Follow Us On

21

April

2025

Monday

ലോകത്തിന്റെ മന:സാക്ഷി യാത്രയായി : ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

ലോകത്തിന്റെ മന:സാക്ഷി  യാത്രയായി : ആര്‍ച്ചുബിഷപ്  ഡോ. ജോസഫ്    കളത്തിപ്പറമ്പില്‍

ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
(വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത)

ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വേര്‍പിരിയുമ്പോള്‍ ഓര്‍ക്കുന്നു, ലാളിത്യം ആയിരുന്നു പാപ്പയുടെ മുഖമുദ്ര. പെരുമാറ്റത്തിലും സംസാരത്തിലും സാധാരണക്കാരന്‍. എല്ലാവരോടും ഇടപഴകുന്ന, സംസാരിക്കുന്ന വ്യക്തി. 2013 മാര്‍ച്ച് മാസം 13നാണ് പുതിയ പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. അന്ന് വത്തിക്കാന്‍ ചത്വരത്തില്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നവര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിന്‍ഗാമിയുമായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ മെത്രാപ്പോലീത്തയായ ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോയുടെ പേര്‍ പ്രഖ്യാപിച്ചു. ഈ സമയം അവിടെ കൂടിയിരുന്ന പലരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു ആരാണ് ഇദ്ദേഹം. അദ്ദേഹത്തെ അറിയാത്ത മെത്രാന്മാരും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. സ്വതസിദ്ധമായ ശൈലിയിലും,പ്രാര്‍ത്ഥനജീവിതത്തിലൂടെയും ആഗോളകത്തോലിക്കാസഭയുടെ വിശ്വാസത്തിന്റെ നക്ഷത്രമായി അദ്ദേഹം മാറിയത് പെട്ടെന്നായിരുന്നു. മൂന്നുവര്‍ഷക്കാലത്തോളം ഞാന്‍ പാപ്പയ്‌ക്കൊപ്പം റോമില്‍ ജോലി ചെയ്തു. ഇക്കാലം എന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണ് സമ്മാനിച്ചത്. 2013 ഏപ്രില്‍ ആറാം തീയതിയിലെ പ്രഭാതം. കുര്‍ബാനക്കുപ്പായം ധരിക്കാന്‍ ഞാന്‍ സാക്രിസ്റ്റിയില്‍ എത്തി. പെട്ടെന്നാണ് അദ്ദേഹം കടന്നു വന്നത്. അവിടെയുണ്ടായിരുന്നതില്‍ വളരെ ലളിതമായ ഒരു ചോസിബിള്‍ എടുത്ത് അദ്ദേഹവും ധരിച്ചു. എനിക്ക് വലിയ സന്തോഷമായി, കാരണം ഞാന്‍ അന്ന് കുര്‍ബാന അര്‍പ്പിക്കുന്നത് ഫ്രാന്‍സിസ് പാപ്പയോടൊപ്പം ആണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ”പ്രായമായ എന്റെ അമ്മയ്ക്ക് ഒരു ആശിര്‍വാദം നല്‍കണം”. അദ്ദേഹം എന്റെ ശിരസ്സില്‍ കൈവെച്ച് അമ്മയ്ക്ക് ആശിര്‍വാദം നല്‍കി. അള്‍ത്താരയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വലത്ത്ഭാഗത്ത് നില്‍ക്കാനുള്ള ഊഴം എനിക്കായിരുന്നു. ഏഴുമണിക്ക് ആരംഭിച്ച കുര്‍ബാന 7.35 ആയപ്പോഴേക്കും കഴിഞ്ഞു. അതിനിടയില്‍ അദ്ദേഹത്തിന്റെ കൊച്ചു പ്രസംഗവും ഉണ്ടായിരുന്നു. കുര്‍ബാന കഴിഞ്ഞ് കുപ്പായം അഴിച്ചുവെച്ച് പാപ്പ നീങ്ങി. എന്റെ ശ്രദ്ധ മുഴുവന്‍ പാപ്പയില്‍ ആയിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ഉണ്ട് അദ്ദേഹം ചാപ്പലിന്റെ പിന്‍ഭാഗത്തുള്ള ഒരു ബെഞ്ചില്‍ ഇരുന്ന്
പ്രാര്‍ത്ഥിക്കുന്നു. തനിക്കായി ഒരു പ്രത്യേക ഇരിപ്പിടം റിസര്‍വ് ചെയ്യുന്നതിനോട് അദ്ദേഹത്തിന് താല്പര്യം ഇല്ലായിരുന്നു. ഞാന്‍ ചാപ്പലിന് പുറത്തേക്കിറങ്ങി. എന്റെ പിന്നാലെ ബാക്കിയുള്ളവരും. അപ്പോഴതാ പാപ്പ വാതില്‍ക്കലേക്ക് പോകുന്നു. അവിടെ ഓരോരുത്തരെയായി കണ്ടു അഭിവാദ്യം ചെയ്യുന്നു. എന്നെ കണ്ടപ്പോള്‍ പറഞ്ഞു, നന്ദി, അമ്മയ്ക്ക് എന്റെ സ്‌നേഹാന്വേഷണം നല്‍കണം രോഗിയായ അമ്മയെക്കുറിച്ചുള്ള എന്റെ ഉത്കണ്ഠ അദ്ദേഹം മനസ്സില്‍ കുറിച്ചിട്ടിരുന്നു, ഹൃദയസ്പര്‍ശിയായ ഒരു അനുഭവമായിരുന്നു എനിക്കത്. ഞാന്‍ കണ്ടുമുട്ടുന്ന ഓരോരുത്തരെയും അദ്ദേഹം ഹൃദയത്തില്‍ സംവഹിക്കുന്നു എന്ന് എനിക്ക് ബോധ്യമായി. എളിമയുടെ ആള്‍രൂപം ആയിരുന്നു പാപ്പ. പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന്റെ സമയത്ത് കര്‍ദിനാള്‍മാര്‍ വത്തിക്കാനിലെ കാസ സാന്താ മര്‍ത്തയിലാണ് താമസിച്ചിരുന്നത്. പാപ്പയായി തിരഞ്ഞെടുത്ത ശേഷവും അദ്ദേഹം അവിടെത്തന്നെ താമസമാക്കി. പാപ്പയ്ക്കായി പ്രത്യേ കാര്‍ ഏര്‍പ്പെടുത്തിയെങ്കിലും അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. പാപ്പയായി തിരഞ്ഞെടുത്ത ശേഷവും മറ്റു കര്‍ദിനാള്‍മാര്‍ക്കൊപ്പം ബസ്സിലാണ് താമസസ്ഥലത്തേക്ക് പോയത്. സൗ കര്യങ്ങള്‍ നിറഞ്ഞ അപ്പോസ്‌തോലിക അരമന ഉണ്ടായിരുന്നിട്ടു കാസ സാന്താ മര്‍ത്തയിലെ താമസക്കാരനായി. ആളുകളുമായി ബന്ധപ്പെടാന്‍ എളുപ്പം ഇവിടെ താമസിക്കുന്നതാണ് എന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചവരോട് അദ്ദേഹത്തിന്റെ മറുപടി.
എപ്പോള്‍ കണ്ടാലും സ്‌നേഹസംഭാഷണത്തിന് സമയം കണ്ടെത്തുമായിരുന്നു ഫ്രാന്‍സിസ് പാപ്പ. വത്തിക്കാന്‍ കാര്യാലയത്തിലെ കുടിയേറ്റക്കാരുടെ വിഷയവുമായി ബന്ധപ്പെട്ട കാര്യാലയത്തിന്റെ ചുമതലക്കാരനായിരുന്നു ഞാന്‍. ലിഫ്റ്റിലോ വരാന്തകളിലോ എന്നെ കണ്ടുമുട്ടുമ്പോഴെല്ലാം ജോലിയെക്കുറിച്ചും കുടിയേറ്റക്കാരെകുറിച്ചും പാപ്പാ ചോദിക്കുമായിരുന്നു. കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളില്‍ പാപ്പ എപ്പോഴും ആശങ്കാകുലനായിരുന്നു. പാപ്പയായ ശേഷം അദ്ദേഹം ആദ്യ സന്ദര്‍ശനം നടത്തിയത് അനധികൃത കൂടിയേറ്റക്കാര്‍ താമസിക്കുന്ന ലാമ്പവേദൂസ എന്ന ഇറ്റാലിയന്‍ ദ്വീപിലേക്ക് ആയിരുന്നു. വിശ്വാസത്തിന്റെ തീക്ഷണമായ മാതൃകയായിരുന്നു ഫ്രാന്‍സിസ് പാപ്പ. പുതിയ ഉത്തരവാദിത്വമേറ്റെടുത്ത ഉടന്‍ റോമിലെ മേരി മേജര്‍ ബസിലിക്ക ദേവാലയത്തില്‍ പോയി തന്നെ സ്വയം മാതാവിന് സമര്‍പ്പിച്ച് പ്രാാര്‍ത്ഥിക്കുകയാണ് ചെയ്തത്..
പിന്നീട് പാപ്പമാരുടെ വേനല്‍ക്കാല വസതിയില്‍ എത്തി സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ സന്ദര്‍ശിച്ചു. അനുകരിക്കാന്‍ കഴിയുന്ന ലളിതജീവിതം ആയിരുന്നു പാപ്പ നയിച്ചിരുന്നത്. ഭക്ഷണശാലയില്‍ വരുമ്പോള്‍ എല്ലാവരെയും പോലെ ഭക്ഷണം സ്വയം എടുത്ത് കഴിക്കും, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. അത്താഴം കഴിക്കുംമുമ്പ് ഒരു മണിക്കൂര്‍ നേരം കാസ സാന്ത മര്‍ത്തയിലെ ചാപ്പലില്‍ പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. മാര്‍ച്ച് 13 എനിക്കൊരു പ്രത്യേ ദിവസമാണ്. എന്റെ പൗരോഹിത്യ സ്വീകരണദിനം ആണത്. ഇപ്പോള്‍ അത് ഫ്രാന്‍സിസ് പാപ്പാ തിരഞ്ഞെടുക്കപ്പെട്ട ദിനം കൂടിയായി. അന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരം നിറഞ്ഞുകവിഞ്ഞു നിന്ന വിശ്വാസികളോടൊപ്പം ഞാനും ആ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു. എത്ര സുന്ദരമായ അനുഭവമായിരുന്നു അത്. അദ്ദേഹം ചട്ടങ്ങള്‍ക്കും ചടങ്ങുകള്‍ക്കും അതീതനായ ഒരു വ്യക്തിയാണ്. മുന്നില്‍ നില്‍ക്കുന്ന മനുഷ്യനാണ് അദ്ദേഹത്തിന് വലുത്. പോളിയോ ബാധിച്ച ബാലനെ അദ്ദേഹം വാരിക്കോരി ഉമ്മവെച്ചപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. ദൈവം സ്‌നേഹമാണെന്ന് പറയുവാന്‍ അദ്ദേഹം ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ ഏറെയാണ്. 2016 ഒക്ടോബറില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി നിയമിതനാകുന്നത് വരെ ഞാന്‍ വത്തിക്കാനിലെ ജോലി തുടര്‍ന്നു. മൂന്നുവര്‍ഷത്തിലധികം പാപ്പയുമൊപ്പം സേവനം ചെയ്യാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. വരാപ്പുഴ മെത്രാപ്പോലീത്തയായ ശേഷവും ഇടയ്ക്ക് റോം സന്ദര്‍ശന വേളയില്‍
പാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ആഗോളകത്തോലിക്കാസഭയിലെ എല്ലാ ബിഷപ്പുമാരും വത്തിക്കാനില്‍ എത്താറുണ്ട്. പാപ്പയെ കാണുകയും പത്രോസിന്റെ ശവകുടീരവും റോമിലെ പ്രധാന ബസിലിക്കകള്‍ സന്ദര്‍ശിച്ച് രൂപതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിക്കുകയും ചെയ്യും. ഇങ്ങനെയുള്ള സന്ദര്‍ശനത്തില്‍ വീണ്ടും ഫ്രാന്‍സിസ് പാപ്പയുടെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. 2024 ഓഗസ്റ്റ് അവസാനം നടത്തിയ വത്തിക്കാന്‍ സന്ദര്‍ശനത്തിലാണ് ഒടുവില്‍ പാപ്പയെ കണ്ടത്. അന്ന് പാപ്പയെ ഷാള്‍ അണിയിച്ചു. പാപ്പയുടെ ആരോഗ്യം മോശമായപ്പോള്‍ മുതല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ അധികനേരത്തെ യാത്രയ്ക്ക് ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാല്‍ ആണ് ഞാന്‍ തിടുക്കപ്പെട്ട് സന്ദര്‍ശനം വേണ്ടെന്നുവച്ചത്. പാപ്പയുമൊത്തുളള കൂടിക്കാഴ്ചകള്‍ പലതും നടന്നിട്ടുണ്ടെങ്കിലും ചിലത് മറക്കാനാവില്ല.
ഇന്ത്യയിലെ അപ്പോസ്‌തോലിക് ന്യൂണ്‍ഷിയോ ആയിരുന്ന ആര്‍ച്ചുബിഷപ് ജോര്‍ജ് സുര്‍ രോഗാതുരനായപ്പോള്‍ വിശ്രമ ജീവിതം നയിച്ചത് പാപ്പ താമസിച്ചിരുന്ന സാന്ത മര്‍ത്തയില്‍ ആയിരുന്നു. ഇരുവരും ഒരു നിലയിലാണ് താമസിച്ചിരുന്നത്. കിടപ്പിലായിരുന്ന ആര്‍ച്ചു ബിഷപ്പിന് എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന നല്‍കാന്‍ ഒരു വൈദികനെ ചുമതലപ്പെടുത്തിയിരുന്നു. ഒരു ദിവസം അദ്ദേഹത്തിന് അസൗകര്യം മൂലം ഞാന്‍ അതിന് നിയോഗിക്കപ്പെട്ടു. അതുകഴിഞ്ഞ് ആര്‍ച്ചുബിഷപ്പിന്റെ മുറിയില്‍ നിന്നിറങ്ങുമ്പോള്‍ മുന്നില്‍ പാപ്പയെ കണ്ടു. വരാപ്പുഴ ആര്‍ച്ചുബിഷപ്പായി നിയമിതനായതിന്റെ അഭിനന്ദനം എന്നെ നേരിട്ട് അറിയിച്ചു. പുതിയ ദത്യം ലഭിച്ച ശേഷമുള്ള ആദ്യ അഭിനന്ദനമായിരുന്നു അത്. സഭയിലെ നൂറുകണക്കിന് മെത്രാന്മാര്‍ക്കിടയില്‍ എന്നെ പാപ്പ ഓര്‍ത്തെടുത്തത് ഇപ്പോഴും മറക്കാനാവുന്നില്ല. കത്തോലിക്കാ തിരുസഭയില്‍ തന്റേതുമാത്രമായ ഒരു അതിവിശുദ്ധ സ്ഥാനം ഈ ഭൂമിയില്‍ ബാക്കിവെച്ച് ഫ്രാന്‍സിസ് പാപ്പ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയാകുമ്പോള്‍ ആ പരിശുദ്ധ കാലഘട്ടത്തില്‍ ഈ ഭൂമിയില്‍ ജീവിക്കാന്‍ ആയതിന്റെ ആത്മീയസന്തോഷത്തോടെ പരിശുദ്ധ പിതാവേ അങ്ങേക്ക് യാത്രാമംഗളം. വിട.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?