Follow Us On

21

September

2023

Thursday

കുരിശ് ശക്തിയുമാക്കാം ഭോഷത്തവുമാക്കാം, എങ്ങനെയെന്നോ?

ജോബോയി

കുരിശ് ശക്തിയുമാക്കാം ഭോഷത്തവുമാക്കാം, എങ്ങനെയെന്നോ?

ലക്ഷ്യം നശ്വരതയായതുകൊണ്ടാണ് നമുക്ക് കുരിശ് ഭാരമാകുന്നത്. എന്നാല്‍ അനശ്വരതയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ കുരിശ് ഭാരമല്ലാതാകുമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ.

ആര്‍ക്കാണ് കുരിശുകള്‍ ഇഷ്ടമുള്ളത്? കുരിശ് എല്ലാവര്‍ക്കും ഒഴിവാക്കാനാണ് ആഗ്രഹം. വിശുദ്ധ പൗലോസ് ശ്ലീഹാ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പറയുന്നു, കുരിശു നിങ്ങള്‍ക്ക് രണ്ട് അവസ്ഥ പ്രദാനം ചെയ്യും. ഒന്ന് അത് ശക്തിയാണ്. മറ്റൊന്ന് അത് ഭോഷത്തമാണ്. എന്നാല്‍, ഇത് ശക്തിയും ഭോഷത്തവുമാകുന്നത് നമ്മുടെ യാത്രയുടെ രീതിയനുസരിച്ചായിരിക്കും എന്നതാണ്  ശ്ലീഹാ പറയുന്നത്. കോറിന്തോസുകാര്‍ക്ക്  എഴുതിയ ഒന്നാം ലേഖനം ഒന്നാം അധ്യായം 18-ാം വാക്യത്തില്‍ ഈ ഭാഗം കാണാം.

ഈശോയുടെ കുരിശിന്റെ  ആകൃതി ‘പ്ലസ്’ ആണ്. അതായത് അത് പോസിറ്റീവാണ്, കുരിശു ഒരിക്കലും നെഗറ്റീവ് അല്ല. നമ്മുടെ മൂല്യം കൂട്ടുന്ന ഒന്നാണത്. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കല്‍  വരുവിന്‍  ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:28) എന്ന് പറഞ്ഞ തമ്പുരാന്‍ തന്നെയാണ് “ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്നെ തന്നെ പരിത്യജിച്ചു തന്റെ കുരിശുമെടുത്തു  എന്നെ അനുഗമിക്കുവിന്‍,” (മത്തായി 16:24) എന്നും പറഞ്ഞത്.

സ്വയം പരിത്യജിക്കല്‍ ലേശം വിഷമമുള്ള കാര്യമാണ്. ചിലര്‍ പറയുന്നത് കേട്ടാല്‍ ചിരിവരും. എന്റെ തല പോയാലും ഇവനോട് ക്ഷമിക്കുന്ന കാര്യം മാത്രം പറയണ്ട. തലപോയിട്ടു പിന്നെന്തിനു നമ്മെ കൊള്ളാം? ഇതാണ് നമ്മെകൊണ്ട് സാത്താന്‍ ചെയ്യിക്കുന്ന പരിപാടി. പുത്രനായ തമ്പുരാനെ നാം കണ്ടുപഠിച്ചാല്‍ കുരിശ് മറ്റുള്ളവരുടെ ദൃഷ്ടിയില്‍ വലുതായി തോന്നിയാലും എടുക്കുന്ന നമുക്ക് ലക്ഷ്യം കാണാന്‍ സാധിക്കുന്നതിനാല്‍ അതിന്റെ ഭാരം ഭാരമായി തോന്നുകയേ ഇല്ല.

കുറച്ചുകൂടി എളുപ്പമായി പറഞ്ഞാല്‍, എന്റെ ഭാരം എന്നു പറയുന്നത് എന്റെ ഇഷ്ടങ്ങള്‍, ആഗ്രഹങ്ങള്‍ എല്ലാം ചേരുന്നതാണ്. അതായത് എന്റെ പേര്, സ്ഥാനം, വിദ്യഭ്യാസം, ജോലി ഇതൊക്കെ നമ്മെ സ്വാധിനിക്കാറുണ്ട്. ഇതെല്ലാം ഓരോ തരത്തില്‍ ഭാരങ്ങളാണ്. ഇതിന്റെയെല്ലാം ആകെത്തുകയാണ് നമ്മുടെ ഭാരം. ഈ ഭാരവും ചുമന്നാണ് നാം നടക്കുന്നത്. 90 കിലോ ഭാരമുള്ള വ്യക്തിയാണ് നാം എന്നിരിക്കട്ടെ, അതായത് എന്റെ ഇഷ്ടങ്ങള്‍, എന്റെ പേര്,ആഗ്രഹം, സ്ഥാനം, കുടുംബ മഹിമ ഇങ്ങനെ എന്തെല്ലാമാണോ എനിക്ക് എടുത്തു പറയാനുള്ളത് അതെല്ലാം ചേരുന്നതാണ് ഈ 90 കിലോ.

ഇതിലെന്തിനെയെങ്കിലും ആരെങ്കിലും തൊട്ടാല്‍  എനിക്ക് യാതൊരു പ്രശ്‌നവുമില്ലങ്കില്‍ ഇതൊന്നും ഞാന്‍ എടുത്തുകൊണ്ടു നടക്കാത്ത വ്യക്തിയായി മാറി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ എന്റെ പേരിനെയോ കുടുംബ മഹിമയെയോ എനിക്കുള്ള എന്തിനെയെങ്കിലും ആരെങ്കിലും ചോദ്യം ചെയ്താല്‍ എന്റെ വിധം മാറുമെങ്കില്‍ ഞാന്‍ ഇതുവരെയും ശൂന്യനാകാത്ത വ്യക്തിയാണ്. എന്റെ കൈയില്‍ എന്റെ ഭാരം ഇരിക്കുന്നു. പിന്നെ ഞാന്‍ എങ്ങനെ മറ്റൊരു ഭാരം എടുക്കും?

ഇതാണ് ദൈവപുത്രനായ ഈശോ പറഞ്ഞത്. എന്നില്‍നിന്ന് പഠിക്കുവിന്‍ എന്ന്. എന്താണ് നാം ഈശോയില്‍നിന്ന് പഠിക്കേണ്ടത്? ദൈവത്തിന്റെ സമനായിരുന്നിട്ടും ആ സമാനഭാവം വേണ്ടന്നുവെച്ച് മനുഷ്യനായി, ദാസനായി ശുശ്രൂഷിക്കപ്പെടാനായിട്ടല്ലാതെ ശുശ്രൂഷിക്കാനായി അവന്‍ വന്നു. ശിഷ്യരുടെ പാദങ്ങള്‍ അവന്‍ കഴുകി അവന്‍ കുരിശു മരണത്തോളം ദൈവത്തെ അനുസരിച്ചു.

നമ്മില്‍ പലരുടെയും ലക്ഷ്യം ഇപ്പോഴും നശ്വരതയിലൂടെയായതു കൊണ്ടാണ് നമുക്ക് കുരിശു ഭാരമാകുന്നത്. എന്നാല്‍ അനശ്വരതയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ ഇതെളുപ്പമാകും. മുള്‍മുടി ചൂടി കുരിശും ചുമന്നുകൊണ്ടു മുട്ടിവിളിക്കുന്നു എന്ന ഒരുഗാനത്തിന്റെ ഈരടിയില്‍നിന്ന് തന്നെ ഈ കുരിശൊന്നു എടുത്തു മാറ്റിത്തരണമേ എന്നാണു നാം പ്രാര്‍ത്ഥിക്കുന്നതെന്നു നിസ്സംശയം പറയാന്‍ കഴിയും.

എന്നാല്‍ ഈ കുരിശില്‍ എന്റെ മരണം നടക്കട്ടെ എന്റെ ഇഷ്ടങ്ങളുടെ, സ്വാര്‍ത്ഥതയുടെ, ആഗ്രഹങ്ങളുടെ മരണം സംഭവിപ്പിച്ചാല്‍ എന്റെ ആന്തരിക മനുഷ്യന്‍ ഉയിര്‍ത്തെഴു ന്നേല്‍ക്കുകയാണ് എന്ന സത്യം മനസ്സിലാക്കുമ്പോള്‍ വീണ്ടും വീണ്ടും ഈ കുരിശിനെ ചുമലോട് ചേര്‍ത്തുവെക്കാന്‍ ആദിമ സഭാ വിശ്വാസികള്‍ക്ക് കിട്ടിയ ബോധ്യത്തിലേക്ക് നാം ഉയരും.

കുരിശിന് ഇംഗ്ലീഷില്‍ പറയുന്നത് ‘ക്രോസ്’ എന്നാണ്. അതായത് എന്തൊക്കെയോ നമുക്ക് ചെയ്യാന്‍ പറ്റില്ലന്നു കാണിച്ചുകൊണ്ട് നമ്മുടെ മുന്‍പില്‍ ഒരു ക്രോസ്സ് ഉയരുന്നു. ചില വഴികള്‍ നമുക്ക് മുന്‍പില്‍ അടച്ചിരിക്കുന്നുവെന്ന് മുന്നറിയിപ്പ് തരുന്നതും ‘ക്രോസാ’ണ്.

ഈശോയുടെ കുരിശ് ഗുണനചിഹ്നം പോലെയല്ലയെങ്കിലും നമുക്ക് അതൊരു ഗുണന ചിഹ്നംപോലെ ചില വഴിയിലേക്കു പോകാതെ, ചില കാര്യങ്ങള്‍ ചെയ്യിക്കാതെ ഉത്തമ മാര്‍ഗം കാട്ടിത്തരട്ടെ എന്നാണു ഞാന്‍  ഉദ്ദേശിച്ചത്. എന്നാല്‍ ഈശോയുടെ കുരിശു നമുക്കറിയാവുന്നതുപോലെ ഒരു അധികചിഹ്നമാണ്. അതായത് സ്വര്‍ഗത്തില്‍ നമ്മുടെപുണ്യങ്ങള്‍ കൂട്ടിയും ഗുണിച്ചും ഇരട്ടിപ്പിക്കുന്ന ഒരു മാര്‍ഗമായി ഇതിനെ കാണണം.

കുരിശു നമുക്ക് ഒരു വഴികാട്ടിയാണ്. അത് ഒരു വലിയ ‘ബീക്കണ്‍’ ആയി മാറുമ്പോള്‍ അത് വലിയ ആശ്വാസം തരുകതന്നെ ചെയ്യും. കുരിശു നമ്മുടെ വിജയ  പതാകയായിരിക്കട്ടെ.  വിജയികള്‍ വലിയ അഭിമാനത്തോടെ ഉയിര്‍ത്തിപ്പിടിച്ചു ആഹ്ലാദിക്കുന്നതുപോലെ നമ്മുടെ കുരിശിനെ ഉയിര്‍ത്തിപ്പിടിക്കാന്‍, അത് എനിക്കും അനേകര്‍ക്കും ക്രിസ്തുവില്‍ എത്തിച്ചേരാന്‍ ഇടയാകുന്ന വിധത്തിലാകാന്‍ അവന്റെ രക്തത്താല്‍  നമ്മുടെ കുരിശിനെ കഴുകാം. അങ്ങനെ നമുക്ക് രക്ഷയിലൂടെ ചരിക്കുന്ന വ്യക്തികളായി മാറാം. അതിനായി കുരിശ് നമുക്ക് ശക്തിയായി മാറട്ടെ.

കുരിശിനെ നോക്കുന്നവര്‍ ക്രിസ്തുവിന്റെ മരണമാണ് മുന്നില്‍ കാണുന്നത്. അവനെ നോക്കിയവര്‍ പ്രകാശിതരായി എന്നാണു വചനം പറയുന്നത്. എങ്ങനെയാണ് നാം പ്രകാശിതരാകുക? അവന്റെ മരണം ഒരു അവസാനമല്ല എന്ന് മനസ്സിലാക്കുമ്പോഴാണ് നാം പ്രകാശിതരാകുന്നത്. അതായത്, ഉത്ഥാനത്തിന്റെ പ്രകാശം നമ്മിലേക്ക് ചൊരിയപ്പെടുകയാണ്.

കുരിശില്‍ നമ്മുടെ പാപങ്ങളെല്ലാം അവന്റെ രക്തത്താല്‍  കഴുകപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ് നമുക്ക് ആ പാപങ്ങള്‍ കഴുകിക്കളയാനായി അവന്‍  തിരഞ്ഞെടുത്ത കുരിശിന്റെ ഓര്‍മയില്‍ നമ്മുടെ കുരിശിനെ മുറുകെപ്പിടിച്ചു ചുംബിക്കാം. ആപ്പോള്‍ ലഭിക്കുന്ന ശക്തി അവന്റെ ആലിംഗനമായി നമ്മെ പൊതിയും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?