട്ടാമന്‍ രാജാവ് 1212-ലെ ലാസ് നാവാസ് യുദ്ധത്തില്‍ നേടിയ വിജയത്തിലൂടെയാണ് പ്രശസ്തനായത്.
ഈ യുദ്ധത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രോഗബാധിതനായ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1587-ല്‍, അന്നത്തെ രാജാവായിരുന്ന ഫിലിപ്പ് രണ്ടാമന്റെ നിര്‍ദേശപ്രകാരം അല്‍ഫോന്‍സോയുടെ മൃതകുടീരം തുറന്നപ്പോള്‍, അദ്ദേഹത്തിന്റെ മൃതശരീരം യാതൊരു കേടുപാടുകളുമില്ലാതെയും മൃതശരീരത്തിലെ രാജകീയ വസ്ത്രങ്ങള്‍ അപ്പോള്‍ തുന്നിയെടുത്തതുപോലെ പുതിയതായും കാണപ്പെട്ടു എന്നത് മറ്റൊരു അത്ഭുതമായി അവശേഷിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *