Follow Us On

20

April

2025

Sunday

ഡോക്ടറെ അമ്പരിപ്പിച്ച രോഗി

ഡോക്ടറെ അമ്പരിപ്പിച്ച രോഗി

കാന്‍സറിന്റെ അവസാനത്തെ സ്റ്റേജിലാണെന്ന് ഈഡിത്ത് ബേണ്‍സിനോട് പറയാന്‍ ഡോക്ടര്‍ക്ക് വിഷമം ഉണ്ടായിരുന്നു. ഈഡിത്തിനെപ്പോലെ ബോള്‍ഡായ ഒരാളില്‍നിന്നും രോഗവിവരങ്ങള്‍ മറച്ചുവയ്‌ക്കേണ്ടതില്ലെന്ന് തോന്നിയതുകൊണ്ടാണ് ബയോപ്‌സി ടെസ്റ്റിന്റെ റിപ്പോര്‍ട്ട് ഡോക്ടര്‍ അറിയിച്ചത്.
എല്ലാം കേട്ടുകഴിഞ്ഞിട്ടും ഈഡിത്തിന് യാതൊരു ഭാവമാറ്റവും ഇല്ലെന്നത് ഡോ ക്ടറെ ആശ്ചര്യപ്പെടുത്തി. ”ഡോക്ടര്‍, ദൈവത്തിന് തെറ്റുപറ്റുമെന്ന് കരുതുന്നുണ്ടോ? സ്വര്‍ഗത്തില്‍ ക്രിസ്തുവിനോടൊപ്പം എന്നും ഈസ്റ്റര്‍ ആഘോഷിക്കാനുള്ള ഭാഗ്യം ലഭിച്ചപ്പോള്‍ എന്തിനാണ് വിഷമിക്കുന്നത്?” എന്നായിരുന്നു അവരുടെ ചോദ്യം.
എല്ലാവരെയും ആകര്‍ഷിക്കുന്നവിധമായിരുന്നു ഈഡിത്തിന്റെ ഇടപെടലുകള്‍. ആദ്യമായി ആരെക്കണ്ടാലും ‘ഞാന്‍ ഈഡിത്ത്, നിങ്ങള്‍ ഈസ്റ്ററില്‍ വിശ്വസിക്കുന്നുണ്ടോ’ എന്നായിരുന്നു അവരുടെ ചോ ദ്യം. ഡോ. ഫിലിപ്പ് പലപ്പോഴും അവരുടെ മുറിയിലേക്ക് ചെല്ലുമ്പോള്‍ ആരോടെങ്കിലും ക്രിസ്തുവിനെപ്പറ്റി പറയുന്നത് കാണാറുണ്ടായിരുന്നു.

അവരെ പരിചരിച്ചിരുന്ന നേഴ്‌സ് ഫില്ലിസിന് ഈ പെരുമാറ്റം തീരെ ഇഷ്ടപ്പെ ട്ടിരുന്നില്ല. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഫില്ലിസിന്റെ ദൃഷ്ടിയില്‍ ആ സ്ത്രീ ഒരു മതതീവ്രവാദിയായിരുന്നു. ഒരു ദിവസം മുറിയിലെത്തിയ ഫില്ലിസിനെ നോക്കി ചിരിച്ചുകൊണ്ട് ഈഡിത്ത് പറഞ്ഞു, ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു. ആ സ്‌നേഹത്തില്‍ എനിക്ക് താല്പര്യമോ വിശ്വാസമോ ഇല്ലെന്നായിരുന്നു പുച്ഛഭാവത്തിലുള്ള അവരുടെ പ്രതികരണം. ഞാന്‍ മരിക്കുന്നതിന് മുമ്പ് അതു നിങ്ങള്‍ തിരിച്ചറിയുമെന്നായിരുന്നു ഈഡിത്തിന്റെ മറുപടി. എങ്കില്‍ നിങ്ങള്‍ ഒരിക്കലും മരിക്കില്ലെന്ന് ഫില്ലിസും പറഞ്ഞു.

ഇങ്ങനെ പറഞ്ഞെങ്കിലും ആ മുറിയിലേക്ക് പോകാന്‍ വല്ലാത്തൊരു പ്രേരണയുണ്ടെന്ന് അവര്‍ക്കു തോന്നി. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒരു ദിവസം ഫില്ലിസ് ചോദിച്ചു, ”നിങ്ങള്‍ എല്ലാവരോടും ഈസ്റ്ററില്‍ വിശ്വസിക്കുന്നുണ്ടോ എന്നു ചോദിക്കാറുണ്ടല്ലോ. എന്നോടുമാത്രം എന്തുകൊണ്ടാണ് ചോദിക്കാത്തത്?”
ഞാന്‍ പലതവണ ചോദിക്കാന്‍ തുടങ്ങിയതാണ്. പക്ഷേ, അപ്പോഴെല്ലാം ഇപ്പോള്‍ ചോദിക്കേണ്ട എന്ന് എന്റെ മനസുമന്ത്രിച്ചു. ഇതു പറഞ്ഞിട്ട് ഈഡിത്ത് ആ ചോദ്യം ആവര്‍ത്തിച്ചു. വിശ്വസിക്കുന്നു എന്നായിരുന്നു ഉത്തരം.

ഈസ്റ്റര്‍ ദിനത്തില്‍ ഈഡിത്തിന് സമ്മാനി ക്കുന്നതിനായി കുറെ ഈസ്റ്റര്‍ലില്ലി പുഷ്പങ്ങളുമായിട്ടാണ് ഫില്ലിസ് വന്നത്. മുറിയിലെത്തിയപ്പോള്‍ ഈഡിത്ത് കിടക്കുന്നതാണ് കണ്ടത്. മടിയില്‍ ബൈബിള്‍ തുറന്നുവച്ചിരുന്നു. ഉറക്കത്തില്‍പ്പോലും ഈഡിത്ത് പുഞ്ചിരിക്കുന്നുണ്ടെന്ന് അവര്‍ക്കു തോന്നി. ബൈ ബിള്‍ എടുക്കുന്നതിനായി കൈയില്‍ പിടിച്ചപ്പോള്‍ ആ കൈകള്‍ മരവിച്ചിരുന്നു. ഈ ഡിത്ത് മരിച്ചുവെന്ന് ഫില്ലിസിന് മനസിലായി. വെളിപാട് 21:4 ആയിരുന്നു തുറന്നുവച്ചിരുന്ന വചനഭാഗം. ”അവിടുന്ന് അവരുടെ മിഴികളില്‍ നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.”

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?