ഫാ. മാത്യു ആശാരിപറമ്പില്‍
നിശബ്ദവും നിഷ്‌ക്രിയവുമായ സാബത്തുദിനത്തെ അത്താഴത്തിനുശേഷം കിടന്ന മഗ്ദലേന മറിയത്തിന് ഉറക്കം പെട്ടെന്ന് ലഭിച്ചില്ല. കഴിഞ്ഞ ദിവസത്തെ ദുരന്തചിത്രങ്ങള്‍ മനസില്‍ തെളിഞ്ഞുവരുന്നു. തന്റെ പ്രിയപ്പെട്ട യേശു തെരുവീഥിയിലൂടെ അവഹേളിതനായി വലിച്ച് ഇഴയുന്നതും കൊല്ലപ്പെടുന്നതും വേട്ടയാടുന്ന ഓര്‍മകളാണ്. ഒരു മയക്കത്തിനുശേഷം ഉറക്കമുണര്‍ന്ന മറിയം കല്ലറയിലേക്ക് പോകുവാന്‍ കൊതിച്ചു. ആള്‍ക്കൂട്ടത്തിന്റെ ആരവത്തിന്റെ നടുക്കും കൊത്തിവലിക്കുന്ന കണ്ണുകളുടെ ഇടയിലും ആ കല്ലറ അവള്‍ അടയാളപ്പെടുത്തിവച്ചിരുന്നു. ഇതാ നേരം വെളുത്തുതുടങ്ങിയിരിക്കുന്നു. കാത്തുസൂക്ഷിച്ച സുഗന്ധച്ചെപ്പുമെടുത്ത് പാതി കത്തിത്തീര്‍ന്ന കൈവിളക്കുമെടുത്ത്, അവള്‍ കല്ലറയിലേക്ക് ഓടുകയായിരുന്നു. കാലിന്റെ വേഗത്തെക്കാള്‍ കരളിലെ സ്‌നേഹം അവളെ പ്രഭാതത്തില്‍ കല്ലറയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു.
ഗുഹയിലേക്ക് കുനിഞ്ഞുകയറിയ അവള്‍ കണ്ടത് ഉരുട്ടിമാറ്റിയ കല്ലറയുടെ മുഖമാണ്. തന്റെ പ്രിയപ്പെട്ടവന്റെ മൃതശരീരം അവിടെ കാണാനില്ല. അലമുറയിട്ട് കരയുന്നതല്ല ആരെയെങ്കിലും അറിയിക്കുന്നതാണ് ബുദ്ധിയെന്ന് അവള്‍ മനസിലാക്കി. ശിഷ്യപ്രമുഖരെ ഓടിച്ചെന്ന് അവള്‍ വിവരമറിയിച്ചു. ഉറക്കച്ചടവോടെ ഓടിക്കിതച്ചെത്തിയ അവര്‍ യേശു ഉയിര്‍പ്പിക്കപ്പെട്ടുവെന്ന ദൂതന്റെ വാക്കുകേട്ട് അത്ഭുതത്തോടും തൃപ്തിയോടുംകൂടി തിരിച്ചുപോയി. കണികാണാന്‍ കൊതിച്ചെത്തിയവള്‍ക്ക് തിരിച്ചുപോകാനാവില്ല. ഉരുകിയൊലിക്കുന്ന മെഴുകുതിരിപോലെ കത്തിത്തീരുന്ന ജന്മത്തിന്റെ മുമ്പിലേക്ക് കിനാവുപോലെ കര്‍ത്തന്‍ കടന്നുവന്ന് കിന്നാരം ചൊല്ലുന്നിടത്ത് ഈ ഉയിര്‍പ്പുരംഗം പൂര്‍ണമാവുകയാണ്. ഈ തിരുവചനഭാഗം മനസിലേക്ക് കൊണ്ടുവന്ന ചില ചിന്തകള്‍ പങ്കുവയ്ക്കട്ടെ.
അതിരാവിലെ തനിയെ പോകുന്ന മറിയം
മറ്റ് സുവിശേഷങ്ങള്‍ ഈ പ്രഭാതയാത്രയില്‍ മറ്റൊരു മറിയംകൂടി ഉണ്ടെന്ന് കുറിച്ചുവയ്ക്കുന്നുണ്ടെങ്കിലും മറിയത്തിന്റെ ഒറ്റയ്ക്കുള്ള യാത്രയാണ് യുക്തിഭദ്രമെന്ന് കരുതുന്നു. മനസില്‍ തീ കത്തുന്നവര്‍ മറ്റാര്‍ക്കുംവേണ്ടി കാത്തുനില്‍ക്കുന്നില്ല. തീവ്രസ്വപ്നങ്ങള്‍ കണ്ട് ഓടുന്നവര്‍ ഗാലറികളുടെ ആരവം ശ്രദ്ധിക്കാറില്ല. അവര്‍ ഒറ്റയ്ക്കാണ്; ആരുമില്ലെങ്കിലും അവര്‍ കുതിക്കും. ആയിരം കുതിരകളെ കെട്ടിയ രഥംപോലെ ശക്തമായ ഊര്‍ജപ്രവാഹം ഉള്ളില്‍ ഉറവ പൊട്ടുമ്പോള്‍ ആരെങ്കിലും അടുത്തുണ്ടോ എന്ന് അവര്‍ ആലോചിക്കില്ല. സ്വാതന്ത്ര്യത്തിന്റെ പൊന്‍പ്രഭാതം പൊട്ടിവിടര്‍ന്ന ആഘോഷതിമിര്‍പ്പില്‍ ഡല്‍ഹി തുള്ളിച്ചാടുമ്പോള്‍ കൊല്‍ക്കത്തയിലെ ഇടവഴികളിലൂടെ ഒറ്റയ്ക്ക് നടന്നു നീങ്ങിയ ഗാന്ധിയും കേഴുന്ന ആയിരങ്ങളുടെ വിലാപങ്ങള്‍ കാതില്‍ മുഴങ്ങുമ്പോള്‍ ദിവ്യകാരുണ്യനാഥന്റെ മുമ്പില്‍ ഒറ്റയ്ക്കിരുന്ന മദര്‍ തെരേസയുമൊക്കെ ഇത്തരം അഗ്നി ഉള്ളില്‍കൊണ്ടുനടന്നവരാണ്.
പ്രിയപ്പെട്ടവനെ തേടുന്ന മറിയം
പ്രിയപ്പെട്ടവനെ തിരയുന്ന ഉത്തമഗീതത്തിലെ നായികയുടെ ഹൃദയഭാവങ്ങളാണ് മറിയത്തിന്. തടസങ്ങളും ഇരുള്‍മറകളും അവളെ നഷ്ടധൈര്യപ്പെടുത്തുന്നില്ല. മനസില്‍ അഗ്നി കെടാതിരിക്കുമ്പോള്‍ സമയവും കാലവും അവള്‍ക്ക് അടിമയായി മാറുന്നു. ”സ്‌നേഹം പ്രതിബന്ധമറിയുന്നില്ല” എന്ന കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥന ഇവിടെയാണ് സാര്‍ത്ഥകമാകുന്നത്. വിളിച്ച് കൂട്ടിക്കൊണ്ടുവന്ന ശിഷ്യപ്രമുഖര്‍ തിരിച്ചുപോയിട്ടും കണ്ണീര്‍ തുടച്ച് കല്ലറയ്ക്ക് പുറത്തുനില്‍ക്കുവാന്‍ അവള്‍ക്ക് കഴിഞ്ഞത് മനസില്‍ നിറഞ്ഞുകൂടിയിരിക്കുന്ന വിശുദ്ധമായ പ്രേമസുഗന്ധമായതുകൊണ്ടാണ്.
കരഞ്ഞുനില്‍ക്കുന്ന മറിയം
കല്ലറയ്ക്ക് പുറത്ത് കരഞ്ഞുനില്‍ക്കുന്ന മറിയത്തോട് ആദ്യം ദൂതരും പിന്നെ യേശുവും ചോദിക്കുന്നു ‘സ്ത്രീയേ നീ എന്തിന് കരയുന്നു?’ കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ വിലാപവും പരിദേവനങ്ങളുമായി മറിയം കരയുന്നത് കാല്പനികഭംഗിയുള്ള ചിത്രമാണ്. ഈ കരച്ചില്‍ അടിമത്തത്തിന്റെയോ തകര്‍ച്ചയുടെയോ വിലാപമല്ല, മറിച്ച് സ്ത്രീജന്മത്തിന്റെ സൗന്ദര്യനിറവിന്റെ നേര്‍ക്കാഴ്ചയാണ്. എല്ലാ കണ്ണീരുകളും നിരാശാഗീതങ്ങളോ ദുരന്തധ്വനികളോ അല്ല, മറിച്ച് ആര്‍ദ്രസ്‌നേഹത്തിന്റെ മഴവില്ലുകളാണ്. കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ അമ്മ നിലവിളിക്കുന്ന ആത്മനിര്‍വൃതിയുടെയും സംതൃപ്തിയുടെയും കണ്ണീരാണ്. പത്തിരുപതു വര്‍ഷം തന്നോടു ചേര്‍ത്തുനിര്‍ത്തി വളര്‍ത്തിയ മകള്‍ വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്ക് പടിയിറങ്ങുമ്പോള്‍ സാരിത്തുമ്പുകൊണ്ട് കണ്ണീര്‍ തുടച്ച് അമ്മ കരയുന്നത് സ്‌നേഹത്തിന്റെ കണ്ണീരാണ്. ആശുപത്രിയില്‍ രോഗിയായി കിടക്കുന്ന മകന്റെ കൈപിടിച്ച് ഉറങ്ങാതെ, കാവലിരിക്കുന്ന അമ്മ കരുതലിന്റെ കണ്ണീരാണ് പൊഴിക്കുന്നത്. അവധികഴിഞ്ഞു ദൂരദേശത്തേക്കു ജോലിക്കു പോകുന്ന ഭര്‍ത്താവിന്റെ മുമ്പില്‍ കണ്ണീര്‍മഴയായി ഭാര്യ പെയ്ത് തീരുന്നത് വിശ്വസ്തതയുടെ സ്‌നേഹഗീതമാണ്.
ഇത്തരം കണ്ണീരുകളും വിലാപങ്ങളും നമുക്ക് വേണം. സ്ത്രീജന്മത്തിന്റെ ഇത്തരം കണ്ണീര്‍മഴയിലാണ് ഭൂമി വീണ്ടും തളിരണയുന്നത്. പണത്തിന്റെയും സുഖത്തിന്റെയും പ്രലോഭനങ്ങളില്‍ ആര്‍ത്ത് രസിക്കുന്നവരും പ്രതികാരത്തിന്റെ അഗ്നിയില്‍ സകലരെയും കത്തിച്ചാമ്പലാക്കുന്നവരും കണ്ണീരൊലിപ്പിച്ച് ചതിക്കുന്നവരുമായ സ്ത്രീകഥാപാത്രങ്ങളാല്‍ ടിവി സ്‌ക്രീനുകളും സിനിമാശാലകളും നിറയുമ്പോള്‍, സ്ത്രീജന്മത്തിന്റെ ശ്രേഷ്ഠത കുറഞ്ഞുപോകുന്നു. നമുക്ക് സ്‌നേഹനിര്‍ഭരമായ കണ്ണീരുകളും വിതുമ്പലുകളും കെട്ടിപിടുത്തങ്ങളും വിടപറച്ചിലുകളും തിരിച്ചെടുക്കണം.
കാത്തിരിക്കുന്നവര്‍ക്ക് മറുപടിയുണ്ട്
കല്ലറ തുറന്നിരിക്കുന്നതു കണ്ട് മറിയം ശിഷ്യരെ കൂട്ടിക്കൊണ്ടുവന്നു. ഓടികിതച്ചെത്തിയവര്‍ ദൂതരുടെ സദ്‌വാര്‍ത്ത കേട്ട് തിരിച്ചുപോയി, അവള്‍ മടങ്ങിയില്ല. ഇത്തരം കാത്തുനില്‍പ്പുകളാണ് ജീവിതത്തിന് അതീന്ദ്രിയവിജയങ്ങള്‍ നല്‍കുന്നത്. യേശു മറിയത്തിനുമുമ്പില്‍ പ്രത്യക്ഷപ്പെട്ടു. നിശബ്ദമായ ചില കാത്തിരിപ്പുകള്‍ അത്ഭുതങ്ങളുടെ കവാടം തുറക്കും. കാത്തിരിപ്പുകള്‍ക്ക് മറുപടിയുണ്ട്, കനകശോഭയാര്‍ന്ന വിജയങ്ങളുമുണ്ട്. മുന്‍പില്‍ ഇരുളാണെങ്കിലും ചുറ്റിലെ ദീപങ്ങള്‍ കെട്ടുപോയാലും മനസില്‍ സ്‌നേഹത്തിന്റെ എണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍ക്ക് സൂര്യകിരണങ്ങളുമായി കര്‍ത്താവ് കടന്നുവരും.
എല്ലാറ്റിനും ഉയിര്‍പ്പുണ്ട്
ഒറ്റിക്കൊടുക്കപ്പെട്ട പെസഹാവ്യാഴവും പിച്ചിച്ചീന്തപ്പെടുന്ന ദുഃഖവെള്ളിയും ഒറ്റയ്ക്കാവുന്ന ദുഃഖശനിക്കുമപ്പുറം ജീവിതം മുമ്പോട്ട് പോകുകതന്നെ ചെയ്യും എന്നതാണ് ഉയിര്‍പ്പിന്റെ നിത്യസന്ദേശം. പീഡാനുഭവങ്ങള്‍ക്കുശേഷം ഉയിര്‍പ്പുണ്ടാകുമെന്ന ദൈവികജ്ഞാനം കുറയുമ്പോഴാണ് നാം പതറിപ്പോകുന്നത്. ജീവിതത്തിന്റെ ചെറുദുരന്തങ്ങള്‍ ജീവിതനാടകത്തിന്റെ അവസാന രംഗമാണെന്ന് തെറ്റിദ്ധരിക്കുമ്പോള്‍ നാം തോറ്റുപോകുന്നു. ബേബി ജോണ്‍ കലയന്താനിയുടെ പ്രസിദ്ധമായ ഗാനം വീണ്ടും കേള്‍ക്കണം: ”ഇല പൊഴിയും കാലങ്ങള്‍ക്കപ്പുറം തളിരണിയും കാലമുണ്ടെന്നോര്‍ക്കണം… കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം പുഞ്ചിരിയുണ്ടെന്നതോര്‍ക്കണം…” എല്ലാ ദുരന്തങ്ങള്‍ക്കുമപ്പുറം നന്മയുടെ ആകാശങ്ങള്‍ സ്വപ്നം കാണുവാനും എല്ലാ പരാജയങ്ങള്‍ക്കുംശേഷം വിജയത്തിന്റെ മഴവില്ലുകള്‍ കണ്ണില്‍ വിടര്‍ത്തുവാനും പ്രതീക്ഷ നല്‍കുകയാണ് ഉയിര്‍പ്പിന്റെ മധുരഗീതങ്ങള്‍. എല്ലാവര്‍ക്കും ഉയിര്‍പ്പുണ്ട്. എല്ലാറ്റിനും ഉയിര്‍പ്പുണ്ട്. ഉയിരുവാന്‍ കൊതിക്കുന്നവര്‍ക്ക് ഉയിര്‍പ്പ് ദൂരത്തുമല്ല.
Leave a Comment
Your email address will not be published. Required fields are marked with *