വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍. റോമിലുള്ള നാലു മേജര്‍ ബസിലിക്കകളില്‍ ഒന്നാണ് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളി. വത്തിക്കാന്‍ പുറത്തുവിട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒസ്യത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്.
പള്ളിയില്‍ വണങ്ങപ്പെടുന്ന, വിശുദ്ധ ലൂക്കാ സുവിശേഷകന്‍ വരച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ‘റോമിന്റെ സംരക്ഷകയായ മറിയം’ എന്ന ചിത്രത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധഭക്തി പുലര്‍ത്തിയിരുന്നു. 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനകം അദ്ദേഹം പള്ളിയിലെത്തി മാതാവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ വിദേശപര്യടനങ്ങള്‍ക്കു മുമ്പ് ഈ ബസലിക്കയിലെത്തി പ്രാര്‍ത്ഥിക്കുകയും തിരിച്ചുവരുമ്പോള്‍ നന്ദി അര്‍പ്പിക്കുകയും ചെയ്യുമായിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിലെ 38 ദിവസത്തെ ചികിത്സയ്ക്കുശേഷം മാര്‍ച്ച് 23 ന് വത്തിക്കാനിലേക്കു മടങ്ങവേ അനാരോഗ്യംമൂലം പള്ളിയില്‍ കയറാന്‍ കഴിയാതിരുന്ന മാര്‍പാപ്പ, പള്ളിക്കു മുന്നില്‍ കാര്‍ നിര്‍ത്തി പ്രാര്‍ത്ഥിച്ചു. ഓശാന ഞായറിന് തൊട്ടുമുമ്പ് ഏപ്രില്‍ 12 ന് ശനിയാഴ്ചയാണ് അദ്ദേഹം അവസാനമായി പള്ളിയിലെത്തി ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *