Follow Us On

23

November

2024

Saturday

ഒരു മരുന്ന് വിലയുടെ കഥ

ഒരു മരുന്ന് വിലയുടെ കഥ

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

അവിചാരിതമായി ഞാനൊരു കാന്‍സര്‍ രോഗിയായി. ഇപ്പോള്‍ സുഖപ്പെട്ടുവരുന്നു. രോഗം തിരിച്ചറിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ രണ്ട് ചികിത്സാമാര്‍ഗങ്ങള്‍ പറഞ്ഞു. ഒന്ന്, ഓപ്പറേഷന്‍. രണ്ട്, റേഡിയേഷന്‍. ഡോക്ടര്‍മാരുടെ വാക്കുകളും ചില കൗണ്‍സിലര്‍ന്മാര്‍ തന്ന ദൈവികവെളിപ്പെടുത്തലുകളും എന്റെ തോന്നലും അനുസരിച്ച് ഞാന്‍ ഓപ്പറേഷന്‍ വേണ്ടെന്നുവച്ച് റേഡിയേഷന്‍ തിരഞ്ഞെടുത്തു. അതനുസരിച്ച് ഡോക്ട ര്‍മാര്‍ കാര്യങ്ങള്‍ നീക്കി. ചില മരുന്നുകള്‍ ഒറ്റദിവസവും മുടങ്ങാതെ രണ്ടുവര്‍ഷം കഴിക്കണം എന്നവര്‍ നിര്‍ദേശിച്ചു. മരുന്നുകള്‍ കുറിച്ചുതന്നു. ആശുപത്രിയില്‍നിന്ന് കിട്ടുന്നതിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഈ മരുന്ന് പുറത്തുനിന്ന് വാങ്ങാന്‍ പറ്റും എന്നൊരു ഉപദേശം ഒരാള്‍ എനിക്ക് പറഞ്ഞുതന്നു. അതനുസരിച്ച് ഞാന്‍ ഒരു മൊത്തവിതരണ കടയില്‍നിന്ന് മരുന്ന് വാങ്ങി.

120 ഗുളികകള്‍ ഉള്ള ഒരു കുപ്പി- അങ്ങനെയാണ് വില്‍പന. 120 ഗുളിക 30 ദിവസത്തേക്കാണ്. ഞാന്‍ ഒരു കുപ്പി വാങ്ങി, കഴിക്കാന്‍ തുടങ്ങി. ആ കടക്കാര്‍ ഒരു കുപ്പി മരുന്നിന് വാങ്ങിയത് 6,500 രൂപയാണ്. അടുത്തമാസം ആശുപത്രിയില്‍ പോയപ്പോള്‍ ആ ഗുളികയുടെ ആശുപത്രിയിലെ വില ഞാന്‍ അന്വേഷിച്ചു. അവര്‍ പറഞ്ഞു: 13,000 രൂപ. അതായത് നേരെ ഇരട്ടി. അപ്പോള്‍ ഒരു കൗതുകത്തിനുവേണ്ടി ആ മരുന്നിന്റെ ചില്ലറ വില്‍പനവില (എംആര്‍പി) എത്രയെന്ന് മരുന്ന് ബോട്ടിലിന്റെ കവറില്‍ ഞാന്‍ പരിശോധിച്ചു. ആ കവറില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില്ലറ വില്‍പന വില 33,000 രൂപ! ഞാന്‍ ഞെട്ടിപ്പോയി. തുടര്‍ന്ന് മൊത്തവില്‍പനക്കാരന്‍, ആശുപത്രി, മെഡിക്കല്‍ ഷോപ്പ് എന്നീ മൂന്ന് സ്ഥലങ്ങളില്‍നിന്ന് രണ്ടുവര്‍ഷത്തേക്ക് ഞാന്‍ ഈ ഗുളിക വാങ്ങിയാലുള്ള ചിലവ് കൂട്ടിനോക്കി. അത് ഇങ്ങനെയാണ്.

മൊത്തക്കച്ചവടക്കാരന്‍ – 24 കുപ്പി x 24 മാസം = 6500 x  24 മാസം = 1,56,000 രൂപ.
ആശുപത്രി – 24 കുപ്പി x 24 മാസം =13,000 x 24 മാസം = 3,12,000 രൂപ.
മെഡിക്കല്‍ ഷോപ്പ് – 24 കുപ്പി x 24 മാസം = 33,000 x 24 മാസം = 7,92,000 രൂപ.
അപ്പോള്‍ മനസിലായ കാര്യം ഇതാണ്:
മൊത്ത കച്ചവടക്കാരനില്‍നിന്ന് വാങ്ങിയാല്‍ രണ്ടു വര്‍ഷത്തെ ചെലവ് = 1,56,000 രൂപ. ആശുപത്രി = 3,12,000 രൂപ, മെഡിക്കല്‍ ഷോപ്പ് = 7,92,000 രൂപ.
മൊത്തക്കച്ചവടക്കാരന്‍ 6500 രൂപക്ക് വില്‍ക്കുന്നു; അതേ മരുന്ന് ആശുപത്രി 13,000 രൂപക്ക് വില്‍ക്കുന്നു. അതേ മരുന്ന് മെഡിക്കല്‍ ഷോപ്പില്‍ 33,000 രൂപക്ക് വില്‍ക്കന്നു! മെഡിക്കല്‍ ഷോപ്പുകാരന്‍ 33,000 എന്നത് ചിലപ്പോള്‍ മുപ്പതിനായിരത്തിന് തരുമായിരിക്കും. അത് ആ കടക്കാരന്റെ നല്ല മനസ്. അദ്ദേഹം അത് 33,000-ത്തിന് വിറ്റാലും അത് നിയമവിരുദ്ധമല്ല. കാരണം ചില്ലറ വില്‍പനവില പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 33,000 രൂപ എന്നാണ്.
ഞാന്‍ ചിന്തിച്ച ചില കാര്യങ്ങള്‍ ഇനി പറയാം. ഒന്ന്, 6,500 രൂപക്ക് ഈ മരുന്ന് വില്‍ക്കുമ്പോള്‍തന്നെ അത് വില്‍ക്കുന്നയാള്‍ക്ക് ഒരു ലാഭം കിട്ടുന്നുണ്ട്.
രണ്ട്, ആശുപത്രി അത് വില്‍ക്കുമ്പോള്‍ ഈ ലാഭത്തിന് പുറമേ 6,500 രൂപകൂടി ലാഭം എടുക്കുന്നു.

മൂന്ന്, ഇതേ മരുന്ന് ചില്ലറ വില്‍പ്പനക്കാരന്‍ വില്‍ക്കുമ്പോള്‍ 33000 – 6500 = 26,500 രൂപ ലാഭം ഉണ്ടാക്കുന്നു. അങ്ങനെ 24 മാസംകൊണ്ട് 7, 92,000 രൂപ.
നാല്, ഇത് കാന്‍സര്‍ ചികിത്സക്കുള്ള മരുന്നാണ്. ദീര്‍ഘകാലം കഴിക്കണം. ഞാന്‍ ഈ മരുന്ന് മെഡിക്കല്‍ ഷോപ്പില്‍നിന്ന് വാങ്ങിയാല്‍ രണ്ടുകൊല്ലംകൊണ്ട് ഏകദേശം 6,35,000 രൂപ അധികം കൊടുക്കണം. ചില്ലറ വില്‍പനക്കാരന്‍ 33,000 എന്നതില്‍ വല്ലതും കുറവ് വരുത്തിയാല്‍ എന്റെ അധികച്ചെലവില്‍ കുറവ് വരും.
അഞ്ച്, രണ്ടുവര്‍ഷം ഈ മരുന്ന് ഒരാള്‍ പുറത്തുനിന്ന് വാങ്ങുമ്പോള്‍ അപ്പോള്‍ എത്ര ലക്ഷം രൂപ അധികച്ചെലവ് വരുന്നുണ്ടെന്ന് കണക്കാക്കുക. ധാരാളം കാന്‍സര്‍ രോഗികള്‍ സാമ്പത്തികമായി ഞെരുക്കം ഉള്ളവരാണ്. അങ്ങനെ മറ്റുള്ളവര്‍ ഇത്തരം കൊള്ളയ്ക്കുമുമ്പില്‍ എത്ര മാത്രം അധികഞെരുക്കം അനുഭവിക്കേണ്ടിവരുന്നെന്ന് ചിന്തിക്കുക.

മറ്റൊരു പ്രധാന ചിന്ത ഇതാണ്: മെഡിക്കല്‍ കമ്പനികള്‍ ഇങ്ങനെ മനുഷ്യരെ ചൂഷണം ചെയ്യുന്നത് ശരിയാണോ? മരുന്ന് ഉണ്ടാക്കുന്ന കമ്പനികള്‍തന്നെ ആയിരിക്കുമല്ലോ അവയുടെ മൊത്തവില്‍പന വിലയും ചില്ലറ വില്‍പന വിലയും തീരുമാനിക്കുന്നത്.
ഒരു രോഗത്തിന് ചികിത്സിക്കാന്‍ ഇങ്ങനെ പലതരം ഗുളികകളും ഇഞ്ചക്ഷനും മറ്റ് സാധനങ്ങളുമെല്ലാം വേണം. ഇവയെല്ലാം മൊത്തവില്‍പനയില്‍നിന്ന് ഇത്രമാത്രം വിലകൂട്ടി വില്‍ക്കുമ്പോള്‍ രോഗികള്‍ എത്രയധികം പണം കണ്ടെത്തേണ്ടിവരുന്നു. ഇതിനുപുറമെയാണ് ആശുപത്രിയിലെ ചെലവുകള്‍. സാധാരണക്കാര്‍ ഇതെങ്ങനെ താങ്ങും? ആരുണ്ട് ഇതൊക്കെ കാണാന്‍? ആരുണ്ട് ഇതിനൊക്കെ നിയന്ത്രണം കൊണ്ടുവരാന്‍. രോഗവാസ്ഥയില്‍ മരുന്നുകള്‍ അനിവാര്യമാണ്. സാമ്പത്തികഭാഷയില്‍ പറഞ്ഞാല്‍ ഇന്‍ ഇലാസ്റ്റിക് ഡിമാന്റ് ഉള്ള വസ്തുക്കളാണ് മിക്ക മരുന്നുകളും. അതായത് വില എത്രയായാലും നിവൃത്തികേടുകൊണ്ട് ആളുകള്‍ വാങ്ങും. മറ്റ് വല്ല വസ്തുക്കളും ആണെങ്കില്‍ കൊള്ളവിലയാണെന്നു കണ്ടാല്‍ വാങ്ങാതിരിക്കാം. വില കുറവാണെങ്കില്‍ വാങ്ങാം. അവയെ ഇലാസ്റ്റിക് ഡിമാന്റ് ഉള്ള വസ്തുക്കള്‍ എന്ന് വിളിക്കും. ചികിത്സയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും ഇന്‍ ഇലാസ്റ്റിക് ഡിമാന്റ് ആണെന്നു പറയാം. അതുകൊണ്ടാണ് അവയുടെ വില കൂട്ടി വില്‍ക്കുന്നത്. 450 രൂപ കണ്‍സര്‍ട്ടിങ്ങ് ഫീസായി വാങ്ങുന്ന പല ഡോക്ടര്‍മാരും രോഗിയെ പരിശോധിക്കാന്‍ അഞ്ചുമിനിട്ടുപോലും എടുക്കുന്നില്ല. ഞാന്‍ തന്നെ അനുഭവസ്ഥനാണ്.

പറഞ്ഞുവരുന്നത് ഇതാണ്: രോഗീശുശ്രൂഷാമേഖലയില്‍ കുറെയധികം ചൂഷണങ്ങള്‍ ഉണ്ട്. ഇത് സാധാരണക്കാരനും പാവപ്പെട്ടവനും താങ്ങാന്‍ പറ്റില്ല. മരുന്നും ആശുപത്രി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നവര്‍ കുറച്ചുകൂടി സാമൂഹ്യനീതി പാലിക്കണം. ഒരു പുതിയ ആശുപത്രി ഉപകരണം വാങ്ങിയപ്പോള്‍ ഒരു വര്‍ഷത്തേക്ക് ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് (എഎംസി) എടുക്കാതിരുന്നതി ന്റെ പേരില്‍ ആ ഉപകരണം കേടായപ്പോള്‍ നന്നാക്കിത്തരാന്‍പോലും കൂട്ടാക്കാത്ത കമ്പനിക്കാരെ കണ്ടിട്ടുണ്ട്. അതിനാല്‍ മരുന്ന് ഉത്പാദകരും മെഷിനറി നിര്‍മാതാക്കളും ഡോക്ടര്‍മാരും ആശുപത്രിയുമെല്ലാം ഒരു തൃപ്തികരമായ ലാഭം എടുക്കുന്നിടംവരെയേ വിലയിടാവൂ. ഇങ്ങനെ ഒരു ടീമായി പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യരുത്. ഒരു വ്യക്തി ഒരു സൂചന തന്നതുകൊണ്ടുമാത്രമാണ് ഈ വില വ്യത്യാസം ഞാന്‍ അറിഞ്ഞത്. ലക്ഷക്കണക്കിന് അധിക ചെലവ് ഒഴിവാക്കിയതും. ഈ വിവരങ്ങള്‍ അറിയാത്ത പാവങ്ങളുടെ സ്ഥിതിയോ? ഒരു മരുന്ന് വിലയുടെ കഥ ഇതാണെങ്കില്‍ എത്രയോ മരുന്നു വിലകളുടെ കഥയും സമാനമായിരിക്കും?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?