Follow Us On

15

August

2022

Monday

കരിങ്കൽ ക്വാറിയിൽനിന്ന് പേപ്പൽ സിംഹാസനംവരെ; സംഭവബഹുലം ‘ലോല’ക്കിന്റെ നിയോഗവഴികൾ

കരിങ്കൽ ക്വാറിയിൽനിന്ന് പേപ്പൽ സിംഹാസനംവരെ; സംഭവബഹുലം ‘ലോല’ക്കിന്റെ നിയോഗവഴികൾ

വായിക്കുംതോറും ഇഷ്ടം കൂടിക്കൂടിവരുന്ന പുസ്തകംപോലെ ട്വിസ്റ്റുകൾ നിറഞ്ഞ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജീവിതത്തിലൂടെ നമുക്ക് ഒരു യാത്രപോകാം, ആഗോളസഭ വിശുദ്ധന്റെ തിരുനാൾ (ഒക്ടോ.22) ആഘോഷിക്കുമ്പോൾ.

സ്വന്തം ലേഖകൻ

ഇരുപത്തൊന്നാം വയസിൽ അനാഥൻ, പഠനകാലം മുതൽ നാടകപ്രേമി, രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാരൻ, പിന്നെ പാറമടത്തൊഴിലാളി, ശേഷം ക്രിസ്തുവിന്റെ പുരോഹിതൻ, കത്തോലിക്കാ സഭയുടെ വലിയ ഇടയൻ, ഇന്ന് ആഗോള സഭ വണങ്ങുന്ന വിശുദ്ധൻ- ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജീവിതയാത്രയെ വിശേഷിപ്പിക്കാൻ ഒറ്റവാക്കേയുള്ളൂ, സംഭവബഹുലം!

*******

പോളണ്ടിലെ വഡോവിസ് എന്ന കൊച്ചു പട്ടണത്തിൽ, പട്ടാളക്കാരനായിരുന്ന കരോൾ വോയ്റ്റീവയുടെയും എമിലിയ കക്‌സ്‌റോവിസ്‌കയുടെയും മകനായി 1920 മെയ് 18നാണ് കാരൾ ജോസഫ് വോയ്റ്റീവ ജനിച്ചത്. തീക്ഷ്ണമതികളായ കത്തോലിക്കരായിരുന്നു മാതാപിതാക്കൾ. ലോലക്ക് എന്നായിരുന്നു വിളിപ്പേര്.

കുഞ്ഞു ലോലക്കിന് ഒമ്പത് വയസ്സായപ്പോഴേയ്ക്കും അമ്മയെ നഷ്ടപ്പെട്ടു. 12 വയസ്സ് തികയുംമുമ്പേ കാരൾ വോയ്റ്റീവയ്ക്ക് തന്റെ സഹോദരൻ എഡ്മണ്ടിനെയും നഷ്ടപ്പെട്ടു. പിന്നീട് പിതാവ് മാത്രമായി ഏക സാന്ത്വനം. ഭാര്യയുടെ വിയോഗത്തെതുടർന്ന് അദ്ദേഹം കൂടുതൽ പ്രാർത്ഥനാനിരതനായിരുന്നു. തന്റെ ഏക മകനെ ദൈവസ്‌നേഹത്തിന് സമർപ്പിക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം.

കണ്ണീരിന്റെ ബലി ലോലക്കിന്റെ ജീവിതത്തിൽനിന്ന് മാറിയില്ല. 21 വയസ്സായപ്പോഴേയ്ക്കും സ്‌നേഹധനനായ പിതാവ് ലോലക്കിനെ തനിച്ചാക്കി ഇഹലോകവാസം വെടിഞ്ഞു. പക്ഷേ, അഗാധമായ ദൈവവിശ്വാസം അദ്ദേഹത്തിന് ശക്തി പകർന്നു. കഷ്ടപ്പാടുകളുടെ നെരിപ്പോടിലായിരുന്നു ബാല്യം. കുഞ്ഞുനാളുകളിൽത്തന്നെ അസാധാരണമായ ബുദ്ധിവൈഭവം ലോലക്ക് പ്രകടമാക്കിയിരുന്നു.

പട്ടാളക്കാരൻ പിന്നെ, ക്വാറിത്തൊഴിലാളി

കവിതാരചന ഏറെ ഇഷ്ടമായിരുന്നു. നാടകാഭിനയത്തിലും സാഹിത്യത്തിലും നല്ല കമ്പമായിരുന്നു. അതുപോലെ കായികവിനോദത്തിലും. യൂണിവേഴ്‌സിറ്റി പഠനകാലത്ത് തന്നെ കാരൾ ദൈവത്തിന്റെ ദാസനായിത്തീരുമെന്ന് എല്ലാവരും കരുതിയിരുന്നു. പക്ഷേ, താൻ സെമിനാരിയിൽ പ്രവേശിക്കുമെന്ന് സുഹൃത്തുക്കൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ കാലഘട്ടത്തിൽ ദൈവവിളി പാകമായിരുന്നില്ല എന്ന് തന്റെ ‘ഗിഫ്റ്റ് ആൻഡ് മിസ്റ്ററി’ എന്ന ഗ്രന്ഥത്തിൽ പരിശുദ്ധ പിതാവ് പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.

കഷ്ടപ്പാടുകളുടെ ഉലയിലൂതി ദൈവം അദ്ദേഹത്തെ ഒരുക്കുകയായിരുന്നു, പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ തിരുസഭയെ നയിക്കാൻ. കണ്ണീരും കഷ്ടപ്പാടും സന്തതസഹചാരിയായിരുന്ന വോയ്റ്റീവയുടെ സ്വപ്‌നങ്ങൾക്കുമീതെ യുദ്ധസന്നാഹങ്ങൾ ഇടിത്തീയായി പെയ്തിറങ്ങി. യൂണിവേഴ്‌സിറ്റി ക്ലാസ്സുകൾ നിർത്തി. മാതൃരാജ്യത്തെ സംരക്ഷിക്കാൻ ആരോഗ്യദൃഢഗാത്രനായ കാരൾ പട്ടാളത്തിലേക്ക് അയയ്ക്കപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധത്തിൽ പോളണ്ട് ആക്രമിക്കപ്പെട്ടു. ജർമൻ അധിനിവേശകാലത്ത് പോളണ്ടിലെ സ്ഥിതിഗതികൾ അത്യന്തം കലുഷിതമായി. നിരവധിപേർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിനാളുകൾ കോൺസൻട്രേഷൻ ക്യാംപുകളിലായി. അതിൽനിന്നെല്ലാം രക്ഷപ്പെടാൻ വോയ്റ്റീവയ്ക്ക് കരിങ്കൽ ക്വാറിയിൽ ജോലി ചെയ്യേണ്ടിവന്നു. ക്ലേശപൂർണവും അപകടം നിറഞ്ഞതുമായിരുന്നു അവിടുത്തെ സാഹചര്യങ്ങൾ.

സഹപ്രവർത്തകരിൽ ആയിരങ്ങൾ കൊല്ലപ്പെട്ടപ്പോഴും അനവധിയാളുകൾ കഠിനപീഡകളുടെ കോൺസൻട്രേഷൻ ക്യാംപുകളിലടക്കപ്പെട്ടപ്പോഴും താൻമാത്രം സംരക്ഷിക്കപ്പെട്ടത് തികച്ചും ആകസ്മികമായിരുന്നില്ല, അത് ദൈവപരിപാലനയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിക്കുന്നു. കരിങ്കൽ ക്വാറിയിലെ കഠിനമായ ജോലിക്കിടയിലും കാരളിന് നാടകക്കമ്പം കുറഞ്ഞില്ല.

നാടകവേദിയിൽനിന്ന് ബലിവേദിയിലേക്ക്

അധികാരികളറിയാതെ രഹസ്യമായി നാടകഗ്രൂപ്പിൽ പ്രവർത്തിച്ചു. നാളുകൾ കടന്നുപോയി. നാടകമല്ല തന്റെ യഥാർത്ഥ വിളി എന്ന് വോയ്റ്റീവ മനസ്സിലാക്കിത്തുടങ്ങി. 1942ൽ ക്രക്കോവിലുള്ള സെമിനാരിയിൽ ചേരാൻ തീരുമാനിച്ചു. ഭൗതികജീവിതത്തിൽനിന്നകന്ന്, ദൈവസ്വരം ശ്രവിച്ച് വോയ്റ്റീവ പോളണ്ടിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന സെമിനാരിയിൽ പ്രവേശിച്ച് പഠനമാരംഭിച്ചു.

ജോലിക്കിടയിലും പഠനം തുടർന്നു. അധിനിവേശ പോളണ്ട് ക്രൈസ്തവസഭയ്ക്ക് ഒട്ടും വളക്കൂറുള്ള മണ്ണായിരുന്നില്ല. 1942ൽ ജഗെല്ലോനിയൻ യൂണിവേഴ്‌സിറ്റിയിൽ വോയ്റ്റീവ തിയോളജിക്ക് ചേർന്നു. 1946ൽ പൗരോഹിത്യം സ്വീകരിച്ചു. ആ വർഷം തന്നെ ഉപരിപഠനത്തിനായി റോമിലെത്തി. 1948ൽ ഡോക്ടറേറ്റ് നേടി, പോളണ്ടിൽ തിരിച്ചെത്തി ഇടവകയിൽ പ്രവർത്തിച്ചു തുടങ്ങി. 1949ൽ ക്രക്കോവിലേക്ക് മടങ്ങി. താമസിയാതെ തത്വശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടി.

കമ്മ്യൂണിസ്റ്റ് രാജ്യത്തെ ഏക ക്രിസ്ത്യൻ യൂണിവേഴ്‌സിറ്റിയായ യൂണിവേഴ്‌സിറ്റി ഓഫ് ലുബ്ലിനിൽ അധ്യാപകനായി. ദിവസവും ട്രെയിനിൽ യാത്ര ചെയ്താണ് അധ്യാപനവും പഠനവും ഒരുമിച്ചുകൊണ്ടുപോയത്. അക്കാലത്ത് ശിഥിലമായ കുടുംബങ്ങൾക്ക് ശക്തി പകരാനായി അദ്ദേഹം സ്ഥാപിച്ച സ്ഥാപനം ഏറെ ശ്രദ്ധയാകർഷിച്ചു. പഠനം തുടർന്നുകൊണ്ടിരുന്നു.

അർപ്പിതമനോഭാവവും തീക്ഷ്ണതയും പുലർത്തിയതിനാൽ സഭയിൽ അദ്ദേഹത്തിന് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകപ്പെട്ടു. സഭാ കോൺഫറൻസുകളിലും ചർച്ചകളിലും കാരൾ വോയ്റ്റീവയുടെ പണ്ഡിതോചിതമായ ശബ്ദം എന്നും വേറിട്ടുനിന്നിരുന്നു. വിശ്വാസത്തിന്റെ ആഴവും അഗാധമായ പാണ്ഡിത്യവും സഭയിൽ പെട്ടെന്നുള്ള വളർച്ചയ്ക്ക് കാരണമായി.

ചെറുപ്പക്കാരൻ പാപ്പ

1958ൽ പോളണ്ടിലെ ക്രക്കോവ് രൂപതയുടെ സഹായമെത്രാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1962ൽ ക്രക്കോവ് രൂപതയുടെ ആക്ടിംഗ് മെത്രാനായി നിയുക്തനായി. ആ വർഷം നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൽ നേതൃനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. കമ്മ്യൂണിസത്തിന്റെ കരുത്തുറ്റ പ്രതിയോഗിയും മനുഷ്യാവകാശ തൽപ്പരനും ആദരണീയനായ ബുദ്ധിജീവിയുമായ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. തിരക്കിനിടിയിലും പഠനം തുടർന്ന് രണ്ടാമത്തെ ഡോക്ടറേറ്റ് സ്വന്തമാക്കി.

1963ൽ ക്രക്കോവിലെ മെട്രോപോളിറ്റൻ ആർച്ച്ബിഷപ്പായി, പിന്നീട് കർദിനാളായും നിയമിതനായി. ജോൺ പോൾ ഒന്നാമൻ പാപ്പയുടെ പെട്ടെന്നുള്ള വിയോഗംമൂലം സമ്മേളിച്ച കോൺക്ലേവിൽ, 1978 ഒക്‌ടോബർ 16ന് കർദ്ദിനാൾ വോയ്റ്റീവയെ വിശുദ്ധ പത്രോസിന്റെ 264-ാമത്തെ പിൻഗാമിയായി തിരഞ്ഞെടുത്തു. അദ്ദേഹം ജോൺ പോൾ രണ്ടാമൻ എന്ന നാമം സ്വീകരിച്ച് ദൈവത്തിന്റെ ദാസന്മാരുടെ ദാസനായിത്തീർന്നു.

1523നുശേഷം ഇറ്റലിയ്ക്ക് പുറത്ത് നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെപാപ്പയായി അദ്ദേഹം. മാത്രമല്ല, ആദ്യത്തെ പോളിഷ് പോപ്പ്, കഴിഞ്ഞ 100 വർഷത്തിനുള്ളിലെ ഏറ്റവും പ്രായം കുറഞ്ഞ പോപ്പ് എന്നീ നിലകളിലും അദ്ദേഹം ചരിത്രത്തിലിടം നേടി. 58-ാം വയസിലായിരുന്നു അദ്ദേഹം പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. 2005ൽ കാലം ചെയ്ത ജോൺ പോൾ രണ്ടാമൻ പാപ്പ 2014ൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?