Follow Us On

19

April

2024

Friday

അർമേനിയൻ വംശഹത്യ: പുതുതലമുറ അറിയണം, ക്രൈസ്തവർക്കുനേരെ തുർക്കിപ്പട അഴിച്ചുവിട്ട കൊടുംഭീകരത

സ്വന്തം ലേഖകൻ

അർമേനിയൻ വംശഹത്യ: പുതുതലമുറ അറിയണം, ക്രൈസ്തവർക്കുനേരെ തുർക്കിപ്പട അഴിച്ചുവിട്ട കൊടുംഭീകരത

അർമേനിയൻ ക്രൈസ്തവർക്കുനേരെ തുർക്കി നടത്തിയ നരനായാട്ടാണ് ‘അർമേനിയൻ വംശഹത്യ’ എന്ന പേരിൽ കുപ്രസിദ്ധമായ കൂട്ടക്കൊല. ഏതാണ്ട് 15 ലക്ഷം ക്രൈസ്തവരെ കൊന്നൊടുക്കിയ ‘അർമേനിയൻ വംശഹത്യ’യുടെ 108-ാം വർഷത്തിൽ (ഏപ്രിൽ 24) പുതുതലമുറ അറിയണം തുർക്കിപ്പട അഴിച്ചുവിട്ട ആ കൊടുംക്രൂരതയുടെ ചരിത്രം.

ഏഷ്യാമൈനറിലെ ക്രൈസ്തവപാരമ്പര്യത്തിനും ക്രിസ്തുമതത്തിനും ഒരേ പ്രായമാണെന്ന് പറയാം. എ.ഡി. 301ൽ അർമേനിയൻ രാജാവ് ഡഫ്ദാത് ക്രിസ്തുമതത്തെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. അതായത്, കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് ഒരു വ്യാഴവട്ടം മുമ്പ്. (എ.ഡി 313ലായിരുന്നു ആ പ്രഖ്യാപനം) അങ്ങനെ, ലോകത്തിലെ ആദ്യ ക്രിസ്ത്യൻ പൊളിറ്റിക്കൽ സ്റ്റേറ്റായി അർമേനിയ. എന്നാൽ, അതേ വിശ്വാസത്തിനുവേണ്ടി പിന്നീട് അവരുടെ പിൻതലമുറക്കാർ പീഡനമേൽക്കേണ്ടിവന്നുവെന്നു എന്നതാണ് വിരോധാഭാസം. മാത്രമല്ല, സ്വന്തം മണ്ണിൽനിന്നും അവർ പിഴുതെറിയപ്പെടുകയും ചെയ്തു.

വംശഹത്യകളുടെ തുടക്കം

1894-1923 കാലഘട്ടത്തിൽ ഏഷ്യമൈനർ ക്രൈസ്തവരുടെ കൊലക്കളമായിരുന്നു. ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ അവിടത്തെ ക്രൈസ്തജനതയെ ഒന്നടങ്കം തുടച്ചുനീക്കുകയായിരുന്നു ഭരണാധികാരിയായ സുൽത്താൻ അബ്ദുൾ ഹമീദ്. 1894- 1896 കാലയളവിൽ ഓട്ടോമൻ സാമ്രാജ്യത്തിലെ വിവിധ പ്രോവിൻസുകളിൽ അരങ്ങേറിയ സംഘടിതമായ വംശഹത്യകളിൽ മൂന്ന് ലക്ഷത്തിൽപ്പരം അർമേനിയൻ ക്രൈസ്തവരുടെ രക്തമാണ് ഒഴുകിയത്. 1909ൽ അദാന എന്ന പട്ടണത്തിൽമാത്രം കൊന്നൊടുക്കിയത് രണ്ടു ലക്ഷം അർമേനിയൻ ക്രൈസ്തവരെയാണ്.

ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമനിയുമായി സഖ്യത്തിലായിരുന്നു ഓട്ടോമൻ സാമ്രാജ്യം. ഗ്രീക്ക്, അർമിനിയൻസ്, സിറിയൻസ്, നെസ്‌തോറിയൻസ് സഭാവിശ്വാസികളെയെല്ലാം കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള പദ്ധതി തയാറാക്കിയിരുന്നു ഇക്കാലത്ത് തുർക്കി സർക്കാർ. ‘തുർക്കി തുർക്കികൾക്ക്’ എന്ന മുദ്രാവാക്യമുയർത്തി ക്രൈസ്തവരെ ഇല്ലായ്മചെയ്യുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.

അർമേനിയക്കാൻ നാമാവശേഷമായി

1915 ഏപ്രിൽ 24നായിരുന്നു രണ്ടാം ഘട്ട വംശഹത്യയുടെ അരങ്ങേറ്റം. കോൺസ്റ്റാന്റിനോപ്പിളിലെയും മറ്റുപ്രദേശങ്ങളിലെയും മതനേതാക്കളെയും ജനത്തെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. എതിർത്തവരെ വധിച്ചു. ഓട്ടോമൻ സാമ്രാജ്യത്തിലെ അർമേനിയൻ പട്ടാളക്കാരെപ്പോലും വെറുതെവിട്ടില്ല. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കി. അവശേഷിച്ച കുഞ്ഞുങ്ങളെയും സ്ത്രീകളെയും വയോധികരെയും നാടുകടത്തി. ഏതാണ്ട് 50 സ്ഥലങ്ങളിൽ ഒരേ പോലെയാണ് കാര്യങ്ങൾ നടപ്പാക്കിയത്. അതുകൊണ്ടുതന്നെ അത് സംഘടിതവും മുൻകൂട്ടി നിശ്ചയിച്ചപ്രകാരവുമായിരുന്നുവെന്ന് സുനിശ്ചിതം.

അന്ന് 15 ലക്ഷത്തോളം അർമേനിയൻ ക്രൈസ്തവരെയാണ് കൊന്നൊടുക്കിയത്. ആയിരക്കണക്കിന് വൈദികരും ബിഷപ്പുമാരും ഈ കൂട്ടക്കുരുതിക്കിരയായി. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഗ്രീക്കും തുർക്കിയും തമ്മിലുണ്ടായ യുദ്ധത്തിൽ ഒടുവിൽ തുർക്കി വിജയിച്ചു. പക്ഷേ, യുദ്ധ ശേഷം സ്വതന്ത്ര അർമേനിയ എന്ന കരാർ പാലിക്കപ്പെട്ടില്ല. സഖ്യകക്ഷികൾ ഇന്നത്തെ ഇറാഖിലെ എണ്ണപ്പാടങ്ങളിൽ കണ്ണുവെച്ചപ്പോൾ ഉടമ്പടി പാലിക്കപ്പെടാതെ പോകുകയും വീണ്ടും ഏഷ്യമൈനർ തുർക്കിയുടെ കൈവശമാകുകയും ചെയ്തു.

1922 ഓടുകൂടി സ്മിർണ നഗരത്തിലെ ഗ്രീക്ക്, അർമേനിയൻ സാന്നിധ്യം അവശേഷിച്ചെന്നു പറയാം. പട്ടാളം അർമേനിയൻ ജനതയെ അവരുടെ വീടുകളിൽവെച്ച് കശാപ്പുചെയ്യുകയും ഗ്രീക്കുകാരെ കൂട്ടക്കുരുതി നടത്തുകയുമായിരുന്നു. നാലു ലക്ഷം പേരെയാണ് അന്ന് കൊലചെയ്തത്. കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും ബലാത്സംഗവും തുർക്കികൾ അഴിച്ചുവിട്ടു. നഗരത്തിന് തീയിട്ട അവർ കടലിനും നഗരഭിത്തിക്കും ഇടയിൽപ്പെട്ടവരെ മൃഗങ്ങളെപ്പോലെ വേട്ടയാടി. അവിടത്തെ ഒരു മനുഷ്യജീവൻ പോലും അവർ ബാക്കിവെച്ചില്ല. ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക എന്നീ സഖ്യകക്ഷികളുടെ കപ്പലുകൾ ഇതിനെല്ലാം സാക്ഷികളായി നിലകൊണ്ടിരുന്നുവത്രെ. അതോടെ ഏഷ്യമൈനറിലെ വംശഹത്യയുടെ അവസാനത്തെ ഘട്ടത്തിലേക്ക് നീങ്ങി.

അർമേനിയയുടെ രക്തസാക്ഷി

ഏഷ്യാ മൈനറിലെ ഒയുസ് ടർക്കുകൾ ഇസ്ലാമതം സ്വീകരിക്കുയും ഓട്ടോമൻ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. അവർ പേർഷ്യയും ബാഗ്ദാദും സിറിയയും ഇറാക്കും പാലസ്തീനുമെല്ലാം പിടിച്ചെടുത്തു. ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ ക്രൈസ്തവർ തകർന്നടിഞ്ഞുകൊണ്ടിരുന്നു. ഇസ്ലാമിലേക്ക് നിർബന്ധിത പരിവർത്തനവും കുട്ടികളെ തട്ടിക്കൊണ്ടുപോകലും സ്ഥിരമായി. ഒടുവിൽ പീഡനം വംശഹത്യയിലെത്തി. സുൽത്താൻ ഹമീദ് അർമേനിയൻ വംശഹത്യ പ്രഖ്യാപിച്ചതോടെ വൈദികരുടെ മേലുള്ള പീഡനം ശക്തമായി.

വിശ്വാസത്തിനുവേണ്ടി അനേകം വൈദികർ രക്തസാക്ഷിത്വം വരിച്ചു. അതിൽ ആദ്യ വ്യക്തിയായിരുന്നു ഗ്രീക്ക് ഓർത്തഡോക്‌സ് മെട്രോപോളിറ്റൻ ക്രിസോസ്റ്റോമസ്. സ്മിർണയിലെ മെത്രാപോലീത്തയായിരുന്നു അദ്ദേഹം. തുർക്കികളുടെ ക്രൈസ്തവവിരുദ്ധ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്യുകയും ലോകത്തിന്റെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അർമേനിയൻ വംശഹത്യ തടയുന്നതിന് യുറോപ്യൻ നേതാക്കൾക്ക് അദ്ദേഹം അനേകം കത്തുകൾ എഴുതി.

പലരും അദ്ദേഹത്തോട് നാട്ടിൽനിന്ന് പലായനം ചെയ്യാൻ അഭ്യർത്ഥിച്ചു. എന്നാൽ, അതിന് കൂട്ടാക്കാതിരുന്ന അദ്ദേഹം പറഞ്ഞു: ‘തന്റെ ജനങ്ങളോടൊത്ത് നിലനിൽക്കുക എന്നത് ഒരു വൈദികന്റെ കടമയാണ്.’ ജനക്കൂട്ടം അഭയത്തിനായി അദ്ദേഹത്തിന്റെ കത്തീഡ്രലിലേക്ക് ആർത്തലച്ച് എത്തിക്കൊണ്ടിരുന്നു. ഉപവാസവും പ്രാർത്ഥനയും തളർത്തിയിരുന്നെങ്കിലും അദ്ദേഹം തന്റെ അവസാനത്തെ പ്രാർത്ഥന തീക്ഷ്ണമായി നയിച്ചു. ബലിയവസാനിച്ചപ്പോഴേക്കും തുർക്കി പൊലീസെത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്തു കൊണ്ടുപോയി.

നൂറുദ്ദീൻ പാഷ എന്ന ടർക്കിഷ് ജനറൽ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പി. അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കിരാതരായ ജനക്കൂട്ടം അദ്ദേഹത്തിന്റെമേൽ ചാടിവീണ് കണ്ണുകൾ വലിച്ചുപറിച്ചു. താടിയിൽ പിടിച്ച് തെരുവിലൂടെ വലിച്ചിഴച്ചു. അപ്പോഴും അദ്ദേഹം അവർക്കായി പ്രാർത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. ഇതു കണ്ട ഒരാൾ അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റി. അദ്ദേഹത്തെ അവർ തുണ്ടം തുണ്ടമായി മുറിച്ചുമാറ്റി.

ഇതുപോലുള്ള അനേകം ധീരരക്തസാക്ഷികളെ സഭയ്ക്ക് നൽകിയ അർമേനിയൻ വംശഹത്യയുടെ ഓർമ ലോകം അയവിറക്കുമ്പോഴും ലോകമെങ്ങും ഇന്നും ഏറ്റവും കൂടുതൽപീഡിപ്പിക്കപ്പെടുന്ന മതമായി ക്രിസ്തുമതം നിലനിൽക്കുന്നുവെന്നതാണ് സത്യം. കാരണം, വിശ്വാസത്തിനുവേണ്ടി മരണം വരിച്ച അനേകം രക്തസാക്ഷികളുടെ ചുടുനിണത്തിൽനിന്നാണ് വീണ്ടും സഭ ശക്തിപ്രാപിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?