Follow Us On

19

October

2024

Saturday

റോഡുനിയമങ്ങള്‍ക്ക് ജീവന്റെ വിലയുണ്ട്‌

റോഡുനിയമങ്ങള്‍ക്ക് ജീവന്റെ വിലയുണ്ട്‌

ജോസഫ് മൂലയില്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം വിവാദം സൃഷ്ടിക്കുമ്പോള്‍ കാണാതെപോകുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കുന്നു.

ദീര്‍ഘകാലമായി വിദേശത്തു ജോലി ചെയ്യുന്ന ഒരു സുഹൃത്ത് അവധിക്കുവന്നപ്പോള്‍ ചെറിയ യാത്രകള്‍ക്കുപോലും കാര്‍ ഓടിക്കാന്‍ ഡ്രൈവറെ നിയോഗിച്ചു. ഓഫീസിലേക്ക് സ്വയം ഡ്രൈവ് ചെയ്തു പോകുന്നയാള്‍ ഡ്രൈവറെ ഏര്‍പ്പെടുത്തിയതിന്റെ കാരണം തിരക്കിയപ്പോള്‍ ലഭിച്ച മറുപടി അമ്പരപ്പിക്കുന്നതായിരുന്നു. നമ്മുടെ നാട്ടിലൂടെ വാഹനം ഓടിക്കാനുള്ള ധൈര്യം ഇപ്പോഴില്ല. അതിനുള്ള കാരണവും വ്യക്തമാക്കി. ‘അമിത വേഗതയും നിയമം പാലിക്കാതെയുള്ള ഓവര്‍ടേക്കിംഗും മര്യാദയില്ലാത്ത ഡ്രൈവിംഗ് രീതികളും ഭയപ്പെടുത്തുന്നു. ഭാഗ്യപരീക്ഷണത്തിന് നില്ക്കാന്‍ സമയമില്ല, അവധി വളരെ കുറച്ചേ ഉള്ളൂ.’
ഇനി മറ്റൊരു സംഭവം. ഒരു സുഹൃത്ത് വീടിന്റെ മുറ്റത്തുനിന്ന് കാര്‍ റോഡിലേക്ക് ഇറക്കിയപ്പോള്‍ ഇടതുവശം മതിലില്‍ ഉരഞ്ഞു. ആ വീടിന്റെ മുറ്റത്തു ലോറി കയറുന്നതിനുള്ള വീതി ഉണ്ടായിരുന്നു. റിവേഴ്‌സ് എടുത്തപ്പോള്‍ ഇടതുവശത്തെ കണ്ണാടിയില്‍ നോക്കിയില്ലേ എന്നു ചോദിച്ചപ്പോള്‍ അവര്‍ കൂളായി പറഞ്ഞത് ഇല്ല എന്നായിരുന്നു. ലൈസന്‍സ് നേടിയിട്ട് ആറുമാസം കഴിഞ്ഞിരുന്നു. ഡ്രൈവിംഗ് പരിശീലനകാലത്ത് ഇടതുവശത്തെ കണ്ണാടിയില്‍ നോക്കാന്‍ പഠിപ്പിച്ചില്ലേ എന്നു ചോദിച്ചപ്പോള്‍ ആശാന്‍ ഇടതുവശത്തിരുന്ന് പറഞ്ഞുതരുകയായിരുന്നു ചെയ്തിരുന്നത് എന്നായിരുന്നു ഉത്തരം. പുതിയ കാര്‍ പെയിന്റിംഗിന് വര്‍ക്കുഷോപ്പില്‍ കയറ്റിയിട്ടും ഓടിച്ച ആള്‍ക്ക് തന്റെ തെറ്റു മനസിലായിട്ടുണ്ടായിരുന്നില്ല.

എച്ച് എടുക്കാന്‍ എത്ര എളുപ്പം

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് നടക്കുന്ന വിവാദങ്ങള്‍ കണ്ടപ്പോഴാണ് അധികം പഴക്കമില്ലാത്ത ഈ സംഭവങ്ങള്‍ ഓര്‍മയില്‍ വന്നത്. നമ്മുടെ റോഡുകളില്‍ പൊലിയുന്ന ജീവനുകളുടെയും അപകടങ്ങളില്‍ മാരകമായി പരിക്കേല്ക്കുന്നവരുടെയും എണ്ണം വര്‍ധിക്കുകയാണ്. നിയമംപാലിക്കാതെയുള്ള ഡ്രൈവിംഗും അശ്രദ്ധയുമാണ് പലപ്പോഴും വില്ലനാകുന്നത്. പലപ്പോഴും ഇരകളാകുന്നത് നിരപരാധികളാണെന്നുമാത്രം. അശാസ്ത്രീയ റോഡുനിര്‍മാണം അപകടങ്ങളില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. വിദേശത്തെ തിരക്കുപിടിച്ച റോഡിലൂടെ വാഹനം ഡ്രൈവ് ചെയ്യുന്ന ഒരാള്‍ കേരളത്തില്‍ വാഹനം ഓടിക്കാന്‍ ഭയപ്പെടുന്നുണ്ടെന്നു പറഞ്ഞാല്‍ എവിടെയോ എന്തൊക്കെയോ പാളിച്ചകള്‍ ഉണ്ടെന്നു സമ്മതിച്ചേ മതിയാകൂ.
നിലവിലെ ലൈസന്‍സ് സമ്പ്രദായത്തില്‍ ലൈസന്‍സ് ലഭിച്ച ഉടനെ ഒരു ഡ്രൈവറുടെ സഹായമില്ലാതെ എത്രപേര്‍ക്ക് വാഹനം ഓടിക്കാന്‍ സാധിക്കും? അധികംപേര്‍ക്ക് കഴിയുമെന്നു തോന്നുന്നില്ല. ലൈസന്‍സ് ലഭിച്ചതിനുശേഷം വാഹനം ഓടിക്കാന്‍ പരിശീനം നേടുന്നവര്‍ അത്ര പുതുമയുള്ള കാഴ്ചയല്ല. ലൈസന്‍സ് ഉണ്ടായിട്ടും വാഹനം ഓടിക്കാന്‍ അറിയാത്ത നിരവധി പേരെ അറിയാം. ടൂവീലര്‍ ലൈസന്‍സ് ടെസ്റ്റുമായി ബന്ധപ്പെട്ട എട്ടും, നാലു ചക്രവാഹനങ്ങളുടെ ടെസ്റ്റായ എച്ചും എത്രയോ മുമ്പേ മാറ്റേണ്ടതായിരുന്നു. ഈ രണ്ടും ടെസ്റ്റുകളും പാസാകാന്‍ ഡ്രൈവിംഗ് സ്‌കൂളുകാരുടെ വാഹനംതന്നെ വേണം. ചില പരിഷ്‌കരണങ്ങള്‍ വരുത്തിയിക്കുന്ന അവരുടെ വാഹനം അവര്‍ നിര്‍ദേശിക്കുന്ന വിധത്തില്‍ ഓടിച്ചാല്‍ ആര്‍ക്കും പാസാകാം. പക്ഷേ, പിന്നീട് ഓടിക്കുന്നത് ആ വാഹനങ്ങളല്ലല്ലോ.

റോഡില്‍ എന്തിനാണ് വരകള്‍?

ഒരു നവാഗത ഡ്രൈവറെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയത് പാര്‍ക്കുചെയ്യാനും കയറ്റത്തില്‍ നിര്‍ത്തി മുമ്പോട്ട് എടുക്കാനുമൊക്കെയാണ്. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടു കാര്യങ്ങള്‍ക്കും ഡ്രൈവിംഗ് പരിശീലനത്തില്‍ യാതൊരു പരിഗണനയും നല്‍കുന്നില്ല. അങ്ങനെ പരിശീലിപ്പിക്കുന്നവര്‍ ഉണ്ടാകാം. എച്ച് എടുത്ത് സമയം കളയുന്നതിനുപകരം തിരക്കുള്ള വഴികളിലൂടെ വാഹനം ഓടിക്കാനും കയറ്റത്തില്‍നിര്‍ത്തി വാഹനം എടുക്കാനും പാര്‍ക്കുചെയ്യാനുമൊക്കെയാണ് പരിശീലിപ്പിക്കേണ്ടത്.

അത്രയുംതന്നെ പ്രധാനപ്പെട്ടതാണ് റോഡുനിയമങ്ങള്‍ പാലിക്കുക എന്നത്. ഡ്രൈവിംഗ് പരിശീലന കാലയളവില്‍ നിയമങ്ങള്‍ പഠിപ്പിക്കണം. ഇടവഴികളില്‍നിന്നും പ്രധാന റോഡിലേക്ക് വാഹനം കയറ്റുന്ന രീതി കണ്ടാല്‍ ഡ്രൈവിംഗ് നിയമങ്ങളെക്കുറിച്ചുള്ള പലരുടെയും അജ്ഞത വ്യക്തമാകും. റോഡുകളില്‍ പലതരത്തിലുള്ള വരകളും ബോര്‍ഡുകളും കാണാം. എത്ര പേര്‍ക്ക് അതിന്റെ അര്‍ത്ഥമറിയാം? ഒരു കാരണവശാലും ഓവര്‍ടേക്കിംഗ് പാടില്ലെന്ന് ഓര്‍മിപ്പിക്കുന്ന വരകളുടെ മുകളിലൂടെ ഓവര്‍ടേക്ക് ചെയ്യാന്‍ നമുക്ക് മടിയില്ല. പലര്‍ക്കും അത് എന്താണെന്നുപോലും നിശ്ചയമില്ല. സ്പീഡ് ലിമിറ്റ് രേഖപ്പെടുത്തിയിരിക്കുന്നത് പാലിക്കാനുള്ളതാണെന്ന ചിന്തപോലും ഇല്ലാതെയാണ് വാഹനങ്ങള്‍ പറപ്പിക്കുന്നത്.

പ്രൈമറി ക്ലാസുകള്‍ മുതല്‍ റോഡു നിയമങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണം. 

ക്യാമറകള്‍ കാണുമ്പോള്‍ മാത്രം അനുസരിക്കാനുള്ളതാണ് നിയമങ്ങളെന്ന തെറ്റിദ്ധാരണയും മാറണം.

നാലുവരി പാതകളും ആറുവരി പാതകളുമൊക്കെ നമ്മുടെ നാട്ടിലും വന്നുകൊണ്ടിരിക്കുന്നു. ഒരു ലൈനില്‍നിന്നും അടുത്ത ലൈനിലേക്ക് വാഹനം മാറ്റണമെങ്കില്‍ കൃത്യമായ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍, നമ്മുടെ ഹൈവേകളില്‍ ഒരു നിയമവും പാലിക്കാതെ വാഹനങ്ങള്‍ ലൈന്‍ മാറ്റുന്നത് പതിവാണ്. കഴിഞ്ഞ മാസം എറണാകുളം-ആലുവ റോഡിലെ നാലുവരി പാതയില്‍ കെഎസ്ആര്‍ടിസിയുടെ ഒരു ഓര്‍ഡിനറി ബസ് വേഗത്തില്‍ അടുത്ത ലൈനിയിലേക്ക് കയറുന്ന രീതി കണ്ട് ഞെട്ടിപ്പോയി. ആ ലൈനില്‍ പൊയ്‌ക്കൊണ്ടിരുന്ന കാറില്‍ ഇടിക്കാതിരുന്നത് കാര്‍ യാത്രക്കാരുടെ ഭാഗ്യംകൊണ്ടാണെന്നു തോന്നി. നമ്മുടെ നിരത്തുകളില്‍ ഏറ്റവുമധികം നിയമലംഘനങ്ങള്‍ നടത്തുന്നത് ഓട്ടോറിക്ഷകളും കെഎസ്ആര്‍ടിസി-സ്വകാര്യ ബസുകളും ടിപ്പറുകളുമായിരിക്കും. ടൂവീലറുകള്‍ എങ്ങനെ വേണമെങ്കിലും ഓടിക്കാമെന്നാണ് പല ചെറുപ്പക്കാരും കരുതിയിരിക്കുന്നത്.

പേടിക്കേണ്ട ക്യാമറയില്ല

ഓട്ടോമാറ്റിക് കാറുകള്‍ ഡ്രൈവിംഗ് ടെസ്റ്റിന് അനുവദിക്കില്ലെന്ന വാര്‍ത്ത കണ്ടിരുന്നു. അതുപയോഗിച്ച് ലൈസന്‍സ് നേടുന്നവര്‍ സാധാരണ വാഹനങ്ങള്‍ ഓടിച്ചാല്‍ അപകട സാധ്യത ഉണ്ടെന്ന വിശദീകരണവും കേട്ടു. നിയമപരിഷ്‌കരണത്തിന്റെ മുഴുവന്‍ ശോഭയും കെടുത്തിക്കളയുന്നതാണ് ഈ ‘തുഗ്ലക്’ തീരുമാനം. ഇപ്പോള്‍ത്തന്നെ ടൂവീലര്‍ ലൈസന്‍സുകള്‍ ഗിയര്‍ ഉള്ളതിനും ഇല്ലാത്തതിനും വെവ്വേറെയാണ്. അതുപോലെ നാലുചക്ര വാഹനങ്ങള്‍ക്കും ഗിയര്‍-ഗിയര്‍ലെസ് ലൈസന്‍സുകള്‍ ഏര്‍പ്പെടുത്തിയാല്‍ പോരേ? സ്ത്രീകള്‍ ടൂവീലറുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ ഇറങ്ങിയതുമുതലാണ്. ബൈക്കിന്റെ ടെസ്റ്റ് പാസായതിനുശേഷം സ്‌കൂട്ടി ഓടിച്ചാല്‍ മതിയെന്നു പറഞ്ഞാല്‍ അതിലെ യുക്തിരാഹിത്യം എളുപ്പം മനസിലാകും. അതുതന്നെയാണ് സാധാരണ കാറില്‍ ലൈസന്‍സ് നേടിയിട്ട് ഓട്ടോമാറ്റിക് വാഹനം ഓടിച്ചാല്‍ മതിയെന്നതും.
പ്രൈമറി ക്ലാസുകള്‍ മുതല്‍ റോഡു നിയമങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണം. മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയകള്‍ വഴിയും നിയമങ്ങളെക്കുറിച്ചും സിഗ്നലുകളെപ്പറ്റിയും ബോധവല്ക്കരണം നടത്തുകയും വേണം. വഴിവക്കുകളിലെ ക്യാമറകള്‍ കാണുമ്പോള്‍മാത്രം അനുസരിക്കാനുള്ളതാണ് നിയമങ്ങളെന്ന തെറ്റിദ്ധാരണയില്‍നിന്നാണ് ആദ്യം പുറത്തുവരേണ്ടത്. റോഡുനിയമങ്ങള്‍ക്ക് ജീവന്റെ വില ഉണ്ടെന്നത് വിസ്മരിക്കരുത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?