Follow Us On

23

January

2025

Thursday

പാപ്പയുടെ ഇടപെടലിൽ അകന്നുപോയത് മൂന്നാം ലോകമഹായുദ്ധം! അറിയാമോ ആ ചരിത്രം?

വീയെക്‌സ്

സംഭവിക്കാമായിരുന്ന മൂന്നാം ലോക മഹായുദ്ധം ഒഴിവാകാൻ കാരണം ഒരു പാപ്പ നടത്തിയ അസാധാരണ ഇടപെടലാണ്. പാഠപുസ്തകങ്ങൾ പങ്കുവെക്കാത്ത സംഭവബഹുലമായ ആ ചരിത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? വിശുദ്ധ ജോൺ 23-ാമൻ പാപ്പയുടെ തിരുനാൾ (ഒക്ടോബർ 11) ആഘോഷിക്കുമ്പോൾ ആ ചരിത്രം അറിയാതെപോവരുത്.

സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തെക്കുറിച്ചും അതിന്റെ ഭാഗമായ ക്യൂബൻ മിസൈൽ പ്രതിസന്ധിയെ കുറിച്ചും കേൾക്കാത്ത വിദ്യാർത്ഥികളുണ്ടാവില്ല. ലോകം നടുക്കത്തോടെ കടന്നുപോയ ആ ദിനങ്ങൾക്ക് അറുതി ഉണ്ടായതും പഠനവിഷയമായിരുന്നു. എന്നാൽ, ലോകജനത ഭയന്ന മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കിയ വിശുദ്ധ ജോൺ 23-ാമൻ പാപ്പയെ കുറിച്ച് ആ ക്ലാസുകളിലൊന്നും കേട്ടിട്ടുണ്ടാവില്ല. അതാണ്, ലോകത്തിന്റെ ചരിത്ര നിർമിതി! ക്യൂബൻ മിസൈൽ പ്രതിസന്ധി പരിഹരിക്കപ്പെട്ടത് യു.എന്നിന്റെ ഇടപെടലോടെയാണ്. ഈ ചരിത്ര ലിഖിതം വാസ്തവമാണെങ്കിലും സമാധാനം സംജാതമാകണമെന്ന തീരുമാനത്തിലേക്ക് രണ്ട് രാജ്യങ്ങളുടെ ഭരണാധികാരികളെയും നയിച്ചത് ജോൺ 23-ാമൻ പാപ്പ ചെലുത്തിയ സ്വാധീനമാണ്.

പാപ്പമാരെ രാജ്യത്തേക്ക് ക്ഷണിക്കാൻ മടിക്കുന്ന ഭരണാധികാരികളും ലോകരാജ്യങ്ങൾ പാപ്പമാർക്ക് നൽകുന്ന ആദരണീയ സ്ഥാനത്തെക്കുറിച്ച് സംശയമുള്ളവരും നിർബന്ധമായും അറിയണം- ആസന്നമായിരുന്ന മൂന്നാം ലോക മഹായുദ്ധം ഒഴിവാകാൻ കാരണമായത് ഒരു പാപ്പ നടത്തിയ ഇടപെടലാണ്, വിശുദ്ധ ജോൺ 23-ാമൻ. റഷ്യ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായിവരെ, ലോകസമാധാനം ലക്ഷ്യംവെച്ച് നയതന്ത്രബന്ധങ്ങൾ ഊഷ്മളമാക്കിയ പാപ്പയും അദ്ദേഹം തന്നെ.

ലോക യുദ്ധത്തെ അകറ്റിയ ഇടപെടൽ

ശീതയുദ്ധം കൊടുംമ്പിരികൊണ്ട 1961. ജർമനിയിലെ ബെർലിൻ മതിലുമായി ബന്ധപ്പെട്ട് റഷ്യയും അമേരിക്കയും തമ്മിലുള്ള ആശയസംഘട്ടനങ്ങൾ ശമിപ്പിക്കാനുള്ള ശ്രമങ്ങളിൽ ജോൺ 23-ാമൻ പാപ്പ ഇടപെട്ടുതുടങ്ങി. 1962 ആയപ്പോഴേക്കും സ്ഥിതിഗതികൾ കൂടുതൽ വഷളായി. തുർക്കിയുടെ അനുവാദത്തോടെ മോസ്‌ക്കോയെ ലക്ഷ്യമിട്ട് യു.എസ് ന്യൂക്ലിയർ മിസൈൽസ് സ്ഥാപിച്ചതായിരുന്നു കാരണം. കമ്മ്യൂണിസ്റ്റ് ക്യൂബയെ നശിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു യു.എസിന്റെ നടപടി.

സോവിയറ്റ് യൂണിയനും വിട്ടുകൊടുത്തില്ല. യു.എസിനെ ലക്ഷ്യമിട്ട് സോവിയറ്റ് യൂണിയൻ ക്യൂബയിൽ ന്യൂക്ലിയർ മിസൈലുകൾ സ്ഥാപിച്ചു. ഫിഡൽ കാസ്‌ട്രോയും ക്രൂഷ്‌ചേവും തമ്മിൽ നടത്തിയ രഹസ്യചർച്ചയെ തുടർന്നായിരുന്നു ഈ നീക്കം. ഒക്‌ടോബർ 14ന് അമേരിക്കയുടെ ഡിഫെൻസ് ഇന്റലിജൻസ് ഏജൻസി ക്യൂബയിലെ വിന്യസിച്ചിരിക്കുന്ന മിസൈൽ സാന്നിധ്യം സ്ഥിരീകരിച്ചു.

ക്യൂബയെ കടൽ മാർഗത്തിലും വായുമാർഗത്തിലും ആക്രമിക്കാനുള്ള തീരുമാനമാണ് യു.എസ് ആദ്യം കൈക്കൊണ്ടത്. എന്നാൽ, അതിനു പകരം മിലിട്ടറി ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. ക്യൂബയിലേക്ക് ആയുധങ്ങൾ കടത്തരുതെന്നും യു.എസ്.എസ്.ആറിലേക്ക് ആയുധങ്ങൾ തിരികെ കൊണ്ടുപോകണമെന്നും അമേരിക്ക അന്ത്യശാസനം നൽകി.

പ്രതിസന്ധി രൂക്ഷമായ ഈ ഘട്ടത്തിൽ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും ചില നയതന്ത്രജ്ഞർ അമേരിക്കയിൽ സമ്മേളിച്ച് ഈ പ്രശ്‌നം പരിഹരിക്കപ്പെടാൻ ജോൺ 23-ാമൻ പാപ്പയുടെ ഇടപെടൽ ശുപാർശ ചെയ്തു. സമാധാനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിക്കും സോവിയറ്റ് പ്രസിഡന്റ്‌ ക്രൂഷ്‌ചേവിനും ബോധ്യമായിരുന്നതിനാൽ ഈ നിർദേശത്തെ ഇരുവരും അനുകൂലിച്ചു.

ഇരുനേതാക്കന്മാരോടും സമാധാനം പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു സമാധാനസന്ദേശം റേഡിയോയിലൂടെ പാപ്പ നൽകി. ലോകമനസാക്ഷിയുടെ ശബ്ദമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാപ്പയുടെ വാക്കുകളെ ചെവിക്കൊള്ളാൻ ഇരു രാജ്യങ്ങളും തയാറായി എന്നത് ചരിത്രം. മൂന്നാമതൊരു ലോകമഹായുദ്ധത്തിന്റെ സാധ്യതകളാണ് അതോടെ ഇല്ലാതായത്.

റഷ്യയും പാപ്പയും തമ്മിൽ

പാപ്പയുടെ സമാധാനസന്ദേശം അമേരിക്ക ഉൾക്കൊണ്ടതും സ്വീകരിച്ചതും എളുപ്പം മനസിലാകും. എന്നാൽ കത്തോലിക്കാ സഭയെ പ്രഖ്യാപിത ശത്രുവായി കാണുന്ന കമ്മ്യൂണിസ്റ്റ് റഷ്യ നയിക്കുന്ന സോവിയറ്റ് യൂണിയൻ പാപ്പയുടെ ഉപദേശം സ്വീകരിക്കുകയോ! അവിശ്വസനീയമായ ആ തീരുമാനത്തിന്റെ കാരണം അറിയണമെങ്കിൽ വിശുദ്ധ ജോൺ 23-ാമൻ പാപ്പയും- റഷ്യയും തമ്മിൽ കൈമാറിയ ആശംസയെക്കുറിച്ചുകൂടി അറിയണം.

വത്തിക്കാന്റെ നയതന്ത്രപരമായ നയങ്ങളിൽ വിനീതമായ മാറ്റങ്ങൾക്കും ജോൺ 23-ാമൻ പാപ്പയുടെ കാലഘട്ടം സാക്ഷിയായി. ഔദ്യോഗികനയങ്ങളിൽ മാറ്റം വരുത്താതെ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളോട് മൃദുസമീപനം കാഴ്ചവച്ചു എന്നതാണ് അതിലൊരു കാര്യം. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളുമായി ആശയവിനിമയമാർഗങ്ങൾ സ്ഥാപിച്ചുകൊണ്ട് വത്തിക്കാന്റെ നയതന്ത്രമേഖലയിൽ മഹത്തായ ഒരു നേട്ടം ജോൺ പരിചയപ്പെടുത്തി.

1961 നവംബർ നാലിനായിരുന്നു 80-ാം പിറന്നാൾ ആഘോഷം. പാപ്പ പദവിയുടെ മൂന്നാം വാർഷികംകൂടിയായിരുന്നു അത്. 68 രാജ്യങ്ങളിൽനിന്ന് പ്രതിനിധികൾ പാപ്പയ്ക്ക് ആശംസകൾ നേരാൻ നേരിട്ടെത്തി. പതിവുപോലെ റഷ്യയിൽനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. എന്നാൽ, യഥാർത്ഥ ജന്മദിനമായ നവംബർ 25ന് ഒരു അത്ഭുതം സംഭവിച്ചു. ആരോഗ്യദീർഘായുസുകൾ നേർന്നുകൊണ്ടും സമാധാനത്തിനുവേണ്ടിയുള്ള ശ്രമങ്ങളിൽ വിജയം ആശംസിച്ചുകൊണ്ടും റഷ്യൻ പ്രസിഡന്റ് ക്രൂഷ്‌ചേവിന്റെ ടെലിഗ്രാം പാപ്പയെ തേടിയെത്തി.

1917 മുതലുള്ള ചരിത്രത്തിൽ റഷ്യയിൽനിന്ന് വത്തിക്കാനിലേക്കുള്ള ചരിത്രപ്രധാനമായ ആദ്യത്തെ ടെലിഗ്രാം സന്ദേശമായിരുന്നു ഇത്. എപ്പോൾവേണമെങ്കിലും പൊട്ടിപ്പോകാവുന്ന ഒരു നൂലിഴ ബന്ധമായിരുന്നു ആ ടെലിഗ്രാം. എങ്കിലും അത് പൊട്ടിച്ച് കളയാൻ ജോൺ 23-ാമനിലെ സമാധാനകാംക്ഷി ആഗ്രഹിച്ചില്ല. നന്ദി പറഞ്ഞുകൊണ്ട് ക്രൂഷ്‌ചേവിന് സന്ദേശമയച്ചു. ഒപ്പം, റഷ്യൻ ജനതയ്ക്ക് മുഴുവൻ ആശംസകളും നേർന്നു. ആഗോളസമാധാനത്തിനും ഏകീകകരണത്തിനുമുള്ള വികസനത്തിനുവേണ്ടിയുള്ള നന്ദിപറച്ചിലും അതിലുണ്ടായിരുന്നു.

തയാറാക്കിയത്‌: വീയെക്‌സ്

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?