Follow Us On

06

November

2024

Wednesday

ബൈബിൾ മനപാഠമാക്കാൻ ഇതാ ഒരു എളുപ്പവഴി, ‘മെയെർ ടെക്‌നിക്ക്’

ആഗോള സഭ തിരുവചന ഞായർ ആചരിക്കുമ്പോൾ (ജനു.22) ബൈബിൾ വചനങ്ങൾ മനപാഠമാക്കാൻ, ‘ബൈബിൾ മെമ്മറി മാൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രൊഫ. ടോം മെയെർ നൽകുന്ന ‘അഞ്ച് കൽപ്പനകൾ’ പരിചയപ്പെടാം.

കാലിഫോർണിയ: ബൈബിൾ വാക്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണെങ്കിലും അതിൽ വിജയിക്കുന്നവരുടെ എണ്ണം, ആഗ്രഹിക്കുന്നവരുടെ എണ്ണത്തിനടുത്തെങ്ങും എത്തില്ല. എന്നാൽ, ആ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു പൊടിക്കൈ- ‘മെയെർ ടെക്‌നിക്ക്’!

‘ബൈബിൾ മെമ്മറി മാൻ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന, കാലിഫോർണിയ റെഡിംഗിലെ ബൈബിൾ കോളേജ് പ്രൊഫസർ ടോം മെയെറാണ് ബൈബിൾ വാക്യങ്ങൾ ഓർമയിൽ സൂക്ഷിക്കാനുള്ള പൊടിക്കൈകളുടെ ഉപജ്ഞാതാവ്. ഇത് ഫലപ്രദമാണെന്ന് തെളിയിക്കാൻ ഒരു കാര്യം വെളിപ്പെടുത്താം, ഈ ടെക്‌നിക്കിലൂടെ ബൈബിളിലെ 20 പുസ്തകങ്ങൾ മനഃപാഠമാക്കിക്കഴിഞ്ഞു ടോം മെയെർ.

അഞ്ച് പൊടിക്കൈകളാണ് ടോം മെയർ നിർദേശിക്കുന്നത്. അതിൽ അദ്യത്തേത്, ജീവിതത്തിൽ മെച്ചപ്പെടുത്താൻ നാം ആഗ്രഹിക്കുന്ന മേഖലയുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗം തിരഞ്ഞെടുക്കുക എന്നതാണ്. ദൈവവചനം തിരഞ്ഞെടുത്താൽ മൂന്ന് ലളിത മാർഗങ്ങളിലൂടെ അത് ഓർമയിൽ ഉറപ്പിക്കാം. വായന, കേൾവി, എഴുത്ത് എന്നിവതന്നെ യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും പൊടിക്കൈകൾ.

വെറുതെ വായിച്ചാലും കേട്ടാലും എഴുതിയാലും പോര, അതിനുമുണ്ട് അതിന്റേതായ രീതികൾ. അത് ടോമിൽനിന്നുതന്നെ കേൾക്കാം: ‘ഒരേ വാക്യംതന്നെ പലപ്രാവശ്യം വായിക്കുക എന്നതാണ് ആദ്യ പടി. അതുപോലെ സി.ഡി പ്ലെയറോ ഏതെങ്കിലും ആപ്ലിക്കേഷനോ റെക്കോർഡിംഗ് ഉപകരണമോ ഉപയോഗിച്ച് ഒരേ വാക്യം തന്നെ ആവർത്തിച്ച് കേൾക്കണം. ബൈബിൾ വാക്യങ്ങൾ എഴുതി പഠിക്കുമ്പോൾ, ഒരു വരിയിൽ എട്ടു വാക്കുകളിൽ കൂടുതൽ ആകാതെ എഴുതി പഠിക്കണം.’

മനഃപാഠമാക്കിയ കാര്യങ്ങളെക്കുറിച്ച് തുടരെ തുടരെ ചിന്തിക്കുക, പഠിച്ച ബൈബിൾ വാക്യങ്ങൾ ഉപയോഗിക്കുക എന്നിവയാണ് അഞ്ചാമത്തെ പൊടിക്കൈ. ഇതിന് ഒരൽപ്പം പ്രാധാന്യം നൽകിയില്ലെങ്കിൽ മറവി പിടികൂടാൻ ഇടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു തരുന്നു.

കണ്ണുകളേക്കാൾ കൂടുതൽ കാതുകൾക്കാണ് ബൈബിൾ ഗുണകരം എന്നതുതന്നെ അതിന് കാരണം. ഇത്രയും പറഞ്ഞ സ്ഥിതിക്ക് മെയെർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബൈബിൾ വാക്യംകൂടി പറഞ്ഞേക്കാം: ‘എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം,’ (1തെസലോനിക്ക 5:18).

ലോകത്തെ പ്രമുഖ ക്രിസ്ത്യൻ നേതാക്കളും സംഘടനകളും പുതുവർഷം ബൈബിൾ വർഷമായി ആചരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച സാഹചര്യത്തിൽ മെയെറിന്റെ നിർദേശങ്ങൾക്ക് ശ്രദ്ധേയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കെന്റക്കിയിലെ ക്രിയേഷൻ മ്യൂസിയം തലവൻ കെൻ ഹാമാണ് ‘ബൈബിൾ മെമ്മറി മാൻ’ എന്ന അപരനാമം അദ്ദേഹത്തിന് നൽകിയത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?