Follow Us On

25

November

2024

Monday

കുടിയേറ്റ ഗ്രാമത്തിലെ ഐഎഎസുകാരി

കുടിയേറ്റ ഗ്രാമത്തിലെ  ഐഎഎസുകാരി

പ്ലാത്തോട്ടം മാത്യു

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 93-ാം റാങ്ക് ലഭിച്ചത് ആനി ജോര്‍ജിനാണ്. കണ്ണൂര്‍ ജില്ലയിലെ കുടിയേറ്റ പ്രദേശമായ കാര്‍ത്തികപുരം ഗ്രാമത്തിന് ഇങ്ങനെയൊരു നേട്ടം സ്വന്തമാകുമ്പോള്‍ മറ്റുചില അപൂര്‍വതകളും ഒപ്പമുണ്ട്. അധ്യാപികയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട് ഐഎഎസുകാരിയായി മാറിയ അനുഭവമാണ് ആനി ജോര്‍ജിന്റേത്.

”ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസരം ഏതാണ്? എന്റെ അനുജന്‍ ജനിച്ച നിമിഷം.” ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യത്തിന് ചോദ്യകര്‍ത്താക്കളെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു മറുപടി. ഈ വര്‍ഷത്തെ സിവില്‍ പരീക്ഷയില്‍ 93-ാം റാങ്ക് നേടി ചരിത്രംകുറിച്ച ആനി ജോര്‍ജ് ആ ഉത്തരം നല്‍കിയത് ഹൃദയത്തില്‍നിന്നായിരുന്നു. സിവില്‍ സര്‍വീസിന്റെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്ളവര്‍ മറുപടി കേട്ടപ്പോള്‍ ഒരുപക്ഷേ അമ്പരന്നിട്ടുണ്ടാകും. ഇത്തരം നന്മനിറഞ്ഞ ഹൃദയമുള്ളവര്‍ സമൂഹത്തെ സേവിക്കേണ്ട സിവില്‍ സര്‍വീസില്‍ ഉറപ്പായും എത്തണമെന്ന് അവരും വിചാരിച്ചിട്ടുണ്ടാകാം.

ആദ്യചാന്‍സില്‍ സ്വപ്‌നനേട്ടത്തിലേക്ക്

ആനി ജോര്‍ജിന്റെ സിവില്‍ സര്‍വീസ് നേട്ടത്തിന്റെ വഴികള്‍ അറിയുമ്പോള്‍ 93-ാം റാങ്കിന് ഒന്നാം റാങ്കിനെക്കാള്‍ തിളക്കം ഉണ്ടെന്ന് തോന്നുന്നത് സ്വാഭാവികമാണ്. അതിനുള്ള ഒന്നാമത്തെ കാരണം ആനിയുടെ നേട്ടത്തിന് അനേകരെ പ്രചോദിപ്പിക്കാനുള്ള കഴിവുണ്ടെന്നതായിരിക്കും. ഈ സിവില്‍ സര്‍വീസുകാരിയുടെ വഴികള്‍ അറിയുമ്പോള്‍ എനിക്കും സിവില്‍ സര്‍വീസ് നേടാന്‍ കഴിയുമെന്ന് പിന്നാലെ വരുന്ന നിരവധി പേര്‍ മനസില്‍ കുറിച്ചിടുമെന്നത് തീര്‍ച്ച. കോളജ് അധ്യാപിക ആകാനുള്ള മികച്ച കോച്ചിംഗ് ലഭിക്കുമല്ലോ എന്നു കരുതിയാണ് ആനി ജോര്‍ജ് എംഎസ്‌സിക്കു പഠിക്കാന്‍ കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്കു വണ്ടി കയറിയത്. എന്നാല്‍ മടങ്ങുന്നത് ഐഎഎസുകാരി എന്ന വലിയ നേട്ടവും സ്വന്തമാക്കിയാണ്.

ആദ്യചാന്‍സില്‍ത്തന്നെ പ്രിലിമിനറിയും മെയിനും പാസാകുക എന്നതുതന്നെ അപൂര്‍വമാണ്. എന്നാല്‍ നേട്ടത്തിന് കൂടുതല്‍ മിഴിവുപകരുന്നത് വെറും 10 മാസത്തെ തയാറെടുപ്പുകള്‍കൊണ്ട് ഇങ്ങനെയൊരു വിജയം സ്വന്തമാക്കി എന്നതായിരിക്കും. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ തുടങ്ങി സിവില്‍ സര്‍വീസിന് പരിശീലനം ആരംഭിക്കുന്നതാണ് പൊതുരീതി. അവിടെയാണ് 10 മാസംകൊണ്ട് ആരുംകൊതിക്കുന്ന വിജയം സ്വന്തമാക്കി ഈ പെണ്‍കുട്ടി അമ്പരപ്പിക്കുന്നത്. പഠനവും പ്രാര്‍ത്ഥനയും ഒരുമിച്ചുകൊണ്ടുപോയതാണ് ആനിയുടെ വലിയ നേട്ടത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. പഠനകാലത്ത് ജീസസ് യൂത്തിലും ആനി ജോര്‍ജ് സജീവമായിരുന്നു.

ഗ്രാമത്തിന് ലഭിച്ച അനുഗ്രഹം

കുടുംബപ്രാര്‍ത്ഥനയും ബൈബിള്‍ വായനയും ബാല്യം മുതലുള്ള ശീലമായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് പാഠ്യേതര രംഗങ്ങളിലും സജീവമായിരുന്നു. കവിതാ രചനയ്ക്ക് സംസ്ഥാനതലത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. സണ്‍ഡേ സ്‌കൂള്‍ ക്ലാസുകളൊന്നും നഷ്ടപ്പെടുത്തില്ലെന്നത് ചെറുപ്പംമുതലേയുള്ള ശീലമായിരുന്നു. ദൈവാനുഗ്രഹങ്ങളും ദൈവിക സംരക്ഷണവും നേരില്‍ അനുഭവിച്ച നിരവധി അനുഭവങ്ങളും സ്വന്തം. ദൈവം എന്നെ കൈപിടിച്ച് നയിക്കുകയായിരുന്നു; കണ്ണൂര്‍ ജില്ലയിലെ ആലക്കോടിനടുത്തുള്ള കാര്‍ത്തികപുരത്തെ ഓലിക്കുന്നേല്‍ ആനി ജോര്‍ജ് സിവില്‍ സര്‍വീസുകാരിയുടെ തലക്കനമില്ലാതെ പറയുന്നു. ആനിയുടെ അഭിമാനവിജയം കുടിയേറ്റ ഗ്രാമത്തിന് ലഭിച്ച അനുഗ്രഹമായിട്ടാണ് അവിടെയുള്ളവര്‍ കരുതുന്നത്.

ഈ നേട്ടത്തില്‍ മാതാപിതാക്കളുടെ സപ്പോര്‍ട്ട് പ്രധാനപ്പെട്ട ഘടകമായിരുന്നു, അവരുടെ പ്രാര്‍ത്ഥനയും പിന്താങ്ങലുമായിരുന്നു തനിക്ക് കരുത്ത് പകര്‍ന്നിരുന്നതെന്ന് ആനി ജോര്‍ജ് പറയുന്നു. ഓലിക്കുന്നേല്‍ ഒ.എം ജോര്‍ജ്- സാലി ജോര്‍ജ് ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് ആനി. തലശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായ ജോര്‍ജ് റിട്ടയേര്‍ഡ് തൃശൂര്‍ ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറും സാലി മാമ്പൊയില്‍ സേക്രട്ട് ഹാര്‍ട്ട് എല്‍.പി സ്‌കൂള്‍ പ്രഥമാധ്യാപികയുമാണ്. അതോടൊപ്പം കാര്‍ത്തികപുരം സെന്റ് സെബാസ്റ്റ്യന്‍സ് സണ്‍ഡേ സ്‌കൂള്‍ അധ്യാപികയുമാണ്.

വചനം വഴികാട്ടി

പരിശീലനകാലയളില്‍ ടെസ്റ്റുകള്‍ക്ക് മാര്‍ക്കുകുറയുമ്പോള്‍ ആദ്യം വിളിക്കുന്നത് വീട്ടിലേക്കായിരുന്നു. അവരുടെ ആശ്വാസ വാക്കുകള്‍ പുത്തന്‍ ഊര്‍ജം പകര്‍ന്നിരുന്നു. സിവില്‍ സര്‍വീസ് ലക്ഷ്യവുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ പിതാവ് പറഞ്ഞത്. ആ സ്വപ്‌നത്തിലേക്ക് എത്താന്‍ കുറഞ്ഞത് മൂന്ന്-നാല് വര്‍ഷമെങ്കിലും വേണ്ടിവരാം. അത്രയും വര്‍ഷം മുമ്പില്‍കണ്ട് കരുത്തുള്ള മനസുമായി വേണം മുമ്പോട്ടുപോകാന്‍ എന്നായിരുന്നു. നിനക്ക് എന്തായാലും സിവില്‍ സര്‍വീസ് ലഭിക്കുമെന്നായിരുന്നു അമ്മയുടെ വാക്കുകള്‍. സഹോദരങ്ങളും ചേച്ചിയെ പ്രോത്സാഹിപ്പിച്ചു. അവരുടെ വാക്കുകളില്‍നിന്നും ലഭിച്ച ആത്മവിശ്വാസം ചെറുതായിരുന്നില്ല. അനിയന്‍ മാത്യു ജോര്‍ജ് ഡിഗ്രിക്കുശേഷം എംബിഎക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അനുജത്തി തെരേസ ജോര്‍ജ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. സുഹൃത്തുക്കളുടെ പിന്താങ്ങല്‍ എടുത്തുപറയേണ്ട മറ്റൊരു കാര്യമാണെന്ന് ആനി ജോര്‍ജ് പറയുന്നു. ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ സുഹൃത്തുക്കളോടു സംസാരിച്ചാല്‍ മനസ് ശാന്തമാകുമായിരുന്നു.

ഹൈസ്‌കൂള്‍-പ്ലസ്ടു പഠനകാലത്തുതന്നെ നേതൃത്വപരിശീലന ക്ലാസുകളില്‍ പങ്കെടുക്കുമായിരുന്നു. എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ അഭിപ്രായം തേടുമായിരുന്നു. ഭാവിയെക്കുറിച്ചുള്ള ഓരോ തീരുമാനങ്ങളും മാതാപിതാക്കളോട് ആലോചിച്ചും പ്രാര്‍ത്ഥിച്ചുമായിരുന്നു എടുത്തിരുന്നത്. പിതാവ് ജോര്‍ജിന്റെ വായനാശീലം ആനിക്കും കിട്ടിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള ധാരാളം പുസ്തകങ്ങളും ക്ലാസിക്കുകളും ചെറുപ്പത്തിലേ വായിക്കാന്‍ ആനിക്ക് കഴിഞ്ഞു. ഇടവകയായ കാര്‍ത്തികപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയ വികാരി ഫാ. ജോസഫ് ഈക്കാച്ചേരില്‍ കുട്ടികള്‍ക്ക് ഭാവിയെക്കുറിച്ച് നല്‍കിയ ഉപദേശങ്ങളും ക്ലാസുകളും വലിയ അളവില്‍ ഉപകരിച്ചിരുന്നു. ബൈബിള്‍ വചനങ്ങളായിരുന്നു ജീവിതത്തിലെ വഴികാട്ടി.

പ്രാര്‍ത്ഥിച്ചെടുത്ത തീരുമാനങ്ങള്‍

പരീക്ഷാസമയങ്ങളിലും പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോഴും മാതാപിതാക്കള്‍ വീട്ടില്‍ ഈശോയുടെ രൂപത്തിനു മുമ്പില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് ഈ കുടുംബത്തിന്റെ പതിവാണ്. കോളജുപഠനം കഴിഞ്ഞ ഉടനെ തിരുവനന്തപുരത്തുതന്നെ സിവില്‍ സര്‍വീസ് പരീക്ഷാ കോച്ചിങ്ങിന് ചേരുകയായിരുന്നു. ദില്ലിയില്‍ ഇന്റര്‍വ്യൂവിന് പോയപ്പോള്‍ മാതാപിതാക്കളും ഒപ്പം ഉണ്ടായിരുന്നു. ഇന്റര്‍വ്യൂവിന്റെ സമയമത്രയും അവര്‍ തിരികത്തിച്ച് പ്രാര്‍ത്ഥനയിലായിരുന്നു. പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും അനുഗ്രഹവും പ്രത്യേകം അനുഭവപ്പെട്ട സമയമായിരുന്നു അത്; ആനി ജോര്‍ജ് പറയുന്നു. ലിസ്റ്റില്‍ വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇത്രയും അടുത്ത റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം ദൈവാനുഗ്രഹം എന്നാണ് ആനി ജോര്‍ജ് പറയുന്നത്.

കണ്ണൂര്‍ ജില്ലയുടെ മലയോരത്തുനിന്ന് ആദ്യമായാണ് സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്കോടെ പാസാകുന്നത്. റിസല്‍ട്ട് അറിഞ്ഞപ്പോള്‍ നിരവധി പ്രമുഖര്‍ ഫോണിലും നേരിട്ടെത്തിയും അഭിനന്ദിച്ചു. തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോര്‍ജ് വലിയമറ്റം, മന്ത്രി റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചിരുന്നു.

പി.ജി ചെയ്യുന്ന സമയത്ത് യൂട്യൂബില്‍ വന്ന റെക്കമന്റേഷനുകളാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം മനസിലേക്ക് കൊണ്ടുവന്നത്.  ശ്രമിച്ചുനോക്കിയാലോ എന്നൊരു ചിന്ത ഉണ്ടായി. പഠിച്ചു തുടങ്ങുന്നതുവരെ സിവില്‍ സര്‍വീസിനെക്കുറിച്ച് കാര്യമായ അറിവ് ഉണ്ടായിരുന്നില്ല. പഠിക്കാന്‍ ആരംഭിച്ചപ്പോള്‍ അതൊരു ലഹരിയായി മാറി.

സി.ജെ സിസ്റ്റേഴ്‌സിന്റെ മാനേജ്‌മെന്റിലുള്ള ആലക്കോട് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം കോണ്‍വെന്റ് സ്‌കൂളിലായിരുന്നു ആനി ജോര്‍ജ് പത്താംക്ലാസുവരെ പഠിച്ചത്. ശ്രീകണ്ഠാപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍നിന്നും പ്ലസ്ടു പാസായി. തുടര്‍ന്ന് ചെന്നൈയില്‍ മദ്രാസ് ക്രിസ്റ്റ്യന്‍ കോളജില്‍ സുവോളജി മുഖ്യവിഷയമായി ഡിഗ്രിപഠനം. ബിഎസ്‌സിക്കു പഠിക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷില്‍ കൂടുതല്‍ പ്രാവീണ്യം നേടാന്‍ അതു സഹായകരമായി.

പരിശീലനം വെറും 10 മാസം

കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം കാമ്പസിലായിരുന്നു സുവോളജിയില്‍ പിജിക്കു ചേര്‍ന്നത്. കോളജ് അധ്യാപിക ആകണമെന്ന ആഗ്രഹമായിരുന്നു അതുവരെ മനസില്‍. പിജിക്ക് മൂന്നാം റാങ്ക് ലഭിക്കുകയും ചെയ്തു. കാര്യവട്ടം കാമ്പസില്‍ ചേരാന്‍ കാരണം നെറ്റ് കോച്ചിംഗിന് തിരുവനന്തപുരം നല്ല സ്ഥലമാണെന്നുള്ള ചിന്തയിലായിരുന്നു. പി.ജി ചെയ്യുന്ന സമയത്ത് യൂട്യൂബില്‍ വന്ന റെക്കമന്റേഷനുകളാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം മനസിലേക്ക് കൊണ്ടുവന്നത്. ശ്രമിച്ചുനോക്കിയാലോ എന്നൊരു ചിന്ത ഉണ്ടായി. പഠിച്ചു തുടങ്ങുന്നതുവരെ സിവില്‍ സര്‍വീസിനെക്കുറിച്ച് കാര്യമായ അറിവ് ഉണ്ടായിരുന്നില്ല. ഒരുകൈനോക്കാം എന്ന തോന്നലിന്റെ പുറത്തായിരുന്നു പരിശീലനം ആരംഭിച്ചത്. പഠിക്കാന്‍ ആരംഭിച്ചപ്പോള്‍ അതൊരു ലഹരിയായി മാറി.

എംഎസ്‌സി കഴിഞ്ഞ് 10 മാസത്തെ പരിശീലനമാണ് സിവില്‍ സര്‍വീസിനായി നടത്തിയത്. ആദ്യ ചാന്‍സില്‍ തന്നെ സിവില്‍ സര്‍വീസ് എന്ന സ്വപ്‌നത്തിലേക്ക് എത്താന്‍ കഴിഞ്ഞു. പ്രിലിമനറിക്കും മെയിന്‍ പരീക്ഷക്കും ഇടയ്ക്കുള്ള കാലമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആ സമയത്ത് 5-6 മണിക്കൂര്‍ ടൈമര്‍വച്ചാണ് പഠിച്ചിരുന്നത്. മെയിന്‍സ് സമയത്ത് 8-9 മണിക്കൂറായിരുന്നു പഠനത്തിനായി ചെലവഴിച്ചത്. കൂടുതലും അതിരാവിലെ എഴുന്നേറ്റ് പഠിക്കുന്നതായിരുന്നു രീതി. പരിശീലനം ആരംഭിച്ചതുമുതല്‍ പത്രവായന മുതല്‍ പരിശീലനവും ടെസ്റ്റുകളും വളരെ കൃത്യമായി ചെയ്തിരുന്നു. അതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. മെയിന്‍സിന്റെ റിസള്‍ട്ട് അറിഞ്ഞതിനുശേഷം ഇന്റര്‍വ്യൂ പരിചയം ഇല്ലാത്തതുകൊണ്ട് ടെന്‍ഷന്‍ ഉണ്ടായിരുന്നു.

ഹോബിയും മുല്ലപ്പെരിയാറും

രണ്ടു പത്രങ്ങള്‍ വായിക്കുമായിരുന്നു. ന്യൂസ് പേപ്പറുകള്‍ വായിച്ച് നോട്ടു തയാറാക്കുന്നതായിരുന്നു മറ്റൊരു രീതി. ഭാഷയും സാംസാരശൈലിയും നന്നാക്കുന്നതിന്റെ ഭാഗമായി പത്രങ്ങളുടെ എഡിറ്റോറിയലുകള്‍ ഉറക്കെ വായിച്ചാണ് പരിശീലിച്ചത്. വളരെ ഹൃദ്യമായ അനുഭവമായിരുന്നു ഇന്റര്‍വ്യൂ. ഒട്ടും ടെന്‍ഷന്‍ ജനിപ്പിക്കുന്ന അന്തരീക്ഷമായിരുന്നില്ല. ഹോബികളില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ ഡിഗ്രി പഠിച്ചതുകൊണ്ടുതന്നെ മുല്ലപ്പെരിയാറിനെക്കുറിച്ച് ചോദിച്ചു. വനിതാ ദിനത്തിലായിരുന്നു ഇന്റര്‍വ്യൂ. അതുകൊണ്ടുതന്നെ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങള്‍ വന്നു.

റിസള്‍ട്ട് അറിഞ്ഞപ്പോള്‍ സന്തോഷത്തെക്കാള്‍ കൂടുതല്‍ വലിയൊരു ആശ്വാസമായിരുന്നു മനസിലേക്കു വന്നതെന്ന് ആനി ജോര്‍ജ് പറയുന്നു. അല്പം കഴിഞ്ഞാണ് സന്തോഷംകൊണ്ട് മനസുനിറഞ്ഞത്. റിസള്‍ട്ട് വരുന്ന ദിവസം ടെന്‍ഷന്‍ കാരണം മൊബൈല്‍ മാറ്റിവച്ചിരിക്കുകയായിരുന്നു. സിവില്‍ സര്‍വീസ് അതിബുദ്ധിമാന്മാര്‍ക്ക് മാത്രമുള്ളതല്ല, സ്ഥിരതയോടെ പരിശ്രമിക്കുന്ന ആര്‍ക്കും കയ്യെത്തിപ്പിടിക്കാവുന്ന നേട്ടമായിട്ടാണ് ആനി ജോര്‍ജ് കാണുന്നത്.

പിന്നാലെ വരുന്നവര്‍ക്ക് പലവിധത്തില്‍ ഈ സിവില്‍ സര്‍വീസുകാരി മാതൃകയും പ്രചോദനവുമാണ്. ഒരു സാധാരണ ഗ്രാമത്തില്‍നിന്ന് വന്ന് ആദ്യശ്രമത്തില്‍ സിവില്‍ സര്‍വീസ് സ്വന്തമാക്കുന്നു. അതിലുപരി ദൈവത്തോടൊപ്പം ചേര്‍ന്നുനിന്നുകൊണ്ട് സിവില്‍ സര്‍വീസിലേക്ക് നടന്നുകയറി എന്നതാകും ആനി ജോര്‍ജിനെ വ്യത്യസ്തയാക്കുന്ന പ്രധാന ഘടകം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?