Follow Us On

27

December

2024

Friday

വിശുദ്ധിയുടെ വിളക്കുമാടം

റോയി അഗസ്റ്റിൻ, മസ്‌കറ്റ്

അടയാളങ്ങളും അത്ഭുതങ്ങളും രേഖപ്പെടുത്താതെ കടന്നുപോയ, സാധാരണ ജീവിതം കൊണ്ട്, അസാധാരണത്വത്തിന്റെ ഗിരിശൃംഗങ്ങളേറിയ, ആത്മാവു കൊണ്ട് ജീവിത ഗാഥ രചിച്ച വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ തിരുനാൾ ഇന്ന്‌ (ഓഗസ്റ്റ് 29).

വിശുദ്ധ ഏവുപ്രാസ്യാമ്മ. നാവു നിറയെ ജപങ്ങളും കൈ നിറയെ സുകൃതങ്ങളും മനസ്സുനിറയെ നന്മകളുമായി ഈ ഭൂമിയിലെ ജീവിതം സ്വാർത്ഥകമാക്കിയവൾ. നടന്നു പോയ വഴികളിലൊക്കെ പുണ്യം കൊളുത്തി നിശബ്ദയായി അവൾ കടന്നു പോയി. ഹെർമ്മോണിലെ മഞ്ഞു തുള്ളി പോലെ നിർമ്മലവും കർമ്മലിലെ ദേവദാരു പോലെ കരുത്തുറ്റതുമായിരുന്നു അവളുടെ ജീവിതം. പ്രാർത്ഥനയുടെ ഏകാന്ത തീരങ്ങളിലൂടെയായിരുന്നു എഴുപത്തഞ്ചു വർഷക്കാലം അവളുടെ യാത്ര..

തൃശൂരിനും സമീപ ജില്ലകൾക്കുമപ്പുറം ആരാലും അറിയപ്പെടാത്ത വ്യക്തിയായിരുന്നു സിസ്റ്റർ ഏവുപ്രാസ്യ. 1987ൽ ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ധന്യതയാർന്ന ആ ജീവിതത്തിന്റെ ജാലകങ്ങൾ പുറം ലോകത്തിനായി തുറക്കപ്പെട്ടത്. നീണ്ട ഒരു ജീവിത കഥ എഴുതാനുള്ളതിലും ഏറെ സുകൃതങ്ങൾ ഇവിടെ അവശേഷിപ്പിച്ചാണവൾ കടന്നു പോയതെങ്കിലും ആറോ ഏഴോ വാചകങ്ങളിലേക്കു ചുരുക്കാവുന്നത്ര ലളിതമായിരുന്നു ആ തപസ്വിനിയുടെ ജീവിതം. പൂർവ്വാശ്രമത്തിൽ കണ്ണിൽ വർണ്ണക്കിനാക്കളുമായി കഴിഞ്ഞുകൂടിയ നാടൻ പെൺകൊടി. പന്ത്രണ്ടാമത്തെ വയസ്സിൽ കൂനമ്മാവിലെ കർമ്മലീത്താ സന്യാസിനിമാരുടെ ബോർഡിംഗിൽ പഠിക്കാനെത്തിയ കൊച്ചു മിടുക്കി. പിന്നീട് അമ്പഴക്കാട് കർമ്മലീത്താ മഠത്തിലെ അന്തേവാസി. 1898ൽ സഭാവസ്ത്രം സ്വീകരിച്ച് സന്യാസജീവിതത്തിന്റെ ആവൃതിക്കുള്ളിൽ. ഒല്ലൂർ മഠം ആരംഭിച്ച 1900 മുതൽ 1952-ൽ മരിക്കുന്നതുവരെ നാടിനും നാട്ടുകാർക്കും പ്രിയപ്പെട്ട, ‘പ്രാർത്ഥിക്കുന്ന അമ്മ’യായി അവിടെ അജ്ഞാതവാസം.

മഹത് കാര്യങ്ങൾ ഈ ജീവിതത്തിൽ ചൂണ്ടിക്കാണിക്കാനില്ല. പുണ്യചരിതനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസസഭയുടെ സ്ഥാപകനും ബഹുമുഖ പ്രതിഭയും. സിസ്റ്റർ അൽഫോൻസ ശാരീരികവും ആന്തരികവുമായ പീഡാനുഭവങ്ങളുടെ നെരിപ്പോടിലൂടെ കടന്നുപോയ രക്തസാക്ഷി. മദർ മറിയം ത്രേസ്യ പഞ്ചക്ഷത ധാരിയും തിരക്കുടുംബ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയും. ഏവുപ്രാസ്യ ഇതൊന്നുമായിരുന്നില്ല. സാധാരണ ജീവിതത്തിൽ അസാധാരണത്വത്തിന്റെ സുഗന്ധം നിറക്കുകയും പ്രസരിപ്പിക്കുകയും ചെയ്തു എന്നതാണ് തേജസ്വിനിയായ ഈ കേരള പുത്രിയെ മഹത്വത്തിലേക്കുയർത്തുന്നത്.

ഉന്നത വിദ്യഭ്യാസമോ അസാമാന്യ ധീഷണാശക്തിയോ മേധാശേഷിയോ അവൾക്കുണ്ടായിരുന്നില്ല. ദൈവസന്നിധിയിൽ ധ്യാനത്തിൽ മുഴുകി ദിനരാത്രങ്ങളെ ചൈതന്യ ധന്യവും ഭക്തിപ്രഹർഷവുമാക്കിയ സാധാരണ ജീവിതം. സമകാലികരായ സന്യാസിനിമാരും നാട്ടുകാരും ഇക്കാര്യം ഒരേ പോലെ സാക്ഷ്യപ്പെടുത്തുന്നു.’സദാ പ്രാർത്ഥിക്കുന്ന സിസ്റ്റർ. മഠത്തിന്റെ മതിൽക്കെട്ടിനുള്ളിൽ സമർപ്പണത്തിന്റെ നാലുകെട്ടിലായിരുന്നപ്പോഴും അതിനപ്പുറത്തെ ലോകത്തിന്റെ നോവും നൊമ്പരവും അവർക്കന്യമായിരുന്നില്ല. വേദനിക്കുന്നവർക്ക് ആത്മീയ സാന്ത്വനം പകരാൻ വെമ്പുന്ന മാതൃഹൃദയമുണ്ടായിരുന്നു അവർക്ക്. പ്രാർത്ഥനയുടെ നീണ്ട യാമങ്ങളിൽ അവർ സ്വയം മറന്നിരുന്നു.’

മഠത്തിനുള്ളിലെ നിശബ്ദമായ ഇടനാഴികളും ആരാധനാലയത്തിന്റെ ചുവരുകളുമായിരുന്നു അവരുടെ ജീവിത വ്യാപാരത്തിന്റെ നാലതിരുകൾ. ക്ഷീണിച്ച ആ പദചലനം കേൾക്കാനും ശോഷിച്ച ആ കൈകളുടെ സ്പർശനം അനുഭവിക്കാനും അവിടെയൊക്കെ ഒളിച്ചും പതുങ്ങിയും നിന്നിരുന്നവർ ആ വിശുദ്ധിയുടെ നറുമണം അനുഭവിച്ചിരുന്നവരാണ്.

മിതഭാഷിണിയായ സിസ്റ്റർ എവുപ്രാസ്യ സ്‌നേഹത്തിന് ക്ഷമയുടെ പാഠഭേദമുണ്ടെന്നു പഠിപ്പിച്ചു. അവർ പറഞ്ഞു: ‘മറ്റൊരാളെ വേദനിപ്പിച്ചതായി നിങ്ങൾക്കു ബോധ്യമുണ്ടെങ്കിൽ ഉടൻ ആ വ്യക്തിയുടെ പാദം ചുംബിച്ച് ക്ഷമായാചനം നടത്തുക’. വികാരങ്ങളെ ജപതപ ധ്യാനങ്ങളാൽ വിമലീകരിച്ചെടുത്ത നിസ്സംഗമായ മനസിനേ സ്പർദ്ധയും പ്രതികാരവും നാട്ടുനടപ്പായ ഇക്കാലത്ത് ഇത്തരമൊരു തിരുത്തു നൽകാനാവൂ. ജീവിതം സ്‌നേഹത്തിന്റെയും ക്ഷമയുടെയും ത്യാഗത്തിന്റെയും സ്വരരാഗങ്ങൾ ചേർത്തുവെച്ച ഒരു ഭാവഗാനമാക്കിയെന്നതാണ് ഏവുപ്രാസ്യയുടെ വിശുദ്ധിയുടെ കാതൽ.

പ്രസ്ഥാനങ്ങളിലോ സംഘടനകളിലോ സാമൂഹ്യ സേവനങ്ങളിലോ അവളെ കണ്ടെത്താനാവില്ല. മനുഷ്യസഹജമായ ബലഹീനതകളും അവളുടെ ജീവിതത്തിന് അന്യമായിരുന്നില്ല. എങ്കിലും തികഞ്ഞ ആത്മസംയമനത്തിലൂടെ, അന്യൂനമായ ജീവിത വിശുദ്ധി അവളിൽ പരിലസിച്ചു. ആ വിശുദ്ധിയിൽ ചുവടുറപ്പിച്ച അവൾ പ്രാർത്ഥനാ പരിത്യാഗത്തിലൂടെ ദൈവസന്നിധിയിൽ സ്വയം എരിഞ്ഞു തീരുകയായിരുന്നു.

ദൈവത്തിൽ വിശ്വാസത്തിന്റെ മൂന്നാം കണ്ണുറപ്പിച്ചു കൊണ്ട്, ജീവിതലാളിത്യത്തിന് പുതിയ അടിക്കുറിപ്പെഴുതി, അവൾ.. എന്നാൽ എവുപ്രാസ്യ ആകുന്നതിനു മുമ്പ് അവൾ പലതുമായിരുന്നു. സുകൃത ജീവിതത്തിന്റെ വഴിയിൽ അനുഭവിച്ചു തീർത്ത ഒടുങ്ങാത്ത വേദന ചെറുപ്പം മുതലേ അവളെ ആശ്ലേഷിച്ചിരുന്നു.

1888 ഒക്ടോബർ 24. അന്നായിരുന്നു തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അവൾ കൂനമ്മാവിലെ കർമ്മലീത്ത ബോർഡിംഗിലെത്തിയത്. അവിടെയവൾ കഠിനരോഗബാധിതയായി. ഡോക്ടർമാർ കൈയ്യൊഴിഞ്ഞതിനാൽ അന്ത്യകൂദാശയും നൽകി. ഈ സന്ദർഭത്തിലാണ് അവളുടെ ജീവിതത്തിലെ ആദ്യത്തെ ദൈവീക ഇടപെടൽ ഉണ്ടാകുന്നത്. അവളുടെ അന്ത്യനിമിഷത്തിനായി കാത്തു നിന്നിരുന്ന കന്യാസ്ത്രീകളെയൊക്കെ അവൾ അത്ഭുത സ്തബ്ധരാക്കി…മുഖത്തിനു വല്ലാത്തൊരു മാറ്റം.. പതുക്കെ അതു വികസിച്ചു.. ആ കണ്ണുകളിലേക്ക് ദൈവീകമായൊരു ചൈതന്യം വന്നു നിറഞ്ഞു… ആരെയോ സ്വീകരിക്കാനെന്നവണ്ണം അവൾ കൈകൾ നീട്ടി… എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടവൾ എണീറ്റിരുന്നു… എന്താണ് സംഭവിച്ചതെന്നുള്ള മഠാധിപ സിസ്റ്റർ ആഗ്‌നസിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് അവളുടെ മറുപടി ഇതായിരുന്നു: ‘തിരുകുടുംബം എനിക്കു ദർശനം നൽകി. ഞാനൊരു കന്യാസ്ത്രീയായി അനേക വർഷങ്ങൾ സഭയിൽ ജീവിച്ചതിനു ശേഷമേ മരിക്കുകയുള്ളൂ എന്നവർ പറഞ്ഞു ‘ 75 വർഷം ദീർഘിച്ച ജീവിതത്തിൽ ഇത്തരത്തിലുളള ധാരാളം അലൗകിക അനുഭവങ്ങൾ ഏവുപ്രാസാമ്മക്ക് ഉണ്ടായിട്ടുണ്ട്.

വേദനയുടെയും പരീക്ഷകളുടെയും നീണ്ട പാതയിലൂടെ അവൾക്കു നടക്കേണ്ടതായി വന്നു, ജീവിതത്തിലുടനീളം. ആന്തരീക സംഘർഷങ്ങളും ആത്മീയപീഢകളും ശാരീരിക അസ്വാസ്ത്യങ്ങളും അവളെ തകർക്കാനെത്തി. രാത്രിയുടെ ഏകാന്തതകളിൽ അന്ധകാരശക്തികൾ അവൾക്കു ചുറ്റും മുടിയഴിച്ചാടി. തിന്മയുടെയും പ്രലോഭനങ്ങളുടെയും അട്ടഹാസങ്ങളിൽ ഭയന്നവശയായ അവൾ ക്രൂശിതരൂപം നെഞ്ചോടു ചേർത്തു. പരിശുദ്ധ മറിയത്തിന്റെ രൂപത്തിനു മുന്നിൽ മുട്ടുകുത്തി അവൾ വാവിട്ട കരഞ്ഞു, പ്രാർത്ഥിച്ചു, ശക്തിക്കായി. ഒടുവിൽ അവൾ വിജയിച്ചു.” ആകാശം ഇടിഞ്ഞു വീണു കൊള്ളട്ടെ, ഞാൻ പിടിച്ചു നിൽക്കാം… എന്റെ ഈശോയിൽ നിന്ന്, എന്റെ മാതാവിൽ നിന്ന് എന്നെ പിടിച്ചു മാറ്റുവാൻ ഒരു ശക്തിക്കും കഴിയില്ലെന്നവൾ പ്രഖ്യാപിച്ചു ‘

1900 മെയ് 24ന് ഒല്ലൂരിൽ പുതിയൊരു മഠവും വിദ്യാലയവും തുടങ്ങിയപ്പോൾ ഏവുപ്രാസ്യമ്മ പിന്നീടുള്ള കാലത്ത് ഏതാനും മാസം മണലൂരിൽ താമസിച്ചതൊഴിച്ചാൽ അരനൂറ്റാണ്ടുകാലം അവർ ജീവിച്ചത് ഒല്ലൂരിലാണ്. 1952 ഓഗസ്റ്റ് 29ന് രാത്രി 8.40നായിരുന്നു അമ്മയുടെ അന്ത്യം. 1963ൽ നാമകരണ പ്രാർത്ഥനക്ക് അനുമതി ലഭിച്ചു. 1987 ൽ നാമകരണ നടപടികൾ ആരംഭിച്ചു. 2002ൽ ധന്യയായും 2006ൽ വാഴ്ത്തപ്പെട്ടവളായും 2014ൽ വിശുദ്ധപദവിയിലേക്കും അവൾ പ്രതിഷ്ടിക്കപ്പെട്ടു.

മഹത്വത്തിന്റെ ദേവാംഗണത്തിൽ എത്തിയ പ്രതീതിയാണ് സിസ്റ്റർ എവുപ്രാസിയയുടെ കബറിടത്തിൽ നിൽക്കുമ്പോഴുള്ളത്. നിശബ്ദത പോലും വാചാലമാകുന്ന അഭൗമികതയുടെ മൃദു തലോടൽ നമ്മെ തഴുകാൻ കാത്തു നിൽക്കുന്നതുപോലെ… അമ്പതു വർഷക്കാലം പ്രാർത്ഥനയുടെ ഏകാന്തയാമങ്ങൾ അവൾ ചിലവഴിച്ചത് ഈ ദേവാലയത്തിലാണ്.

മനസ്സിങ്ങനെ ഓർമ്മിപ്പിക്കുന്നു,
ഇരുപതു നൂറ്റാണ്ടുകളുടെ മുഴുചരിത്രം പേറി നിൽക്കുന്ന കത്തോലിക്കാ സഭയിൽ ധീരരായ രക്തസാക്ഷികളുടെയും ഋഷി തുല്യരായ വേദപാരംഗതരുടെയും ജ്ഞാനികളായ മഹാമനീഷികളുടെയും ഗണത്തിലേക്ക് മലയാളത്തിന്റെ പുണ്യപ്പെട്ട മണ്ണിൽ നിന്ന് അബലയായ ഈ സ്ത്രീയും; നമുക്ക് ശിരസ്സുയർത്തി നോക്കാൻ വിശുദ്ധിയുടെ വെൺപട്ടണിഞ്ഞ ഒരു വിളക്കുമാടം കൂടി…

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?