സ്വന്തം ലേഖകന്‍
‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’
ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട് ആവുന്ന പല കാര്യങ്ങളും ഉണ്ടാവും. കാലങ്ങള്‍ കഴിയുന്തോറും വീര്യം കൂടി വരുക എന്നല്ലാതെ ഒരിക്കലും അതിന്റെ ഭംഗി നഷ്ടപ്പെടില്ല.
പഴകും തോറും ഇഷ്ടം കൂടുന്ന, ചിരിപ്പിക്കുന്ന, കരയിപ്പിക്കുന്ന ഓര്‍മ്മകള്‍. ഒന്നും എഴുതാന്‍ ശ്രമിക്കാതെ, അതൊന്നും ആരോടും പറയാതെ ഉപ്പിലിട്ടുവച്ച ഓര്‍മ്മകള്‍. ഈ ഭൂമിയില്‍ ഓര്‍മ്മകളോളം വിലപിടിപ്പുള്ളതായി എന്തുണ്ട്..? നമുക്കത് അത്രമേല്‍ പ്രിയങ്കരമാണ്. തനിച്ചിരിക്കുമ്പോള്‍ നമ്മളെല്ലാം ഓര്‍മ്മകളിലേക്ക് പോകും.. അവിടെ എല്ലാമുണ്ട്. നമ്മളെ നമ്മളാക്കുന്ന എല്ലാം. അതിന്റെ ചേര്‍ത്തുവയ്ക്കലുകള്‍ മാത്രമാണ് ഈ കുറിപ്പുകള്‍. ഓര്‍മ്മകള്‍ ഉപ്പിലിട്ടത്. ഒരുപാട് പുസ്തകങ്ങളെ കുറിച്ചും സിനിമയെ കുറിച്ചുമെല്ലാം എഴുത്തുകാരന്‍ സൂചിപ്പിക്കുന്നുണ്ട്. ഇതൊരു ഓര്‍മ്മകളുടെ സ്‌നേഹ മഷിയാല്‍ എഴുതിയ പുസ്തകമാണ്.
ഓര്‍മ്മകള്‍ മനുഷ്യരെ നിര്‍മ്മലമാക്കുമെന്ന് പറയുന്നത് അച്ചട്ടാണ് ഈ പുസ്തകത്തിന്റെ കാര്യത്തില്‍. ഒരു A to Z സ്‌നാനം നടക്കും ഓര്‍മ്മകള്‍ ഉപ്പിലിട്ടതിന്റെ ആദ്യ പേജ് തുറന്ന് അവസാന താള്‍ അടക്കുമ്പോഴേക്കും. ചിലയിടയങ്ങളില്‍ ചിന്തകളും, ചിലയിടങ്ങളില്‍ ചിരിയും, ചിലയിടങ്ങളില്‍ മിഴിനീര്‍പെയ്ത്തും സമ്മാനിച്ചാണ് ഓര്‍മ്മകള്‍ ഉപ്പിലട്ടതിന്റെ ജൈത്രയാത്ര. കടലാസച്ചന്റെ അപ്പയും, അമ്മയും, കൂട്ടുകാര്‍ ടോണിയും ബോണിയും സിനോഷും ജിമ്മിച്ചേട്ടനും മക്കാണ്ടയും സാബുചേട്ടനും ലക്ഷ്മിയും റോയും അജിത്തും ജോഷ്വ ചേട്ടനും അന്നമ്മ ടീച്ചറും പിന്നെ കുറെ പുസ്തകങ്ങളും കുഞ്ഞു സിനിമകളും അതിലെ കഥാപാത്രങ്ങളും കൂടി അച്ചന്റെ ഓര്‍മ്മകളെ കുന്തുരുക്ക ഗന്ധമുള്ളതാക്കുന്നു. അതേ ഓര്‍മ്മകള്‍ ഉപ്പിലിട്ടതില്‍ സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ, സന്യാസത്തിന്റെ നിലാപെയ്ത്താണ്.
‘കടലാസ്’ എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ എഴുത്തുകളുടെയും വായനയുടെയും അനന്തമായ ദൃശ്യമാധ്യമത്തിന്റെ മായാലോകം നമുക്കുമുന്നില്‍ തുറന്നുതന്ന പ്രതിഭാശാലിയായ എഴുത്തുകാരനാണ് ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എന്ന വൈദികന്‍. മലയാളസാഹിത്യരംഗത്ത് തന്റേതായ ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ഈ വൈദികന് സാധിക്കുന്നു. സാഹിത്യലോകത്തില്‍ ആരോവെട്ടിയ വഴിയിലൂടെയല്ല ഈ എഴുത്തുകാരന്‍ കടന്നുവന്നത്. മറിച്ച് തന്റേതായ ഒരു രചനാലോകം സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ എഴുത്തുജീവിതം ആരംഭിക്കുന്നതുതന്നെ. ‘കടലാസ്’ എന്ന ഗ്രന്ഥവും അതിനൊരു ഉദാഹരണമാണ്. ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എഴുതിയ ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’ മനോഹരമായ പുസ്തകമാണ്. ഇരിക്കുംതോറും വീര്യം കൂടുന്നവയാണ് ഓര്‍മ്മകള്‍. കാലങ്ങള്‍ ഓര്‍മ്മകള്‍ക്ക് സമ്മാനിക്കുന്ന ഉപ്പുരസം അത് നടന്നുവന്ന വഴികളിലെ വിയര്‍പ്പിന്റെ ഉപ്പുരസങ്ങളാവാതെ തരമില്ല. കാലം അതിന് സമ്മാനിക്കുന്ന വ്യത്യസ്തമായ ഒരു രുചിക്കൂട്ടുണ്ട്. ആ രുചിക്കൂട്ടാണ് മനുഷ്യജീവിതത്തെ തന്നെ മുന്നോട്ടു നയിക്കുന്നതും. കാലം ഉപ്പിലിട്ടുവച്ച ഓര്‍മ്മകളുടെ ഭരണിയാണ് ഈ ഗ്രന്ഥത്തിലൂടെ പ്രിയ ബിബിന്‍ അച്ചന്‍ നമുക്ക് നീട്ടിത്തരുന്നത്. ആ രുചികൂട്ടുകളുടെ രുചി വൈവിധ്യങ്ങള്‍ കാലത്തിന്റെ ചില്ലുഭരണിയില്‍ വായനക്കാരന് ലഭിക്കുന്നു.
പുസ്തകം ലഭിക്കാന്‍ 9400294893 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യുക. ആമസേണിലും ലഭ്യമാണ്.
വില: 170 രൂപ.
Leave a Comment
Your email address will not be published. Required fields are marked with *