Follow Us On

25

November

2024

Monday

ആഘോഷങ്ങളെ എന്തിനാണ് അലങ്കോലമാക്കുന്നത്?

ആഘോഷങ്ങളെ  എന്തിനാണ്  അലങ്കോലമാക്കുന്നത്?

ഫാ. മാത്യു ആശാരിപ്പറമ്പില്‍

പുണ്യദിനങ്ങളെ അവഹേളിക്കുന്നതും ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതും ഈ നിരീശ്വരചിന്തകളുടെ ഗൂഢതന്ത്രങ്ങളാണ്. മതവും മൂല്യങ്ങളും തകിടം മറിഞ്ഞാല്‍ മനുഷ്യജീവിതങ്ങള്‍ കുത്തഴിഞ്ഞ് അലങ്കോലമാകും. ധാര്‍മികനിയമങ്ങളും മതാനുഷ്ഠാനങ്ങളും ഇല്ലാതായാല്‍ എന്തും ചെയ്യാം എന്നു ചിന്തിക്കുന്ന അരാജകത്വം വളരും.

കേരളത്തിന്റെ അഭിമാനവും തൃശൂര്‍ ജനതയുടെ സ്വകാര്യ അഹങ്കാരവുമായ തൃശൂര്‍പൂരം ഈ വര്‍ഷം അവസാന നിമിഷങ്ങളില്‍ അലങ്കോലമായി എന്ന പത്രവാര്‍ത്ത കണ്ടപ്പോള്‍ ദുഃഖം തോന്നി. ഭാഷാശൈലിയുടെ വ്യത്യസ്തതകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന തൃശൂര്‍ ജനത മത, ജാതി വ്യത്യാസമില്ലാതെ നെഞ്ചിലേറ്റുന്നതാണ് ഈ പൂരമഹോത്സവം. മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലൂടെ ഈ ആഘോഷം മറ്റ് ദേശക്കാരായ മലയാളിയുടെയും ഹൃദയവികാരമായി മാറിയിരിക്കുന്നു. ക്രിസ്തീയ പുരോഹിതനായ ഞാന്‍ പോലും ആഹ്ലാദത്തോടെ ടിവിയില്‍ ഇവ കാണുവാന്‍ അല്പസമയം മാറ്റിവയ്ക്കാറുണ്ട്.

അപകടകരമായ പ്രവണതകള്‍
ഈ വര്‍ഷം ആകെ അലങ്കോലമായിട്ടാണ് തൃശൂര്‍പൂരം അവസാനിച്ചത്. കുടമാറ്റംകഴിഞ്ഞ് രാത്രിയില്‍ത്തന്നെ നടക്കേണ്ട വെടിക്കെട്ട്, പൊലിസിന്റെ അനാവശ്യ ഇടപെടല്‍മൂലം പ്രഭാതത്തിലേക്ക് നീണ്ടത് ആഘോഷത്തിന്റെ ശോഭ കെടുത്തി.

മനസിന്റെ ഭാരങ്ങളും ദുഃഖങ്ങളും താല്‍ക്കാലികമായിട്ടെങ്കിലും പെയ്തിറങ്ങി ജീവിതയാത്രക്ക് ശുഭമാനം നല്‍കുന്ന നിമിഷങ്ങളാണ് ആഘോഷങ്ങള്‍. ഇത്തരം ആഘോഷങ്ങള്‍ കഴിയുമ്പോള്‍ മനസില്‍ സംതൃപ്തിയും സന്തോഷവും നിറയുകയും അനാവശ്യ ആകുലതകള്‍ വിട്ടുമാറിയതിന്റെ ആശ്വാസം വിടരുകയും ചെയ്യും. ഈ ഊര്‍ജം അനേകദിനങ്ങളിലേക്ക് ജീവിതയാത്രക്ക് കരുത്ത് നല്‍കും.

ഈ അലങ്കോലപ്രവണത ആകസ്മികമായി സംഭവിച്ച അപചയമായി കാണേണ്ടതാണോ? കേരളത്തില്‍ കുറച്ച് നാളുകളായി അരങ്ങേറുന്ന അപകടകരമായ പ്രവണതകളുടെ ഉദാഹരണമല്ലേ ഇതും. ഭക്തികര്‍മങ്ങളെയും ഈശ്വരസാക്ഷാത്ക്കാര ആഘോഷങ്ങളെയും നിരുത്സാഹപ്പെടുത്താനും വിലകുറച്ച് കാണുവാനും അവഹേളിക്കുവാനും ആരൊക്കെയോ ആഗ്രഹിച്ച് ചരട് വലിക്കുന്നുണ്ടോ?

നവചൈതന്യം
പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളില്‍ എത്രയോ തിരുനാളുകളും ഉത്സവങ്ങളുമാണ് നിറംമങ്ങിപ്പോയത്? ക്രൈസ്തവ ദൈവാലയങ്ങളിലും ഇത്തരം നാടകങ്ങള്‍ അരങ്ങേറുന്നു. തിരുനാളുകള്‍ക്ക് സര്‍ക്കാരും പോലീസും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ അവയുടെ മഹത്വത്തെ ഇടിച്ചുതാഴ്ത്തുവാനും അനാകര്‍ഷമാക്കുവാനും കാരണമായി. ആത്മീയ അനുഷ്ഠാനങ്ങള്‍ മുടക്കണമെന്ന് ആര്‍ക്കോ നിര്‍ബന്ധബുദ്ധിയുള്ളതുപോലെ തോന്നുന്നു. ഒന്നുകില്‍ സാത്താന്‍, അല്ലെങ്കില്‍ സാത്താന്റെ ദൗത്യം ഏറ്റെടുത്ത വികൃതജന്മങ്ങള്‍.

തിരുനാളുകള്‍ മതജീവിതത്തിന്റെ ആഘോഷങ്ങളാണ്. ഇത്തരം ആഘോഷങ്ങളുടെ ദൈവികഭാവത്തിനപ്പുറം ഇവ സാധാരണ ജീവിതത്തില്‍ ചെലുത്തുന്ന മാനസിക ഊര്‍ജവും അതിന്റെ സ്വാധീനവും വലുതാണ്. അനുദിന ജീവിതത്തിന്റെ നിഷേധാത്മക വികാരങ്ങളെയും നെഗറ്റീവ് ഊര്‍ജത്തെയും ഒരു പരിധിവരെ താല്‍ക്കാലികമായി നീക്കം ചെയ്യുവാന്‍ ഈ ആഘോഷങ്ങള്‍ക്ക് കഴിയുന്നു. രണ്ടാമതായി, നവചൈതന്യവും പോസിറ്റീവ് ശക്തിയും നല്‍കി കുറച്ച് നാളത്തേക്ക് ഉണര്‍വോടെ മുന്നേറുവാന്‍ ശക്തി നല്‍കുന്നതാണ്.

തിരുനാളുകള്‍ മുടക്കരുത്
മനുഷ്യനെ ശുദ്ധീകരിക്കുവാനും ശക്തിപ്പെടുത്തുവാനും ബുദ്ധിയുള്ള പൂര്‍വികര്‍ കണ്ടെത്തിയ തന്ത്രവും മന്ത്രവുമാണ് നിറവും ശബ്ദവും വെളിച്ചവും മാസ്മരികത തീര്‍ക്കുന്ന ഈ ആഘോഷങ്ങള്‍. അതിനാല്‍തന്നെ ഇവ മുടങ്ങുമ്പോള്‍ ഈ ശുദ്ധീകരണ പ്രക്രിയ നടക്കാതെവരും. ഗ്രാമീണ ജീവിതത്തിന്റെ ഇത്തരം താളമേളങ്ങളിലൂടെ സംഭവിക്കുന്ന വിമലിനീകരണവും ശുദ്ധീകരണവും അധികാരകേന്ദ്രങ്ങള്‍ക്ക് മനസിലാവണമെന്നില്ല. മനസില്‍ അടിഞ്ഞുകൂടി കിടക്കുന്ന ദേഷ്യത്തെയും വെറുപ്പിനെയും അഹങ്കാരത്തെയും ആസക്തിയെയും ആടിയും പാടിയും പ്രാകൃതമനുഷ്യന്‍ മനസില്‍നിന്നും ജീവിതത്തില്‍നിന്നും ആട്ടിപ്പായിക്കുകയാണ്.

ഇതൊന്നും നടപ്പിലാകാതെ വരുമ്പോള്‍ മനസില്‍ ഇവ കെട്ടിക്കിടക്കുമെന്നും മനുഷ്യരെ കുറെക്കൂടി സ്വാര്‍ത്ഥരും അഹങ്കാരികളും ക്രൂരന്മാരും ആക്കി മാറ്റുമെന്നുമാണ് നരവംശശാസ്ത്രം പഠിപ്പിക്കുന്നത്. അതിനാല്‍തന്നെ ഉത്സവങ്ങളും തിരുനാളുകളും മുടങ്ങരുത്, മുടക്കരുത്. തെറ്റായ പ്രവണതകള്‍ തിരുത്താന്‍ തയാറാവുകയും വേണം. മതപരമായ ആഘോഷങ്ങള്‍ നല്‍കുന്ന ഈ പോസിറ്റീവ് വളര്‍ച്ചയെ നിരാകരിക്കുവാന്‍ ഈ കാലഘട്ടത്തില്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നു. മതേതരത്തിന്റെ വാചകകസര്‍ത്തില്‍ മതത്തെ നിരാകരിക്കുവാനുള്ള തന്ത്രമാണിത്.

തെറ്റിദ്ധരിക്കപ്പെടുന്ന മതേതരത്വം
മതേതരത്വം എന്നാല്‍ മതനിഷേധമോ മതനിരാസമോ അല്ല. മറിച്ച് ഓരോ മതത്തിന്റെയും അസ്തിത്വവും അനന്യതയും അംഗീകരിക്കുകയും ആദരിക്കുകയുമാണ്. ക്രൈസ്തവ ജീവിതത്തെയും ബൈബിളിനെയും മുറുകെ പിടിച്ച് യേശുവിശ്വാസത്തില്‍ വളരുന്നവനാണ് ക്രിസ്ത്യാനി. ഓരോരുത്തരും സ്വന്തം മതത്തെ ശ്രേഷ്ഠമായി കാണുന്നതോടൊപ്പം മറ്റുള്ളവര്‍ക്കും ഇത്തരം ബോധ്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ അവകാശമുണ്ടെന്ന് അംഗീകരിക്കുകയും വേണം. ഈ മതേതര കാഴ്ചപ്പാടാണ് ഇന്ത്യയുടെ ശക്തിയും സൗന്ദര്യവും. എന്നാല്‍ ഈ ദിനങ്ങളില്‍ ചില തെറ്റായ പ്രവണതകള്‍ നമ്മുടെ നാട്ടില്‍ വളര്‍ന്നുവരുന്നത് ശ്രദ്ധിക്കണം.

ഒരു മതവും ആവശ്യമില്ല എന്ന നിരീശ്വരചിന്ത സമൂഹമനഃസാക്ഷിയിലേക്ക് അടിച്ചു കയറ്റുന്നുണ്ട്. ഈ മസ്തിഷ്‌ക പ്രക്ഷാളത്തിന്റെ ഭാഗമാണ് ആഘോഷങ്ങളും തിരുനാളുകളും അലങ്കോലപ്പെടുത്തുന്നത്. പുണ്യദിനങ്ങളെ അവഹേളിക്കുന്നതും ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതും ഈ നിരീശ്വരചിന്തകളുടെ ഗൂഢതന്ത്രങ്ങളാണ്.

മതവും മൂല്യങ്ങളും തകിടംമറിഞ്ഞാല്‍ മനുഷ്യജീവിതങ്ങള്‍ കുത്തഴിഞ്ഞ് അലങ്കോലമാകും. ധാര്‍മികനിയമങ്ങളും മതാനുഷ്ഠാനങ്ങളും ഇല്ലാതായാല്‍ എന്തും ചെയ്യാം എന്നു ചിന്തിക്കുന്ന അരാജകത്വം വളരും. മതവും ദൈവവും മതചിന്തകളും ആവശ്യമില്ലെന്ന ചിന്ത യുവമനസുകളിലേക്ക് വിഷംപോലെ കുത്തിവച്ച് അരാജകത്വത്തിന്റെയും അശുദ്ധിയുടെയും സര്‍വസ്വാതന്ത്ര്യത്തിന്റെയും മായികലോകത്തിലേക്ക് അവരെ ക്ഷണിക്കുകയാണ്. ആത്യന്തികമായി അവ സമൂഹത്തിന്റെ താളം തെറ്റിച്ച് നാശത്തിലേക്ക് നയിക്കും.

പുണ്യമായും ശ്രേഷ്ഠമായും തലമുറകള്‍ മനസില്‍ സൂക്ഷിച്ച ആചാരങ്ങള്‍ അലങ്കോലമാക്കി മതത്തെയും ദൈവത്തെയും ആത്മീയമൂല്യങ്ങളെയും പടിയിറക്കുവാന്‍ ആരോ കെണികളൊരുക്കുന്നു. നാശവും തിന്മയും ആഗ്രഹിക്കുന്ന സാത്താന്‍ പുതിയ വേഷത്തില്‍ അവതരിക്കുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?